ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

'പിടികിട്ടാപ്പുള്ളികളെ കൈമാറുന്നതിലെ വെല്ലുവിളികളും തന്ത്രങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ നാളെ ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും

Posted On: 15 OCT 2025 5:58PM by PIB Thiruvananthpuram



'പിടികിട്ടാപ്പുള്ളികളെ കൈമാറുന്നതിലെ  വെല്ലുവിളികളും തന്ത്രങ്ങളും' എന്ന വിഷയത്തില്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന സമ്മേളനം 2025 ഒക്ടോബര്‍ 16 വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ആണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് കടന്നവരെ കണ്ടെത്തുന്നതിലെ അന്താരാഷ്ട്ര പൊലീസ് സഹകരണം, അവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് നിയമ നടപടികള്‍ക്ക് വിധേയരാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഏകോപനം എന്നീ വിഷയങ്ങള്‍ വിവിധ കേന്ദ്ര, സംസ്ഥാന പൊലീസ് ഏജന്‍സികളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സമ്മേളനം ചര്‍ച്ച ചെയ്യും.   വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയടക്കം വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സമ്മേളനത്തില്‍ പങ്കെടുക്കും.

വിദേശ രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കാന്‍ ലഭ്യമായ ഔദ്യോഗികവും അനൗദ്യോഗികവുമായ മാര്‍ഗങ്ങളുടെ  ഫലപ്രദമായ ഉപയോഗം, പലായനം ചെയ്യുന്ന കുറ്റവാളികളെ കണ്ടെത്താന്‍ സാങ്കേതികവിദ്യയുടെ ഉപയോഗം, പിടികിട്ടാപ്പുള്ളികളെ കൈമാറ്റം ചെയ്യുന്നതിലെ തന്ത്രപരമായ സമീപനം,  അന്വേഷണം നേരിടുന്ന കുറ്റവാളികളുടെ സാമ്പത്തിക വിവരങ്ങളുടെ വിശകലനം എന്നിവയടക്കം നിരവധി വിഷയങ്ങള്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.   മയക്കുമരുന്ന്, ഭീകരവാദം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയിലേര്‍പ്പെട്ട കുറ്റവാളികളില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും.  

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര കുറ്റാന്വേഷണങ്ങളില്‍ ഇന്ത്യ പുതുയുഗത്തിലേക്ക് കടക്കുകയാണ്.  വിദേശത്ത് കഴിയുന്ന കുറ്റവാളികളെ തിരികെ കൊണ്ടുവരുന്നതിന് ഏകോപിത സമീപനം ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ കഴിഞ്ഞ ജൂലൈയില്‍ നിര്‍ദേശിച്ചിരുന്നു. ഈ ലക്ഷ്യത്തോടെയാണ് നിയമപരവും നയതന്ത്രപരവുമായ അനുയോജ്യ മാര്‍ഗങ്ങളിലൂടെ പിടികിട്ടാപ്പുള്ളികളെ സമയബന്ധിതമായി തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സിബിഐ ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.  

ഇന്ത്യന്‍ കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് വിവിധ വിദേശ രാജ്യങ്ങളിലായി 300ലധികം അപേക്ഷകള്‍  നിലവിലുണ്ട്.  നടപടികളിലെ കാലതാമസവും കൈമാറ്റ ശ്രമങ്ങളെ തടസപ്പെടുത്താന്‍ കുറ്റവാളികള്‍  വിവിധ വഴികള്‍ തേടുന്നതും  ആശങ്കയായി നിലനില്‍ക്കുന്നു. സംഘടിത കുറ്റവാളികളുമായി ബന്ധമുള്ള പലരും ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യുകയും വിദേശത്ത് താമസിച്ച് കുറ്റകൃത്യങ്ങള്‍  തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ട്.  ഈ പിടികിട്ടാപ്പുള്ളികളെ  പെട്ടെന്ന് കൈമാറുന്നതിന് രൂപരേഖ തയ്യാറാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച്  നിയമ നിര്‍വഹണ ഏജന്‍സികളും വിദഗ്ധരും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

 

സിബിഐ വികസിപ്പിച്ച ' ഭാരത്‌പോള്‍ ' പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു. ജില്ലാ പൊലീസ് കേന്ദ്രങ്ങളെയും സംസ്ഥാന പൊലീസിനെയും  കേന്ദ്ര നിയമ നിര്‍വഹണ ഏജന്‍സികളെയും  സിബിഐയെയും  ഒരു കുടക്കീഴില്‍  കൊണ്ടുവന്ന ഈ പോര്‍ട്ടല്‍ വിവരങ്ങളുടെ സുഗമമായ പ്രവാഹം ഉറപ്പാക്കുന്നു.  ഈ ദിശയില്‍ ഭാവി ശ്രമങ്ങള്‍ക്ക് തന്ത്രങ്ങള്‍ മെനയാന്‍ സഹായിക്കുന്ന പുതിയ ഉള്‍ക്കാഴ്ചകളും കാഴ്ചപ്പാടുകളും നല്‍കുന്നതിന് സമ്മേളനത്തിലെ ചര്‍ച്ചകളും ആശയവിനിമയങ്ങളും  വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
*****

(Release ID: 2179606) Visitor Counter : 8