രാസവസ്തു, രാസവളം മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയും സൗദി അറേബ്യയും രാസവസ്തുക്കൾ, പെട്രോകെമിക്കൽസ് മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നു

Posted On: 15 OCT 2025 9:23AM by PIB Thiruvananthpuram


കേന്ദ്ര രാസവസ്തു - രാസവള മന്ത്രാലയത്തിനു കീഴിലുള്ള  കെമിക്കൽസ് & പെട്രോകെമിക്കൽസ് വകുപ്പും   സൗദി അറേബ്യയിലെ വ്യവസായ- ധാതു മന്ത്രാലയവും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടന്നു. ഇന്ത്യൻ സംഘത്തെ കെമിക്കൽസ് & പെട്രോകെമിക്കൽസ് വകുപ്പ് സെക്രട്ടറി ശ്രീമതി നിവേദിത ശുക്ല വർമ്മ നയിച്ചു. വ്യവസായ- ധാതു ഉപമന്ത്രി H.E ഖലീൽ ബിൻ ഇബ്രാഹിം ബിൻ സലാമയാണ് സൗദി പ്രതിനിധി സംഘത്തെ നയിച്ചത്.

സൗദി അറേബ്യ, ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. ഇന്ത്യ, സൗദി അറേബ്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ്. 2024–25 ൽ ഇരു രാജ്യങ്ങളുടേയു൦ ഉഭയകക്ഷി വ്യാപാരം 41.88 ബില്യൺ അമേരിക്കൻ ഡോളറിലെത്തി, അതിൽ രാസവസ്തുക്കളും പെട്രോകെമിക്കലുകളും 10% സംഭാവന ചെയ്യുന്നു, അതായത് ഏകദേശം 4.5 ബില്യൺ അമേരിക്കൻ ഡോളർ.

ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുക, നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക, രാസവസ്തുക്കൾ, പെട്രോകെമിക്കൽസ് മേഖലകളിൽ സഹകരണത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്തുക എന്നിവയെ  കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.

 പെട്രോളിയം രാസവസ്തുക്കൾ സൗദി അറേബ്യയുടെ ശക്തിയും, സവിശേഷ രാസവസ്തുക്കൾ ഇന്ത്യയുടെ ശക്തിയും ആയതിനാൽ, ഇരു രാജ്യങ്ങളുടെയും രാസവസ്തു- പെട്രോകെമിക്കൽസ് മേഖലയെ പരസ്പര പൂരകങ്ങളായി ഇരുപക്ഷവും അംഗീകരിച്ചു. ഇരു കക്ഷികളും തമ്മിലുള്ള സമന്വയം പ്രയോജനപ്പെടുത്തുന്നതിന് സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായി.

ഇന്ത്യയിലെ പെട്രോളിയം, കെമിക്കൽ, പെട്രോകെമിക്കൽ നിക്ഷേപ മേഖലകളിലെ (PCPIRs) നിക്ഷേപങ്ങൾ ഉൾപ്പെടെ ഇവയുടെ മൂല്യ ശൃംഖലയിലുടനീളം സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും, ഇരു രാജ്യങ്ങളിലെയും പ്രധാന കമ്പനികൾ തമ്മിലുള്ള പങ്കാളിത്ത സാധ്യതകളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. ഗവേഷണവും വികസനവും, നൈപുണ്യ വികസനം എന്നീ മേഖലകളിൽ സഹകരിച്ച്‌ പ്രവർത്തിക്കാനും  ധാരണയായി.

രാസവസ്തു, പെട്രോകെമിക്കൽ  മേഖലയിൽ സുസ്ഥിരവും പരസ്പര൦ പ്രയോജനപ്രദവുമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
 
SKY
 
*******

(Release ID: 2179271) Visitor Counter : 9