2025 ഒക്ടോബർ 6 മുതൽ 7 വരെ നടക്കുന്ന ഖത്തർ-ഇന്ത്യ സംയുക്ത വാണിജ്യ,വ്യാപാര കമ്മീഷൻ യോഗത്തിനായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഖത്തറിലെ ദോഹ സന്ദർശിക്കും. ഖത്തർ വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി യോഗത്തിന് സഹ-അധ്യക്ഷത വഹിക്കും. ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നായ ഖത്തറുമായുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾക്ക് ഇന്ത്യ നൽകുന്ന പ്രാധാന്യത്തെ ഈ സന്ദർശനം എടുത്തു കാണിക്കുന്നു. 2024-25 ൽ ഖത്തറുമായി 14 ബില്യൺ യുഎസ് ഡോളറിലധികം ഉഭയകക്ഷി വ്യാപാരമാണ് കണക്കാക്കപ്പെടുന്നത്.
ശ്രീ ഗോയലിനൊപ്പം വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഖത്തർ സന്ദർശന സംഘത്തിൽ ഉണ്ട്. ഉഭയകക്ഷി വ്യാപാര പ്രവർത്തനങ്ങൾ അവലോകനം ചെയ്യുക, നിലവിലുള്ള വ്യാപാര തടസ്സങ്ങളും താരിഫ് ഇതര പ്രശ്നങ്ങളും പരിഹരിക്കുക, വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനുള്ള കൂടുതൽ മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നിവ ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഇരുപക്ഷവും നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ-ഖത്തർ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (സിഇപിഎ) നിബന്ധനകൾ (ടിഒആർ) അന്തിമമാക്കുന്നതിനുള്ള തുടർ നടപടികൾ എന്നിവ ചർച്ചകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തും.ഇന്ത്യയും ഖത്തറും തമ്മിലുള്ള ബഹുമുഖ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ട് ധനകാര്യം, കൃഷി, പരിസ്ഥിതി, ടൂറിസം, സംസ്കാരം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മറ്റ് പ്രധാന മേഖലകളിലെ സഹകരണവും ചർച്ചയായും.
ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ ആദ്യ യോഗത്തിൽ കേന്ദ്രമന്ത്രിയോടൊപ്പം വ്യവസായ മേഖലയിലെ പ്രമുഖർ അടങ്ങുന്ന ബിസിനസ് പ്രതിനിധി സംഘവും ഉണ്ടാകും. ഖത്തർ ചേംബർ, ഖത്തർ ഫിനാൻഷ്യൽ സെന്റർ, ഇൻവെസ്റ്റ് ഖത്തർ, ഖത്തർ ഫ്രീ സോൺസ് അതോറിറ്റി എന്നിവയുൾപ്പെടെ ഖത്തറിലെ ബിസിനസുകളുമായും സ്ഥാപനങ്ങളുമായും ഈ പ്രതിനിധി സംഘം സജീവമായി ആശയവിനിമയം നടത്തും.
സന്ദർശനത്തോടനുബന്ധിച്ച്, ശ്രീ ഗോയൽ ഖത്തർ ചേംബർ, ഖത്തർ ബിസിനസ്മെൻ അസോസിയേഷൻ എന്നിവയിലെ ഉന്നത ബിസിനസ് പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. കൂടാതെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) ദോഹ ചാപ്റ്റർ, ഖത്തറിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (ഐബിപിസി) എന്നിവയുടെ പ്രതിനിധികളുമായും ഖത്തറിലെ പ്രധാന വ്യവസായപ്രമുഖർ, ഇന്ത്യൻ സമൂഹം എന്നിവരുമായും അദ്ദേഹം ആശയവിനിമയം നടത്തും.
വ്യാപാര-വാണിജ്യ സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യ-ഖത്തർ സംയുക്ത പ്രവർത്തക സമിതിയുടെ ആദ്യ യോഗം ജോയിന്റ് സെക്രട്ടറി തലത്തിൽ 2024 ജൂലൈയിൽ നടന്നു. 2025 ഫെബ്രുവരിയിൽ ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, ഉഭയകക്ഷി സഹകരണത്തിന്റെ പ്രധാന ഘടകമായി വ്യാപാര മേഖലയെ അംഗീകരിച്ചു. സംയുക്ത പ്രവർത്തകസമിതിയെ, അതത് വാണിജ്യ മന്ത്രിമാർ നയിക്കുന്ന വ്യാപാര-വാണിജ്യ ജോയിന്റ് കമ്മീഷനായി ഉയർത്താൻ ഈ യോഗത്തിൽ തീരുമാനിക്കുകയും ചെയ്തു.