രാജ്യരക്ഷാ മന്ത്രാലയം
ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന്റെ വ്യോമപ്രതിരോധം തുറന്നുകാട്ടി, ഇന്ത്യയുടെ നിർണായക ശേഷി തെളിയിച്ചു: രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിങ്
Posted On:
02 OCT 2025 1:07PM by PIB Thiruvananthpuram
വിജയദശമി ദിനത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 2-ന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിങ് ഗുജറാത്തിലെ ഭുജ് സൈനിക നിലയത്തില്‍ ശസ്ത്ര പൂജ നടത്തി. ഇന്ത്യയുടെ പ്രതിരോധ ശൃംഖല തകർക്കാന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമങ്ങളെ ഓപ്പറേഷൻ സിന്ദൂറിലൂടെ വിജയകരമായി ചെറുത്ത ഇന്ത്യൻ സായുധ സേനയെ അഭിസംബോധനയില്‍ അദ്ദേഹം പ്രശംസിച്ചു. ലേ മുതൽ സർ ക്രീക്ക് മേഖല വരെ ഇന്ത്യന്‍ പ്രതിരോധത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാന് ഇന്ത്യൻ സൈന്യം ദ്രുതഗതിയില്‍ നല്‍കിയ ഫലപ്രദമായ പ്രത്യാക്രമണം പാക് വ്യോമപ്രതിരോധ സംവിധാനത്തിന്റെ ദൗർബല്യം തുറന്നുകാട്ടിയതിനൊപ്പം ഇഷ്ടാനുസരണം ഏതു സമയത്തും ഏതു സ്ഥലത്തും ഏതു രീതിയിലും നാശനഷ്ടമുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് ലോകത്തിനുമുന്നില്‍ വ്യക്തമായ സന്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം 78 വർഷങ്ങൾക്കിപ്പുറം ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ ആവർത്തിച്ച് നടത്തുന്ന ശ്രമങ്ങൾക്കിടയിലും സർ ക്രീക്ക് മേഖലയിൽ തർക്കങ്ങൾ സൃഷ്ടിക്കുന്നത് പാകിസ്ഥാൻ തുടരുകയാണെന്ന വസ്തുത രാജ്യരക്ഷാമന്ത്രി ചൂണ്ടിക്കാട്ടി. സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ അടുത്തിടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചത് അധാര്‍മിക ഉദ്ദേശത്തിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ നടത്തുന്ന ഏത് സാഹസത്തിനും സംശയാതീതമായി മറുപടി നല്‍കുമെന്നും മേഖലയിൽ പാകിസ്ഥാൻ സൈനിക പ്രവര്‍ത്തനത്തിന് ധൈര്യപ്പെട്ടാൽ അതിന്റെ മറുപടി ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുംവിധം ശക്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1965-ൽ ഇന്ത്യൻ സൈന്യം ലാഹോറിലെത്തി ധൈര്യപ്രകടനം നടത്തി. 2025-ൽ കറാച്ചിയിലേക്കുള്ള വഴി ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് പാകിസ്ഥാൻ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ റെക്കോഡ് സമയത്തില്‍ വിജയം കൈവരിച്ചത് സായുധ സേനയുടെ മികച്ച സംയുക്ത പ്രവർത്തനത്തിലൂടെയാണെന്ന് രാജ്‌നാഥ് സിങ് പ്രശംസിച്ചു. ഏത് സാഹചര്യത്തിലും ശത്രുക്കളെ പരാജയപ്പെടുത്തുന്നതില്‍ കഴിവുതെളിയിച്ച ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങൾക്കും ധൈര്യത്തിനും ശേഷിയ്ക്കും അദ്ദേഹം സൈനികരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു.
തീവ്രവാദത്തെ നേരിടാനാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടതെന്നും മറിച്ച് വലിയ സംഘർഷത്തിന് പ്രകോപനമുണ്ടാക്കാനായിരുന്നില്ലെന്നും ശ്രീ രാജ്നാഥ് സിങ് പറഞ്ഞു. ശേഷിയുണ്ടായിട്ടും ഇന്ത്യ സംയമനം പാലിച്ചത് ഇക്കാരണത്താലാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ എല്ലാ സൈനിക ലക്ഷ്യങ്ങളും വിജയകരമായി കൈവരിച്ചതില്‍ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം സമ്പൂര്‍ണ നിശ്ചയദാർഢ്യത്തോടെ തുടരുമെന്നും വ്യക്തമാക്കി. ഇന്ത്യൻ സായുധ സേനയും അതിർത്തിരക്ഷാ സേനയും രാജ്യാതിർത്തികൾ ജാഗ്രതയോടെ കാക്കുന്നുണ്ടെന്ന് രാജ്യരക്ഷാ മന്ത്രി ഉറപ്പുനൽകി.
ശസ്ത്രപൂജ കേവലം ആചാരം മാത്രമല്ലെന്നും മറിച്ച് ആയുധങ്ങളെ അക്രമണ ഉപകരണങ്ങളായി കാണാതെ ധർമസംരക്ഷണ മാര്‍ഗമായി കാണുന്ന ഇന്ത്യയുടെ നാഗരിക തത്വശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്നും രാജ്യരക്ഷാ മന്ത്രി എടുത്തുപറഞ്ഞു. കർഷകർ കലപ്പയെ ആരാധിക്കുന്നതും വിദ്യാർത്ഥികൾ പുസ്തകങ്ങളെ പൂജിക്കുന്നതും സൈനികർ ആയുധങ്ങളെ ആദരിക്കുന്നതും ഇന്ത്യൻ പാരമ്പര്യവുമായി താരതമ്യം ചെയ്ത അദ്ദേഹം ആയുധങ്ങൾ എപ്പോഴും നീതിയുടെയും ധർമത്തിന്റെയും സംരക്ഷണത്തിന് വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് വ്യക്തമാക്കി.
