ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ ജിഎസ്ടി 2.0 യുമായി ബന്ധപ്പെട്ട 3,981 കോളുകൾ ലഭിച്ചു; ഇതിൽ 31% അന്വേഷണങ്ങളും 69% പരാതികളുമാണ്.
प्रविष्टि तिथि:
02 OCT 2025 7:08PM by PIB Thiruvananthpuram
2025 ലെ പുതു തലമുറ ജിഎസ്ടി പരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട്, നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ (NCH) ഇതുവരെ 3,981 കോളുകൾ ലഭിച്ചു. അതിൽ 31 ശതമാനം അന്വേഷണങ്ങളും 69 ശതമാനം പരാതികളുമാണ്. ഇവയിൽ അതിവേഗ പരിഹാരത്തിനും വ്യക്തതയ്ക്കും വേണ്ടി ഭാരത സർക്കാരിനു കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പ് സൂക്ഷ്മനിരീക്ഷണം നടത്തി വരികയാണ്. ദ്രുത നടപടികൾക്കായി ബന്ധപ്പെട്ട ബ്രാൻഡ് ഉടമകൾക്കും / ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും പരാതികൾ കൈമാറിയിട്ടുണ്ട്. കൂടാതെ, ആവശ്യമായ സന്ദർഭങ്ങളിൽ ക്ലാസ് ആക്ഷൻ (സമാനമായ പരാതികളുള്ള ഒരു വലിയ ഗ്രൂപ്പിന് വേണ്ടി ഒന്നോ അതിലധികമോ ആളുകൾ ഫയൽ ചെയ്യുന്ന കേസ്) ആരംഭിക്കുന്നതിനായി ഈ പരാതികളുടെ വിശദമായ അവലോകനം CCPA ആരംഭിച്ചു.
പരാതികളിൽ വലിയ പങ്കും ഏതൊക്കെ ഉത്പന്നങ്ങൾക്കാണ് ജിഎസ്ടി ഇളവുകളെന്നും ഏതൊക്കെ ഉത്പന്നങ്ങൾക്കാണ് ജിഎസ്ടി ഇളവുകൾ ഇല്ലാത്തതെന്നും ഉള്ള അറിവില്ലായ്മ വ്യക്തമാക്കുന്നതായിരുന്നു. അതിനാൽ, CCPA യുടെ വിശകലനം വ്യക്തതയുള്ള ഇടപെടലായും തെറ്റായ വിവരങ്ങൾ, അന്യായമായ വ്യാപാര രീതികൾ, സുതാര്യതയുടെ അഭാവം എന്നിവയിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തത്തിന്റെ സ്ഥിരീകരണമായും വർത്തിക്കുന്നു.
കൂടുതലും, പാൽ വിലനിർണ്ണയവുമായി ബന്ധപ്പെട്ട പരാതികളാണ്. ജിഎസ്ടി പരിഷ്ക്കരണത്തെത്തുടർന്ന് പാൽ കമ്പനികൾ പാലിന്റെ വില കുറയ്ക്കാൻ നിർബന്ധിതരാകുമെന്ന വിശ്വാസത്തോടെയാണ് ധാരാളം ഉപഭോക്താക്കൾ NCH നെ സമീപിച്ചത്. പാൽ കമ്പനികൾ പരിഷ്ക്കരണത്തിന് മുമ്പുള്ള വില ഈടാക്കുന്നത് തുടരുകയാണെന്നും അതുവഴി ജിഎസ്ടി നിരക്കിന്റെ ആനുകൂല്യം നിഷേധിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ഈ വിഷയം പരിശോധിച്ച ശേഷം പാലിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് CCPA കണ്ടെത്തി. സമീപകാല ജിഎസ്ടി നിരക്ക് പരിഷ്‌ക്കാരങ്ങൾ UHT പാലിനെയും ഒഴിവാക്കിയിട്ടുണ്ട്.
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ മുഖേന വാങ്ങുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് പിന്നീടായി വരുന്നത്. ഓൺലൈനായി വാങ്ങുന്ന ലാപ്‌ടോപ്പുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഇപ്പോഴും പരിഷ്ക്കരണത്തിന് മുമ്പുള്ള ജിഎസ്ടി ഈടാക്കുന്നുണ്ടെന്നും നികുതി ഇളവിന്റെ ആനുകൂല്യം കൈമാറുന്നില്ലെന്നും ഉപഭോക്താക്കൾ പരാതി ഉന്നയിച്ചു. ജിഎസ്ടി പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ടിവികൾ, മോണിറ്റർ, ഡിഷ് വാഷിംഗ് മെഷീനുകൾ, എസികൾ എന്നിവയുടെ ജിഎസ്ടി നിരക്ക് 28% ൽ നിന്ന് 18% ആയി കുറച്ചതായി CCPA യുടെ വിശകലനം വ്യക്തമാക്കുന്നു. ലാപ്‌ടോപ്പുകൾ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ ഉത്പന്നങ്ങൾ 18% സ്ലാബിലാണുൾപ്പെടുന്നത്.
