രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യ സേനയുടെ ഭാഗമായ രാജ്യങ്ങളുടെ സൈനിക മേധാവികൾക്കായുള്ള കോൺക്ലേവിൽ പങ്കെടുക്കുന്ന സേനാ മേധാവികൾ/ഉപ മേധാവികൾ രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 16 OCT 2025 4:41PM by PIB Thiruvananthpuram
ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യത്തിനായി സൈനികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിലെ സേനാമേധാവിമാരുടെ കോൺക്ലേവിൽ പങ്കെടുക്കുന്ന കരസേനാ മേധാവികൾ/ ഉപ മേധാവികൾ അവരുടെ ജീവിതപങ്കാളികൾക്കൊപ്പം ഇന്ന് (16 ഒക്ടോബർ 2025) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.

അതത് രാജ്യങ്ങളുടെ മികച്ച മൂല്യങ്ങളുടെയും ധാർമ്മികതയുടെയും പ്രൗഢ പ്രതിനിധികളാണ് അവരെന്ന് സന്ദർശന സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. സുസ്ഥിര സമാധാനത്തിനും പുരോഗതിക്കും വേണ്ടി അതാത് രാഷ്ട്രങ്ങളുടെ അനുഭവ സമ്പത്ത്, വൈദഗ്ദ്ധ്യം, ദൃഢനിശ്ചയം എന്നിവയെ അവർ ഒരുമിച്ച് കൊണ്ടുവരുന്നു.

ലോകമെമ്പാടുമുള്ള 71 വ്യത്യസ്ത ദൗത്യങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നിരപരാധികളായ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരുടെ ദുരിത ലഘൂകരണം എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യങ്ങൾ നടക്കുന്നതെന്ന് അവർ പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലായി വിദൂര കോണുകളിൽ വിന്യസിച്ചിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങൾ അസാമാന്യ ധൈര്യവും അനുകമ്പയും പ്രകടിപ്പിച്ചിട്ടുണ്ട്.

ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ, ബഹുരാഷ്ട്രവാദത്തിലും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ തത്വങ്ങൾ പാലിക്കുന്നതിലും ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സമാധാന സേന സ്ഥാപിതമായതു മുതൽ തന്നെ അതിൽ ഉറച്ചുനിൽക്കുന്ന ഒരു രാജ്യമാണെന്നതിൽ ഇന്ത്യ അഭിമാനിക്കുന്നു. ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചില പ്രവർത്തനങ്ങളിൽ നമ്മുടെ സമാധാന സേനാംഗങ്ങൾ മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമാധാന സേനയിലെ ലിംഗപരമായ ഉൾപ്പെടുത്തലിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. വനിതാ സമാധാന സേനാംഗങ്ങൾ പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുകയും അവരിൽ വിശ്വാസം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് രാഷ്ട്രപതി എടുത്തുപറഞ്ഞു

സമാധാനപാലനത്തിന് ധീരരായ സ്ത്രീ- പുരുഷന്മാരെ സംഭാവന ചെയ്യുന്ന രാഷ്ട്രങ്ങൾ എന്ന നിലയിൽ, സൈനികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ ശബ്ദം ഉയർത്താൻ കഴിയുന്ന വിധത്തിലുള്ള ചട്ടക്കൂടുകൾക്കായി നാം കൂട്ടായി പരിശ്രമിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രാദേശിക പങ്കാളികളുമായി കൂടുതൽ സജീവമായ ഇടപെടലിനായി നാം പ്രവർത്തിക്കണം. സമാധാനം നിർബന്ധിതമായി നടപ്പിലാക്കുന്നതിനുപകരം പങ്കാളിത്ത പ്രക്രിയകളിലൂടെ പരിപോഷിപ്പിക്കപ്പെടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഇത് സഹായിക്കും.

ഐക്യരാഷ്ട്രസഭയ്ക്കായി സൈനികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളുടെ സൈനിക മേധാവികളുടെ കോൺക്ലേവും സമാനമായ ലക്ഷ്യത്തോടെയുള്ള മറ്റ് പരിപാടികളും പുതിയ ആശയങ്ങൾ, ഗാഢമായ സഹകരണം, ദൃഢമായ സൗഹൃദങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓരോ കുട്ടിയും സുരക്ഷിതമായി ഉറങ്ങുകയും, ഓരോ സമൂഹവും ഒരുമയോടെ പുരോഗതി പ്രാപിക്കുകയും സംഘർഷങ്ങൾ ചരിത്രതാളുകളായി അസ്തമിക്കുകയും ചെയ്യുന്ന ഒരു ലോകത്തെ പ്രാപ്തമാക്കുന്നതിന് സമാധാനത്തിന്റെ സംരക്ഷകരെന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു .
 
LPSS
******************

(Release ID: 2180007) Visitor Counter : 8