വിദ്യാഭ്യാസ മന്ത്രാലയം
വിദ്യാഭ്യാസം സുഗമമാക്കുന്നതിനുള്ള ഡിജിറ്റൽ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി സ്ക്കൂൾ ഫീസ് അടയ്ക്കാൻ UPI ഉപയോഗപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയം
Posted On:
11 OCT 2025 4:15PM by PIB Thiruvananthpuram
ജീവിതം സുഗമമാക്കുന്നതും സ്ക്കൂൾ വിദ്യാഭ്യാസം അനായാസമാക്കുന്നതും ലക്ഷ്യമിട്ട് നിയമനിർമ്മാണപരവും നയപരവും സ്ഥാപനപരവുമായ പരിഷ്‌ക്കാരങ്ങളും വിവിധങ്ങളായ സംരംഭങ്ങളും മേഖലാ ഭേദമന്യേ ഇന്ത്യാ ഗവൺമെൻ്റ് സ്വീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്ക്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബന്ധപ്പെട്ടവർക്കും അയച്ച കത്തിൽ, ഇതാദ്യമായി, ഭരണനിർവ്വഹണ പ്രക്രിയകൾ, പ്രത്യേകിച്ച് സ്ക്കൂളുകളിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ആധുനീകരിക്കുന്നതിലൂടെ സ്ക്കൂൾ വിദ്യാഭ്യാസം സുഗമമാക്കുന്നതിന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും (UTs) ഏകീകൃത പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ഊന്നൽ നൽകുന്നു.
ഏകീകൃത പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI), മൊബൈൽ വാലറ്റുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകളുടെ ഗണ്യമായ വ്യാപനം പ്രയോജനപ്പെടുത്തി, സുരക്ഷിതവും സുതാര്യവുമായ ഡിജിറ്റൽ സംവിധാനങ്ങൾ മുഖേന പ്രവേശന ഫീസ്, പരീക്ഷാ ഫീസ് എന്നിവ ശേഖരിക്കാൻ സ്ക്കൂളുകളെ പ്രാപ്തമാക്കുന്ന സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യാനും നടപ്പിലാക്കാനും സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും (UTs) മന്ത്രാലയത്തിന് കീഴിലുള്ള NCERT, CBSE, KVS, NVS പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളെയും വകുപ്പ് പ്രോത്സാഹിപ്പിക്കുന്നു.
പണമിടപാടുകൾ ഡിജിറ്റൽ പേയ്‌മെൻ്റുകളിലേക്ക് മാറുന്നത് മൂലം ഒട്ടേറെ ഗുണങ്ങളുണ്ടെന്ന് കത്തിൽ പരാമർശിക്കുന്നു. സൗകര്യം, സുതാര്യത, സ്ക്കൂളുകളിൽ പോകാതെ, വീട്ടിലിരുന്ന് പണമിടപാടുകൾ നടത്താനുള്ള സാധ്യത എന്നിവ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഈ സംവിധാനത്തിലൂടെ ലഭിക്കുന്നു
സമാനമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത്, സ്ക്കൂളുകളിലെ ഡിജിറ്റൽ പേയ്‌മെൻ്റുകളിലേക്കുള്ള പരിവർത്തനം സർക്കാരിൻ്റെ വിശാല ലക്ഷ്യമായ ഡിജിറ്റൽ പരിവർത്തനവുമായി വിദ്യാഭ്യാസ ഭരണനിർവ്വഹണത്തെ സമന്വയിപ്പിക്കുന്നതിലെ ഒരു പ്രധാന ചുവടുവയ്പ്പായിരിക്കുമെന്ന് വകുപ്പ് അറിയിച്ചു. ഇത് ബന്ധപ്പെട്ട എല്ലാവരെയും സാമ്പത്തിക സാക്ഷരരാക്കാനും തദ്വാരാ ഡിജിറ്റൽ ഇടപാടുകളുടെ വിശാല ലോകം തുറന്നു നൽകാനും സഹായിക്കും. 2047 ഓടെ ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതും, സാർവത്രികവും, പൗരകേന്ദ്രീകൃതവുമായ വിദ്യാഭ്യാസ സമ്പ്രദായം എന്ന വികസിത ഭാരതത്തിൻ്റെ ദർശനം സാക്ഷാത്കരിക്കുന്നതിന് ഈ സംരംഭം ഗണ്യമായി സംഭാവനകൾ നൽകും.
*****
(Release ID: 2177844)
Visitor Counter : 13