വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFI) മാധ്യമ അക്രഡിറ്റേഷൻ ആരംഭിച്ചു
Posted On:
14 OCT 2025 6:25PM by PIB Thiruvananthpuram
ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ എഫ് എഫ് ഐ) 56-ാം പതിപ്പ് 2025 നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനാജിയിൽ നടക്കും. ഓരോ വർഷവും ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഒത്തുചേരുന്ന 45,000-ത്തിലധികം സിനിമാ പ്രേമികളും ചലച്ചിത്രരംഗത്തെ വിദഗ്ധരും ആഗോള ചലച്ചിത്ര മികവിൻ്റെ ആഘോഷവേദിയായ മേളയില്‍ സിനിമയുടെ മാസ്മരികതയിൽ സ്വയം ലയിച്ച് അസ്മരണീയ ഓർമകൾ സൃഷ്ടിക്കുന്നു.
നിങ്ങൾ ഒരു മാധ്യമപ്രവർത്തകനാണോ? എങ്കിൽ മാധ്യമ പ്രതിനിധിയായി രജിസ്റ്റർ ചെയ്ത് ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേള റിപ്പോർട്ട് ചെയ്യാം. https://accreditation.pib.gov.in/eventregistration/login.aspx എന്ന ഔദ്യോഗിക പോർട്ടൽ വഴി മാധ്യമ അക്രഡിറ്റേഷനായി 2025 നവംബർ 5 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
അക്രഡിറ്റേഷന്‍ നേടുന്ന മാധ്യമപ്രവർത്തകർക്ക് ചലച്ചിത്ര പ്രദർശനങ്ങളിലും പാനൽ ചർച്ചകളിലും ചലച്ചിത്ര പ്രവർത്തകരുമായി സംവദിക്കാനായി സജ്ജീകരിക്കുന്ന സവിശേഷ പരിപാടികളിലും പ്രത്യേക പ്രവേശനം ലഭിക്കും. കൂടാതെ അക്രഡിറ്റേഷൻ ലഭിച്ച മാധ്യമപ്രവർത്തകർക്ക് ചലച്ചിത്രാസ്വാദനം മെച്ചപ്പെടുത്തുന്നതിനായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ് ടി ഐ ഐ) 2025 നവംബർ 18-ന് പ്രത്യേക ചലച്ചിത്രാസ്വാദന പരിശീലനം സംഘടിപ്പിക്കും. മുന്‍ പതിപ്പുകളില്‍ ഈ പരിശീലനത്തില്‍ പങ്കെടുക്കാൻ സാധിക്കാത്ത മാധ്യമപ്രവർത്തകർക്ക് മുൻഗണന നൽകും.
ലോകമെങ്ങുമുള്ള വൈവിധ്യമാര്‍ന്ന ചലച്ചിത്ര മേഖലകളെ ഒരുമിപ്പിക്കുന്ന സുപ്രധാന പരിപാടിയാണ് ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയെന്നും അഭിമാനകരമായ ഈ ഉത്സവം സമഗ്രമായി റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സുഗമമായ അക്രഡിറ്റേഷൻ നടപടിക്രമങ്ങളൊരുക്കാന്‍ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രതിജ്ഞാബദ്ധമാണെന്നും പിഐബി പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ധീരേന്ദ്ര ഓജ വ്യക്തമാക്കി.
മാധ്യമ പ്രതിനിധികൾ അവരുടെ അപേക്ഷകൾക്ക് തിരിച്ചറിയൽ രേഖയും ജോലിസംബന്ധമായ രേഖകളും ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം സമർപ്പിക്കേണ്ടതാണ്. യോഗ്യതയും ആവശ്യമായ രേഖകളും സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് അക്രഡിറ്റേഷൻ പോർട്ടലിലെ നയ മാർഗനിർദേശങ്ങൾ പരിശോധിക്കാവുന്നതാണ്.
മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കും സംശയനിവാരണത്തിനും iffi.mediadesk@pib.gov.in എന്ന പിഐബി സപ്പോർട്ട് ഡെസ്‌കുമായി ബന്ധപ്പെടാം.
നയന മനോഹരമായ പനാജി നഗരം ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയ്ക്കായി ഒരുക്കുന്ന മനോഹര പശ്ചാത്തലം രാജ്യത്തിൻ്റെ സമ്പന്ന ചലച്ചിത്ര പൈതൃകത്തെ പ്രോത്സാഹിപ്പിക്കുകയും സിനിമാ ലോകത്ത് അന്താരാഷ്ട്ര സഹകരണം വളർത്തുകയും ചെയ്യുന്നു.
പ്രധാന വിവരങ്ങൾ:
അക്രഡിറ്റേഷൻ പോർട്ടൽ ലഭ്യമാകുന്ന തീയതി: 2025 ഒക്ടോബർ 15 മുതൽ നവംബർ 5 വരെ
ചലച്ചിത്രമേളയുടെ തീയതി: 2025 നവംബർ 20 മുതൽ 28 വരെ
ചലച്ചിത്രാസ്വാദന പരിശീലന തീയതി: 2025 നവംബർ 18
വേദി: പനാജി, ഗോവ
അക്രഡിറ്റേഷൻ പോർട്ടൽ: https://accreditation.pib.gov.in/eventregistration/login.aspx
സഹായങ്ങള്‍ക്ക് ഇ-മെയിൽ: iffi.mediadesk@pib.gov.in
ഏഷ്യയിലെ ഈ മുൻനിര ചലച്ചിത്രോത്സവത്തിൽ നിങ്ങളുടെ സ്ഥാനമുറപ്പിക്കാൻ ഉടൻ അപേക്ഷിക്കൂ. ക്യാമറയ്ക്ക് പിന്നിലെ കഥകൾ നേരിട്ടനുഭവിക്കാനും ആഗോള ചലച്ചിത്ര പ്രവർത്തകരുടെയും പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന മഹോത്സവത്തിൻ്റെ ഭാഗമാകാനും അവസരം നേടൂ.

***
(Release ID: 2179180)
Visitor Counter : 16