വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

വികസിത് ഭാരത് ബില്‍ഡത്തോണ്‍ 2025 ന് രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് മികച്ച പ്രതികരണം

Posted On: 07 OCT 2025 8:11PM by PIB Thiruvananthpuram
നിതി ആയോഗിന്റെ കീഴിലുള്ള അടല്‍ ഇന്നൊവേഷന്‍ മിഷനുമായി സഹകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച വികസിത് ഭാരത് ബില്‍ഡത്തോണ്‍ 2025 ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്യത്തുടനീളമുള്ള ഏകദേശം 2.5 ലക്ഷം സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍  ഇതില്‍ പങ്കാളികളാകുന്നു. ഇന്ത്യയുടെ എക്കാലത്തേയും വലിയ വിദ്യാര്‍ത്ഥി നവീകരണ സംരംഭവും 2047 ഓടെ വികസിത ഭാരതമെന്ന കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പുമാണ് ഈ സംരംഭം.

പരിപാടിക്ക് വലിയ ഉത്തേജനം നല്കിക്കൊണ്ട്, ഇന്ത്യന്‍ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റും ISRO യിലെ ബഹിരാകാശയാത്രികനും വികസിത് ഭാരത് ബില്‍ഡത്തോണിന്റെ  ബ്രാന്‍ഡ് അംബാസഡറുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല തന്റെ വീഡിയോ സന്ദേശത്തിലൂടെ വിദ്യാര്‍ത്ഥികളോട് ഈ സംരംഭത്തില്‍ പങ്കാളികളാകാനും ആത്മനിര്‍ഭര്‍ ഭാരതിന് സംഭാവന നല്കാനും അഭ്യര്‍ത്ഥിച്ചു. 6 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സര്‍ഗ്ഗാത്മകത പ്രദര്‍ശിപ്പിക്കുന്നതിന് ബില്‍ഡത്തോണ്‍ ഒരു സവിശേഷ വേദി വാഗ്ദാനം ചെയ്യുന്നുവെന്ന് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ചെറുതോ വലുതോ  ആയ എല്ലാ ആശയങ്ങള്‍ക്കും വികസിത് ഭാരത് 2047 രൂപപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വിദ്യാര്‍ത്ഥികള്‍ നൂതനമായി ചിന്തിക്കുകയും വോക്കല്‍ ഫോര്‍ ലോക്കല്‍, സ്വദേശിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ യഥാര്‍ത്ഥ ജീവിത വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന ആദ്യമാതൃകകള്‍ വികസിപ്പിക്കുകയും വേണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകള്‍ക്ക്  അവരുടെ എന്‍ട്രികള്‍ ഫോട്ടോകളുടേയും വീഡിയോകളുടേയും രൂപത്തില്‍ സമര്‍പ്പിക്കാം. അവ വിദഗ്ദ്ധ സമിതി വിലയിരുത്തും. മികച്ച ടീമുകള്‍ക്ക് ഒരു കോടി രൂപയില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കും.

രജിസ്റ്റര്‍ ചെയ്യാന്‍ http://vbb.mic.gov.in സന്ദര്‍ശിക്കുക
 
*****

(Release ID: 2176057) Visitor Counter : 6