വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025’നെ അഭിസംബോധന ചെയ്തു

प्रविष्टि तिथि: 08 OCT 2025 3:08PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹി‌യിൽ ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം-മാധ്യമ-സാങ്കേതികവിദ്യ പരിപാടിയായ ‘ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2025’ന്റെ 9-ാം പതിപ്പ് ഉദ്ഘാടനം ചെയ്തു. ക്വാണ്ടം കമ്മ്യൂണിക്കേഷൻ, 6 ജി, സാമ്പത്തിക തട്ടിപ്പു തടയൽ തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ നടത്തിയ പ്രധാന കണ്ടുപിടിത്തങ്ങൾ ഉയർത്തിക്കാട്ടി, സാങ്കേതികമേഖലയിലെ ഇന്ത്യയുടെ പുരോഗതിയെ അദ്ദേഹം പ്രകീർത്തിച്ചു. ടെലികോം ടെക്നോളജി ഡെവലപ്മെന്റ് ഫണ്ട് പോലുള്ള സംരംഭങ്ങളിലൂടെ ഗവണ്മെന്റ് നൽകുന്ന പിന്തുണ ഈ പുരോഗതിയിൽ നിർണായകമായതായി പ്രധാനമന്ത്രി വ്യക്തമാക്കി. 2014 മുതൽ ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിൽ ആറ് മടങ്ങ് വളർച്ചയും മൊബൈൽ ഉൽപ്പാദനത്തിൽ 28 മടങ്ങ് വർദ്ധനയും കൈവരിച്ചു. ടെലികോം മേഖലയിലെ ഇന്ത്യയുടെ ഈ വിജയം സ്വയംപര്യാപ്ത ഇന്ത്യയെന്ന കാഴ്ചപ്പാടിന്റെ കരുത്തിനെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മെയ്ഡ്-ഇൻ-ഇന്ത്യ 4G സ്റ്റാക്കിന്റെ പ്രാധാന്യത്തിനും അദ്ദേഹം ഊന്നൽ നൽകി. ഈ നേട്ടം രാജ്യത്തിന്റെ സാങ്കേതിക സ്വയംപര്യാപ്തതയും കയറ്റുമതിശേഷിയും തെളിയിക്കുന്നതായും ‘ഇന്ത്യ 6ജി വിഷൻ 2030’-ലേക്ക് ഇന്ത്യയുടെ സംഭാവനയെ അടയാളപ്പെടുത്തുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

 

 അടുത്തിടെ പ്രാബല്യത്തിൽ വന്ന ടെലികമ്മ്യൂണിക്കേഷൻസ് നിയമത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇത് വേഗത്തിലുള്ള അംഗീകാരങ്ങളും നെറ്റ്‌വർക്ക് വിപുലീകരണവും സാധ്യമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ തട്ടിപ്പിനെതിരായ കരുത്തുറ്റ നിയമങ്ങളിലൂടെയും മെച്ചപ്പെടുത്തിയ പരാതിപരിഹാര സംവിധാനങ്ങളിലൂടെയും സൈബർ സുരക്ഷയ്ക്ക് ഗവണ്മെന്റ് നൽകുന്ന ശ്രദ്ധ വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനകരമാകുമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, അക്കാദമിക വിദഗ്ധർ, നയരൂപീകരണ വിദഗ്ധർ എന്നിവർ തമ്മിലുള്ള കൂട്ടായ ശ്രമങ്ങളുടെ ആവശ്യകത ഉയർത്തിക്കാട്ടിയ ശ്രീ മോദി, രാജ്യത്തിന്റെ സാങ്കേതിക പുരോഗതിയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഐഎംസി പോലുള്ള വേദികൾ അത്തരം സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

 