എക്കാലത്തും വിജ്ഞാന സമ്പന്നമായ ഇന്ത്യ ഇന്ന് പ്രതിരോധ മേഖലയിലെ നിർമാണത്തിലും സ്വയംപര്യാപ്തമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രാജ്യക്ഷാമന്ത്രി വ്യക്തമാക്കി. ആത്മനിർഭർ ഭാരത് കാഴ്ചപ്പാടിന് കീഴിൽ പ്രതിരോധ ഉപകരണങ്ങളുടെ നിർമാതാവും കയറ്റുമതി രാജ്യവുമായി വളരുകയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
കരസേനയും നാവികസേനയും വ്യോമസേനയും ദേശീയ സുരക്ഷയുടെ മൂന്ന് ശക്തിസ്തംഭങ്ങളാണെന്ന് പറഞ്ഞ ശ്രീ രാജ്നാഥ് സിങ് ഈ മൂന്ന് സൈനിക വിഭാഗങ്ങളുടെ സംയുക്ത പ്രവർത്തനത്തെ പ്രശംസിച്ചു. ഈ മേഖലയിൽ സംഘടിപ്പിച്ച വരുണാസ്ത്ര പരിശീലനം പരാമർശിച്ച അദ്ദേഹം മൂന്ന് സേനകളുടെയും സംയോജിത പ്രവർത്തന ശേഷിയും ഏത് ഭീഷണികളെയും തകർക്കാനുള്ള നിശ്ചയദാര്‍ഢ്യവും ഇത് പ്രകടമാക്കിയെന്നും പറഞ്ഞു.
ശസ്ത്രത്തിന്റെ (ആയുധങ്ങളുടെ) പ്രാധാന്യം എടുത്തു കാണിച്ചതിനൊപ്പം രാജ്യാതിർത്തികളിലെ വെല്ലുവിളികള്‍ സംബന്ധിച്ചും രാജ്യരക്ഷാ മന്ത്രി സംസാരിച്ചു. വെല്ലുവിളികൾ ഒരിക്കലും ലളിതമായിരുന്നില്ലെന്നും അവ വ്യത്യസ്ത രൂപങ്ങളിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ചില സമയങ്ങളിൽ ഈ വെല്ലുവിളികൾ ബാഹ്യ ആക്രമണത്തിന്റെ രൂപത്തിലും മറ്റു ചിലപ്പോൾ ഭീകര സംഘടനകളുടെ രൂപത്തിലും കടന്നുവരുന്നു. വര്‍ത്തമാനകാല ലോകത്ത് സൈബർ യുദ്ധത്തിന്റെയോ വിവര യുദ്ധത്തിന്റെയോ രൂപത്തിലും ഈ വെല്ലുവിളികള്‍ പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയദശമി ദിനാശംസ നേർന്ന ശ്രീ രാജ്നാഥ് സിങ് തിന്മ എത്ര ശക്തമായി തോന്നിയാലും അവസാനം ധർമമാണ് വിജയിക്കുകയെന്ന് ഈ ഉത്സവം നമ്മെ ഓർമിപ്പിക്കുന്നുവെന്നും പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച രാജ്യരക്ഷാ മന്ത്രി ധാർമിക നിര്‍ഭയത്വത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണ് അദ്ദേഹമെന്ന് വിശേഷിപ്പിച്ചു. സ്വന്തം മനക്കരുത്തുകൊണ്ട് മാത്രം അന്നത്തെ ഏറ്റവും ശക്തമായ സാമ്രാജ്യത്തെ മുട്ടുകുത്തിക്കാൻ ഗാന്ധിജിക്ക് സാധിച്ചു. ധാർമിക ശക്തിയും ആയുധങ്ങളും സ്വന്തമായ ഇന്ത്യയിലെ സൈനികരുടെ നിശ്ചയദാർഢ്യത്തെ തകർക്കാൻ ഒരു വെല്ലുവിളിക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രപ്രധാന ക്രീക്ക് മേഖലയിലെ ടൈഡൽ ഇൻഡിപെൻഡന്റ് ബെർത്തിംഗ് ഫെസിലിറ്റിയും സംയുക്ത നിയന്ത്രണ കേന്ദ്രവും രാജ്യരക്ഷാമന്ത്രി വെർച്വലായി ഉദ്ഘാടനം ചെയ്തു. സംയോജിത തീരദേശ പ്രവർത്തനങ്ങളെ സഹായിക്കുന്ന ഈ സൗകര്യങ്ങൾ സംയുക്ത പ്രവർത്തന ശേഷി, തീരദേശ സുരക്ഷാ ഏകോപനം, ഭീഷണി സാഹചര്യങ്ങളിലെ അതിവേഗ പ്രതികരണം എന്നിവ ഗണ്യമായി മെച്ചപ്പെടുത്തും. ഭുജ് സൈനിക നിലയത്തിലെ സൈനികരുമായി രാജ്യരക്ഷാ മന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു.
****
(Release ID: 2174125)
Visitor Counter : 11