വികസിത് ഭാരത് ബിൽഡത്തോൺ 2025-ൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 11 വരെ നീട്ടി
Posted On:
07 OCT 2025 4:42PM by PIB Thiruvananthpuram
വിദ്യാർത്ഥികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നൂതനാശയ സംരംഭമായ വികസിത് ഭാരത് ബിൽഡത്തോൺ 2025-ന്റെ രജിസ്ട്രേഷൻ ഒക്ടോബർ 11 വരെ ദീർഘിപ്പിച്ചു.
അടൽ ഇന്നൊവേഷൻ മിഷൻ, നിതി ആയോഗ് എന്നിവയുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തുടനീളമുള്ള ഏകദേശം 2.5 ലക്ഷം സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായാണ് നൂതനാശയ സംരംഭം - വിക്‌സിത് ഭാരത് ബിൽഡത്തോൺ 2025 ആരംഭിച്ചത്. വികസിത് ഭാരത് @2047 എന്ന ദർശനത്തിലേക്കുള്ള ചരിത്രപരമായ ഒരു ചുവടുവയ്പ്പായ ഇത്, ഇന്ത്യയിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വിദ്യാർത്ഥി നൂതനാശയ സംരംഭമാണ്.
നൂതനാശയവിദഗ്ധരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി, സ്കൂളുകൾ അവരുടെ എൻട്രികൾ,ഫോട്ടോകളുടെയും വീഡിയോകളുടെയും രൂപത്തിൽ സമർപ്പിക്കണം. വിദഗ്ദ്ധരുടെ ഒരു പാനൽ എൻട്രികൾ വിലയിരുത്തുകയും മികച്ച ടീമുകൾക്ക് ആകെ ഒരു കോടി രൂപയുടെ സമ്മാനങ്ങൾ നൽകുകയും ചെയ്യും. അംഗീകാരത്തിനപ്പുറം, ഈ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും കോർപ്പറേറ്റ് മേഖലയുടെ പിന്തുണ, മാർഗ്ഗനിർദ്ദേശങ്ങൾ, കൂടാതെ അവരുടെ നൂതനാശയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിഭവങ്ങൾ എന്നിവയിലൂടെ ദീർഘകാല പിന്തുണ ലഭിക്കും.
ബിൽഡത്തോണിന്റെ പ്രധാന സവിശേഷതകൾ:
•ലോകത്തിലെ ഏറ്റവും വലിയ തത്സമയ നൂതനാശയ പ്രവർത്തനത്തിൽ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ ഒരുമിച്ച് പങ്കെടുക്കുന്നു
•ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ച് പ്രായോഗികവും അനുഭവപരവുമായ പഠനം
• വികസനം കാംക്ഷിക്കുന്ന ജില്ലകൾ, ഗോത്രവർഗ, വിദൂര പ്രദേശങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്ര പങ്കാളിത്തം
•വികസിത് ഭാരത് ബിൽഡത്തോൺ 2025, വലിയ സ്വപ്നങ്ങൾ കാണാനും, നിർഭയമായി നൂതനാശയങ്ങൾ അവതരിപ്പിക്കാനും, 2047 ഓടെ വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയിൽ സംഭാവന നൽകാനുമുള്ള വ്യക്തമായ ആഹ്വാനമാണ്. ഈ പരിപാടിയിൽ പങ്കെടുക്കാനും, അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും, ഭാവിയിലെ നൂതനാശയ വിദഗ്ധരായി വ്യക്തിമുദ്ര പതിപ്പിക്കാനും എല്ലാ സ്കൂളുകളെയും ഓരോ വിദ്യാർത്ഥിയെയും സംരംഭത്തിലേക്ക് ക്ഷണിക്കുന്നു.
6 മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർത്ഥികളോട് ടീമുകളായി ചേർന്ന്, ക്രിയാത്മകമായി ചിന്തിക്കാനും, യഥാർത്ഥ ജീവിതത്തിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കാനും ബിൽഡത്തോൺ ആഹ്വാനം ചെയ്യുന്നു. ദേശീയ പ്രാധാന്യമുള്ള നാല് വിഷയങ്ങളെ ആധാരമാക്കിയാണ് വിദ്യാർത്ഥികൾ പ്രവർത്തിക്കേണ്ടത്:
• വോക്കൽ ഫോർ ലോക്കൽ -പ്രാദേശിക ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വിഭവങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക
•ആത്മനിർഭർ ഭാരത് - സ്വാശ്രയ സംവിധാനങ്ങളും പരിഹാരങ്ങളും സൃഷ്ടിക്കുക
•സ്വദേശി - തദ്ദേശീയ ആശയങ്ങളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുക
•സമൃദ്ധ് ഭാരത് - അഭിവൃദ്ധിയിലേക്കും സുസ്ഥിര വളർച്ചയിലേക്കുമുള്ള മാർഗം രൂപപ്പെടുത്തുക
സമയക്രമീകരണം:
• 2025 സെപ്റ്റംബർ 23 : വികസിത ഭാരത് ബിൽഡത്തോണിന്റെ സമാരംഭം
• 2025 സെപ്റ്റംബർ 23 - 2025 ഒക്ടോബർ 11 : വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ
•2025 ഒക്ടോബർ 13: എല്ലാ സ്കൂളുകളിലും രാജ്യവ്യാപകമായി തത്സമയ ബിൽഡത്തോൺ
•2025 നവംബർ: എൻട്രികളുടെ മൂല്യനിർണയം
•2025 ഡിസംബർ: വിജയികളുടെ പ്രഖ്യാപനം
SKY
****
(Release ID: 2176129)
Visitor Counter : 3