സാങ്കേതിക ഉപഭോക്താവിൽനിന്ന് ആഗോള തലത്തിൽ ഡിജിറ്റൽ നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ ചടങ്ങിൽ സംസാരിച്ച കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എടുത്തുപറഞ്ഞു. രാജ്യത്തിന്റെ 6G ലക്ഷ്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഇത് 2035-ഓടെ ഇന്ത്യയുടെ ജിഡിപിയിൽ 1.2 ട്രില്യൺ ഡോളർ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള 6G പേറ്റന്റുകളുടെ 10% സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യവും, 2033-ഓടെ മൂന്നിരട്ടിയായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്ന രാജ്യത്തെ വളർന്നുവരുന്ന ഉപഗ്രഹ ആശയവിനിമയ വിപണിയും സിന്ധ്യ ചൂണ്ടിക്കാട്ടി. ഉൽപ്പാദനം, കയറ്റുമതി, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ ഗണ്യമായ വളർച്ചയ്ക്ക് കാരണമായ ഉൽപ്പാദനബന്ധിത ആനുകൂല്യ പദ്ധതിയുടെ വിജയത്തെ അദ്ദേഹം പ്രശംസിച്ചു. കൂടാതെ, മൊബൈൽ ഡേറ്റ ചെലവിൽ 98% കുറവ് വന്നതും ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്ക് ആഗോള അംഗീകാരം ലഭിച്ചതും ഉൾപ്പെടെ ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ചും സിന്ധ്യ വ്യക്തമാക്കി. 2025 ലെ സ്റ്റാർട്ടപ്പ് ലോകകപ്പ് ഇന്ത്യയുടെ നൂതനാശയ മനോഭാവം പ്രദർശിപ്പിക്കുന്നതിലൂടെ അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ തുറന്നുകാട്ടുന്നതായി അദ്ദേഹം പറഞ്ഞു.

 

 

അന്താരാഷ്ട്ര 6G സിമ്പോസിയം 2025

തുടർന്ന്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ടെലികോം സെക്രട്ടറി ഡോ. നീരജ് മിത്തലും ചേർന്ന് ന്യൂഡൽഹിയിലെ യശോഭൂമിയിലെ ‘ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2025’ വേദിയിൽ ‘അന്താരാഷ്ട്ര 6ജി സിംപോസിയം 2025’ ഉദ്ഘാടനം ചെയ്തു.

 

അടുത്ത തലമുറ 6G സാങ്കേതികവിദ്യകൾ, ഗവേഷണ സഹകരണങ്ങൾ, പൊതുമാനദണ്ഡ ശ്രമങ്ങൾ, 6G നൂതനാശയ ആവാസവ്യവസ്ഥയിൽ ഇന്ത്യക്ക് എങ്ങനെ നേതൃത്വം നൽകാം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ആഗോള ചിന്തകർ, നയരൂപീകരണ വിദഗ്ധർ, വ്യവസായ വിദഗ്ധർ, അക്കാദമികവിദഗ്ധർ മേഖല എന്നിവർ സിമ്പോസിയത്തിൽ പങ്കെടുത്തു

 

സിമ്പോസിയത്തിൽ, സാങ്കേതികവിദ്യ വികസന മേഖലയിൽ സംയുക്ത പങ്കാളിത്തം വളർത്തുന്നതിനായി ഭാരത് 6G സഖ്യം നാസ്കോമുമായും യൂറോപ്യൻ സ്പേസ് ഏജൻസിയുമായും 2 ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. “ഇന്ത്യയിലെ 6G-യ്‌ക്കുള്ള സ്പെക്ട്രം മാർഗരേഖ”, “അടുത്ത തലമുറ ടെലികോമിന് ഊർജംപകരൽ”, “നിർമിതബുദ്ധിയും 5G-യിലേക്കുള്ള നെറ്റ്‌വർക്ക് പരിണാമവും”, “RF സെൻസിംഗിനുള്ള 6G ആർക്കിടെക്ചർ, സുരക്ഷ, പ്രവർത്തന ചട്ടക്കൂട് ” എന്നീ ശീർഷകങ്ങളുള്ള 4 ധവളപത്രങ്ങളും ഭാരത് 6G സഖ്യം പുറത്തിറക്കി.

6G-യുടെ തത്വങ്ങൾ അംഗീകരിക്കുന്ന സംയുക്ത പ്രഖ്യാപനം 2025 ഒക്ടോബർ 10-ന് പുറത്തിറക്കും.

 

