രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഗുജറാത്തിൽ; സോമനാഥ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി; ഗിർ ദേശീയോദ്യാനം സന്ദർശിച്ചു; തദ്ദേശീയ ഗോത്ര ജനങ്ങളുമായി സംവദിച്ചു

Posted On: 10 OCT 2025 9:33PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 ഒക്ടോബർ 10ന്  ഗുജറാത്ത് സന്ദർശിച്ചു.

രാഷ്ട്രപതി സോമനാഥ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി. പിന്നീട് ക്ഷേത്രത്തിനടുത്തുള്ള സർദാർ വല്ലഭായ് പട്ടേലിൻ്റെ പ്രതിമയിൽ രാഷ്ട്രപതി പുഷ്പാർച്ചന നടത്തി.

പിന്നീട്, രാഷ്ട്രപതി ഗിർ ദേശീയോദ്യാനം സന്ദർശിക്കുകയും സാസൻ ഗിറിലെ പ്രാദേശിക ഗോത്ര ജനങ്ങളുമായി സംവദിക്കുകയും ചെയ്തു.

ജീവിതത്തിൽ അഭിവൃദ്ധി കൈവരിക്കാൻ ഗോത്രവർഗക്കാർക്ക്  നിരവധി മാർഗ്ഗങ്ങൾ ഉണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. കുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാൻ രാഷ്ട്രപതി അവരോട് ആവശ്യപ്പെട്ടു. പ്രാക്തന ഗോത്ര വിഭാഗമായ സിദ്ധി ഗോത്ര സമൂഹത്തിൽ 72 ശതമാനത്തിലധികം സാക്ഷരതാ നിരക്ക് ഉണ്ടെന്നതിൽ അവർ സന്തുഷ്ടി പ്രകടിപ്പിച്ചു.

ഗോത്ര ജനതയുടെ ക്ഷേമത്തിനായി കേന്ദ്ര ഗവൺമെൻ്റ് വിവിധ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വികസന, ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും അവയിൽ നിന്ന് പ്രയോജനം നേടാനും അവരുടെ ഗ്രാമത്തിലെയും സമൂഹത്തിലെയും ജനങ്ങളെ ആ പദ്ധതികളെക്കുറിച്ച് അറിയിക്കാനും രാഷ്ട്രപതി അഭ്യർത്ഥിച്ചു.

 

ഗോത്ര സമൂഹത്തിൻ്റെ പ്രകൃതി സൗഹൃദപരമായ ജീവിതശൈലി ഏവർക്കും പ്രചോദനത്തിൻ്റെ ഉറവിടമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

നമ്മുടെ ഗോത്ര സഹോദരീ സഹോദരന്മാരുടെ സജീവ പങ്കാളിത്തത്തോടെ, സമത്വം, നീതി, ആദരം എന്നിവയുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഗോത്ര സമൂഹത്തിൻ്റെ സംസ്കാരവും പാരമ്പര്യവും ഒപ്പം അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹവും രാജ്യവും സൃഷ്ടിക്കാനും ഗവണ്മെൻ്റ്  പ്രവർത്തിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. 2047 ആകുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിന് ഇത് നിർണായകമാണെന്നും രാഷ്ട്രപതി പറഞ്ഞു.

****


(Release ID: 2177721) Visitor Counter : 4