മൂന്നാമത്തെ വിഭാഗം പരാതികൾ ഗാർഹിക എൽപിജി സിലിണ്ടറുകളെക്കുറിച്ചായിരുന്നു. പരിഷ്‌ക്കാരങ്ങളെത്തുടർന്ന് LPG വില കുറഞ്ഞിട്ടില്ലെന്ന് ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്തു. ഗാർഹിക LPG 5 ശതമാനം ജിഎസ്ടി നിരക്കിൽ തുടരുമെന്നും LPG യുടെ ജിഎസ്ടി നിരക്കിൽ മാറ്റമില്ലെന്നും CCPA വ്യക്തമാക്കി. നികുതി കൂടാതെ അസംസ്കൃത എണ്ണ വിലയിലെ ആഗോള പ്രവണതകൾ, സബ്‌സിഡിയിലെ സർക്കാർ നയങ്ങൾ, വിതരണ ചെലവുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ LPG വിലനിർണ്ണയത്തെ സ്വാധീനിക്കുന്നു.
പെട്രോൾ വിലയുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നുവന്നു. പെട്രോൾ വില കുറഞ്ഞിട്ടില്ലെന്ന് ആരോപിച്ച് നിരവധി ഉപഭോക്താക്കൾ പരാതി നൽകി. പെട്രോൾ ജിഎസ്ടിയുടെ പരിധിക്ക് പുറത്താണെന്ന് CCPA വ്യക്തമാക്കിയിട്ടുണ്ട്. ചില്ലറ വ്യാപാരികളുടെയോ എണ്ണക്കമ്പനികളുടെയോ ഉപേക്ഷയല്ല, ജിഎസ്ടി പരിഷ്‌ക്കാരങ്ങളുടെ വ്യാപ്തിയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ തെറ്റിദ്ധാരണയെയാണ് പെട്രോൾ വില കുറയുമെന്ന പ്രതീക്ഷയിൽ പ്രതിഫലിക്കുന്നത്.
ജിഎസ്ടിയുമായി ബന്ധപ്പെട്ട ആകെയുള്ള 1,992 പരാതികൾ ഉചിതമായ നടപടിക്കായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന് (CBIC) കൈമാറിയിട്ടുണ്ട്. 761 പരാതികൾ പരിഹാരത്തിനായി ബന്ധപ്പെട്ട കൺവെർജൻസ് കമ്പനികൾക്ക് തത്സമയം കൈമാറിയിട്ടുണ്ട്. ഈ പരാതികൾ കൈകാര്യം ചെയ്യുന്നത് CCPA സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയും ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം കണ്ടെത്തുന്നിടത്തെല്ലാം തുടർനടപടികൾ കൈക്കൊള്ളുകയും ചെയ്യും.
ഉപഭോക്താക്കൾ പരാതി പരിഹാര സംവിധാനത്തിൽ സജീവമായും ആവേശത്തോടെയും പങ്കെടുക്കുന്നു എന്നതാണ് ജിഎസ്ടി പരാതികളുമായി ബന്ധപ്പെട്ട് ആദ്യ ആഴ്ചയിൽ കാണുന്ന ഉത്സാഹം നൽകുന്ന സന്ദേശം. ഉപഭോക്തൃ കാര്യ വകുപ്പ് സൃഷ്ടിച്ച സ്ഥാപന സംവിധാനങ്ങളിലുള്ള അവബോധത്തെയും വിശ്വാസത്തെയും ആണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ജിഎസ്ടിയിലെ മാറ്റങ്ങൾ ബാധകമായ ഉത്പന്നങ്ങളെയും മേഖലകളെയും കുറിച്ചുള്ള കൃത്യവും ലളിതവുമായ വിവരങ്ങൾ ഉപഭോക്തൃ അവബോധ പ്രചാരണത്തിലൂടെ കൂടുതൽ വ്യാപകമാക്കും. ഇതു മുഖേന തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണ മൂലമുള്ള പരാതികളും നിയന്ത്രിക്കാൻ കഴിയും.
SKY
*****
(रिलीज़ आईडी: 2174340)
आगंतुक पटल : 14