ഉദ്ഘാടന പ്രസംഗത്തിൽ, അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുന്നതിന്റെയും, തദ്ദേശീയമായ ഗവേഷണ വികസനത്തിന്റെയും, ആഗോള 6G മേഖലയെ രൂപപ്പെടുത്തുന്നതിന് ഇന്ത്യയുടെ ഡിജിറ്റൽ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിന്റെയും പ്രാധാന്യം കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയിൽ 6G ആവാസവ്യവസ്ഥ വിജയകരമായി നടപ്പിലാക്കുന്നതിനുള്ള 6G മന്ത്രം അദ്ദേഹം ആവർത്തിച്ചു. "ഇന്ത്യ ഇനി സാങ്കേതികവിദ്യയുടെ ഉപഭോക്താവ് മാത്രമല്ല. 6G വിപ്ലവത്തെ പിന്തുടരാനല്ല, മറിച്ച്, സഹ-നേതൃത്വം നൽകാനാണ് ഇന്ത്യ ഇവിടെയുള്ളത്" എന്ന് മന്ത്രി സിന്ധ്യ പറഞ്ഞു. സ്വദേശി ടെലികോം ആവാസവ്യവസ്ഥയെയും അതിന്റെ നേട്ടങ്ങളുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ലക്ഷം ടവറുകളുള്ള സ്വദേശി 4G ശൃംഖല അടുത്തിടെ ആരംഭിച്ചത്, അടുത്തതലമുറ നെറ്റ്‌വർക്കിനെ പിന്തുണയ്ക്കാൻ കഴിയുന്ന ഭാവി സജ്ജമായ ചട്ടക്കൂട് വികസിപ്പിക്കാൻ ഇന്ത്യയെ അനുവദിച്ചു. 6G-യ്‌ക്കായി ഗവൺമെന്റുകൾ, അക്കാദമിക സമൂഹം, സംഘടനകൾ എന്നിവയിലുടനീളം ആഗോള സഹകരണത്തിനും എല്ലാവർക്കും താങ്ങാൻ കഴിയുന്ന നിരക്കിലാക്കുന്നതിനും അദ്ദേഹം ഊന്നൽ നൽകി.

 

ഐഎംസി 2025 പ്രദർശക ഹാൾ

നേരത്തെ, കേന്ദ്രമന്ത്രി സിന്ധ്യ, കേന്ദ്ര കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖർ, ടെലികോം സെക്രട്ടറി ഡോ. നീരജ് മിത്തൽ എന്നിവർ ഐഎംസി 2025 പ്രദർശക ഹാൾ ഉദ്ഘാടനം ചെയ്ത് വ്യവസായ പ്രദർശനത്തിന് തുടക്കം കുറിച്ചു. വിവിധ സ്റ്റാളുകൾ സന്ദർശിച്ച കേന്ദ്രമന്ത്രി, പ്രദർശകർ, സ്റ്റാർട്ടപ്പുകൾ, വ്യവസായ പ്രമുഖർ എന്നിവരുമായി സംവദിക്കുകയും ഡിജിറ്റൽ വിനിമയക്ഷമതയുടെ ഭാവി രൂപപ്പെടുത്തുന്ന അത്യാധുനിക കണ്ടുപിടിത്തങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. പ്രദർശിപ്പിച്ചിരിക്കുന്ന തദ്ദേശീയവും ആഗോളവുമായ സാങ്കേതികവിദ്യകളുടെ വൈവിധ്യമാർന്ന ശ്രേണിയെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ ടെലികോം വളർച്ചാഗാഥ മുന്നോട്ട് നയിക്കുന്നതിൽ വ്യവസായ സഹകരണത്തിന്റെ നിർണായക പങ്ക് എടുത്തുകാട്ടുന്നതാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും (DoT) സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (COAI) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2025 ഒക്ടോബർ 8 മുതൽ 11 വരെയാണ് നടക്കുന്നത്. "പരിവർത്തനത്തിനായി നൂതനാശയങ്ങൾ " എന്നതാണു കോൺഗ്രസിന്റെ പ്രമേയം. ഇത് ഡിജിറ്റൽ പരിവർത്തനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി നൂതനാശയം പ്രയോജനപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത എടുത്തുകാണിക്കുന്നു.

 

ടെലികോമിലെയും വളർന്നുവരുന്ന സാങ്കേതികവിദ്യകളിലെയും ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന ഐഎംസി 2025, ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ, നൂതനാശയ ഉപജ്ഞാതാക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും. ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ്, ടെലികോമിലെ സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്മ്യൂണിക്കേഷൻസ്, 6G, ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് അടുത്ത തലമുറ കണക്റ്റിവിറ്റി, ഡിജിറ്റൽ പരമാധികാരം, സൈബർ തട്ടിപ്പ് തടയൽ, ആഗോള സാങ്കേതിക നേതൃത്വം എന്നിവയിൽ ഇന്ത്യയുടെ തന്ത്രപരമായ മുൻഗണനകളെ പ്രതിഫലിപ്പിക്കുന്നു

SKY.

**********


(रिलीज़ आईडी: 2176414) आगंतुक पटल : 54
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil , Kannada