രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസത്തിനായി ഇന്ത്യൻ സൈനികസംഘം ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടു

Posted On: 12 OCT 2025 1:48PM by PIB Thiruvananthpuram

2025 ഒക്ടോബർ 13 മുതൽ 26 വരെ ഓസ്ട്രേലിയയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസം 'ഓസ്‌ട്രാഹിന്ദ് 2025'-ന്റെ നാലാം പതിപ്പിൽ പങ്കെടുക്കാന്‍ 120 സൈനികരടങ്ങുന്ന ഇന്ത്യൻ കരസേനാ സംഘം ഇന്നലെ  പെർത്തിലെ ഇർവിൻ ബാരക്സിലേക്ക് യാത്രതിരിച്ചു.

ഗോർഖ റൈഫിൾസ് ബറ്റാലിയനാണ്  ഇന്ത്യൻ സൈനിക സംഘത്തെ നയിക്കുന്നത്.  വിവിധ സേനാ വിഭാഗങ്ങളിലെ സൈനികരും സംഘത്തിലുണ്ട്.

സൈനിക സഹകരണം വർധിപ്പിക്കുക,  പരസ്പര പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുക, നഗര/അർധനഗര പ്രദേശങ്ങളിലെ പരമ്പരാഗതമല്ലാത്ത യുദ്ധമുറകളിലെ തന്ത്രങ്ങൾ, സാങ്കേതിക വിദ്യകൾ, നടപടിക്രമങ്ങൾ എന്നിവ കൈമാറുന്നതിന് ഇരു സൈന്യങ്ങൾക്കും  വേദിയൊരുക്കുക എന്നിവയാണ് വാർഷികാഭ്യാസമായ ഓസ്‌ട്രാഹിന്ദ് 2025 -ന്റെ ലക്ഷ്യം.

തുറന്ന പ്രദേശങ്ങളിലും അർധ-മരുഭൂമി മേഖലകളിലും സംയുക്ത കമ്പനി തല സൈനിക നീക്കങ്ങളില്‍  പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന  ഈ അഭ്യാസത്തിന്റെ ഭാഗമായി സംയുക്ത ആസൂത്രണം, തന്ത്രപരമായ അഭ്യാസങ്ങൾ, പ്രത്യേക ആയുധ വൈദഗ്ധ്യം എന്നിവയുമായി ബന്ധപ്പെട്ട ദൗത്യങ്ങൾ സൈനികർ ഏറ്റെടുക്കും. പ്രവർത്തന ശേഷി മെച്ചപ്പെടുത്താനും വളർന്നുവരുന്ന സാങ്കേതികവിദ്യകൾ സംയോജിപ്പിക്കാനും  യുദ്ധ സാഹചര്യത്തിൽ സംയുക്തമായി പ്രവർത്തിക്കാനും അഭ്യാസം  വിലപ്പെട്ട അവസരമൊരുക്കും.  

ഓസ്‌ട്രാഹിന്ദ് 2025 അഭ്യാസത്തിലെ പങ്കാളിത്തം ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സൈനികതല പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും സൗഹൃദം വളർത്തുകയും ചെയ്യുന്നതിലൂടെ  സഹകരണത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും മനോഭാവത്തിന് കരുത്തേകും.  

SKY

 

***


(Release ID: 2178356) Visitor Counter : 9