തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

ഐ.എസ്.എസ്.എ ലോക സാമൂഹിക സുരക്ഷാ ഉച്ചകോടിയോടനുബന്ധിച്ച് സാമൂഹിക സുരക്ഷ, ഉദ്യോഗം, തൊഴിൽ ചലനാത്മകത എന്നിവയിൽ ഇന്ത്യ ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തി

Posted On: 03 OCT 2025 2:29PM by PIB Thiruvananthpuram

മലേഷ്യയിലെ ക്വാലാലംപൂരിൽ ഇന്ന് നടന്ന ലോക സാമൂഹിക സുരക്ഷാ ഉച്ചകോടിയുടെ ഭാഗമായി, കേന്ദ്ര തൊഴിൽ, ഉദ്യോഗ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അന്താരാഷ്ട്ര സാമൂഹിക സുരക്ഷാ അസോസിയേഷൻ (ഐ.എസ്.എസ്.എ) പ്രസിഡന്റുമായും മലേഷ്യ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും ഫലപ്രദമായ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. നൈപുണ്യങ്ങളുടെ പരസ്പര അംഗീകാരം, സുരക്ഷിതമായ തൊഴിൽ ചലനാത്മകത, സാമൂഹിക സംരക്ഷണ സഹകരണം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.


'സാമൂഹിക സുരക്ഷയിലെ മികച്ച നേട്ട'ത്തിനുള്ള 2025 ലെ ഐ.എസ്.എസ്.എ പുരസ്‌കാരം ഇന്ത്യാ ഗവൺമെന്റിന് വേണ്ടി ഏറ്റുവാങ്ങാൻ മലേഷ്യയിലെത്തിയതായിരുന്നു ഡോ. മാണ്ഡവ്യ.


ഐ.എസ്.എസ്.എ പ്രസിഡന്റ്‌- പെർകെസോ സിഇഒയുമായുള്ള കൂടിക്കാഴ്ച:

മലേഷ്യയിലെ സാമൂഹിക സുരക്ഷാ സംഘടനയായ പെർകെസോയുടെ സിഇഒയും ഐ.എസ്.എസ്.എയുടെ പ്രസിഡന്റുമായ പ്രൊഫ. ദാതോ (ഒരു മലേഷ്യൻ ബഹുമതി) ഡോ. മുഹമ്മദ് അസ്മാനുമായി ഡോ. മൻസുഖ് മാണ്ഡവ്യ സംവദിച്ചു. സാമൂഹിക സുരക്ഷാ വിപുലീകരണത്തിൽ ഇന്ത്യയുടെ നേട്ടങ്ങളെ ഐ.എസ്.എസ്.എ അംഗീകരിച്ചതിന് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും, ഐ.എസ്.എസ്.എയ്ക്കുള്ളിലെ ഇന്ത്യയുടെ വർദ്ധിത പ്രാതിനിധ്യത്തെയും വോട്ടവകാശത്തെയും സ്വാഗതം ചെയ്യുകയും ചെയ്തു.


ഉഗാണ്ടയുമായുള്ള കൂടിക്കാഴ്ച:

ഉഗാണ്ടയിലെ ലിംഗഭേദം, തൊഴിൽ, സാമൂഹിക വികസന മന്ത്രി ബെറ്റി അമോൺഗി ഓങ്കോമുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപരമായ ദേശബന്ധങ്ങൾ അടിവരയിട്ട ഇരുവരും, ന്യൂഡൽഹിയിൽ ഈ വർഷമാദ്യം നടന്ന ഇന്ത്യ-ഉഗാണ്ട സംയുക്ത വ്യാപാര സഹകരണ സെഷന്റെ 23 വർഷങ്ങൾക്ക് ശേഷമുള്ള പുനരുജ്ജീവനത്തെ സ്വാഗതം ചെയ്തു. സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്തുകയും വൈദഗ്ധ്യമുള്ള പ്രൊഫഷണൽ കൈമാറ്റം വർദ്ധിപ്പിക്കുകയും ചെയ്യുന്ന പൊതുമരാമത്ത്, കൃഷി, പരമ്പരാഗത വൈദ്യശാസ്ത്രം, ടെലി-മെഡിസിൻ എന്നീ മേഖലകളിലെ പങ്കാളിത്തത്തിനുള്ള സാധ്യതകൾ നേതാക്കൾ ചർച്ചചെയ്തു.


 

ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വിപുലീകരണങ്ങളിലൊന്നായ സാമൂഹിക സംരക്ഷണ പരിധി വ്യാപിപ്പിക്കുന്നതിൽ ഇന്ത്യയുടെ നേട്ടങ്ങൾ പങ്കുവെച്ച ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെ എടുത്തുകാണിക്കുകയും ചെയ്തു. കഴിവുള്ളവരെ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്നതിൽ ഉഗാണ്ടയെ പിന്തുണയ്ക്കാനുള്ള സന്നദ്ധതയും ഇന്ത്യ പ്രകടിപ്പിച്ചു.

മലേഷ്യയുമായുള്ള കൂടിക്കാഴ്ച:

ഡോ. മൻസുഖ് മാണ്ഡവ്യ മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രി സ്റ്റീവൻ സിം ജീ കിയോങ്ങുമായി ചർച്ചകൾ നടത്തി. ആഗോളതലത്തിൽ സാമൂഹിക സുരക്ഷ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന  ഐ.എസ്.എസ്.എ ഫോറം വിജയകരമായി സംഘടിപ്പിച്ചതിന് മലേഷ്യയെ അഭിനന്ദിക്കുകയും ചെയ്തു. ജനസംഖ്യാപരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യയുടെ പ്രൊഫഷണലിസവും വൈദഗ്ധ്യവുമുള്ള തൊഴിൽ ശക്തിയിലൂടെ മലേഷ്യയുടെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം ആവർത്തിച്ചു.



 

ആഗോള സമൂഹത്തിനാകെ വേണ്ടി ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികൾക്കുള്ള മാതൃകാ നിർവചനങ്ങൾ രൂപപ്പെടുത്തുന്നതിൽ ഗ്ലോബൽ സൗത്ത് നേതൃത്വം നൽകണമെന്നും കേന്ദ്രമന്ത്രി പ്രസ്താവിച്ചു. 2026-ൽ രാജ്യം ആതിഥേയത്വം വഹിക്കാൻ പോകുന്ന പ്ലാറ്റ്ഫോം തൊഴിലാളികൾക്കായുള്ള ഉച്ചകോടിയിലേക്ക് മലേഷ്യ, ഡോ. മാണ്ഡവ്യയെ ക്ഷണിക്കുകയും ചെയ്തു.

*****


(Release ID: 2174599) Visitor Counter : 5