രാജ്യരക്ഷാ മന്ത്രാലയം
ഓപ്പറേഷൻ സിന്ദൂർ സായുധസേനയുടെ നിർണായക വിജയം; സാമ്പത്തിക പ്രതിരോധശേഷി, വിഭവങ്ങളുടെ പ്രയോജനപ്പെടുത്തൽ, സുസ്ഥിര പ്രവർത്തന സജ്ജത എന്നിവ വഴി പ്രതിരോധ അക്കൗണ്ട്സ് വകുപ്പ് നിർണ്ണായകമായി: രക്ഷാമന്ത്രി ശ്രീ രാജ് നാഥ് സിംഗ്
Posted On:
01 OCT 2025 2:02PM by PIB Thiruvananthpuram
"ചരിത്രപരവും നിർണായകവുമായ വിജയം കൈവരിക്കുന്നതിൽ സായുധ സേനയുടെ വീര്യവും ധൈര്യവും ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകം മുഴുവൻ മനസ്സിലാക്കിയപ്പോൾ പ്രതിരോധ അക്കൗണ്ട്സ് വകുപ്പിൻ്റെ (ഡിഎഡി) നിശബ്ദവും എന്നാൽ നിർണായകവുമായ പങ്ക് കാര്യക്ഷമമായ വിഭവ വിനിയോഗം, സാമ്പത്തിക കൈകാര്യം, യുദ്ധ സജ്ജത എന്നിവ ഉറപ്പാക്കിയെന്ന് രക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് പറഞ്ഞു. 2025 ഒക്ടോബർ ഒന്നിന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ഡിഎഡിയുടെ 278-ാമത് സ്ഥാപക ദിനാഘോഷത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വകുപ്പിൻ്റെ ചരിത്ര പാരമ്പര്യത്തെയും ഇന്ത്യൻ സായുധസേനകൾക്ക് സാമ്പത്തിക നട്ടെല്ലായി വഹിക്കുന്ന പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. സാമ്പത്തിക വിവേകവും സുതാര്യതയും ഉറപ്പാക്കുന്നതോടൊപ്പം സേനകൾക്ക് സമയബന്ധിതമായി വിഭവങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ പ്രവർത്തനസജ്ജത ശക്തിപ്പെടുത്തുന്ന സ്ഥാപനമാണിതെന്നും അദ്ദേഹം ഡിഎഡിയെ വിശേഷിപ്പിച്ചു.

സാങ്കേതികവിദ്യാധിഷ്ഠിത പരിഷ്കാരങ്ങൾ
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിച്ചതിന് പ്രതിരോധ അക്കൗണ്ട്സ് വകുപ്പിനെ രക്ഷാ മന്ത്രി പ്രശംസിച്ചു. നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള 'ജ്ഞാൻ സാഥി' എന്ന എഐ ചാറ്റ്ബോട്ട് സ്വന്തമായി വികസിപ്പിച്ചതിനെ ശ്രീ രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.

ഗവേഷണത്തിനും വികസനത്തിനും സൗകര്യമൊരുക്കൽ
ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ യുദ്ധങ്ങളുടെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണതയെ അംഗീകരിച്ചുകൊണ്ട്, പ്രതിരോധ ഗവേഷണ വികസനത്തിൽ പുതിയ മുന്നേറ്റം നടത്തണമെന്ന് ശ്രീ രാജ് നാഥ് സിംഗ് ആഹ്വാനം ചെയ്തു. “ഈ കാലഘട്ടത്തിലെ യുദ്ധത്തിൽ, പുതിയ സാങ്കേതികവിദ്യകൾ പലപ്പോഴും അനിവാര്യ ഘടകമാണ്. അവ വർഷങ്ങളുടെ ഗവേഷണത്തിൻ്റെയും തയ്യാറെടുപ്പുകളുടെയും ഫലമാണ്. അതിനാൽ പ്രതിരോധ ഗവേഷണ വികസനത്തെ പിന്തുണയ്ക്കുന്ന ഒരു നൂതന ആവാസവ്യവസ്ഥ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

സംഭരണ പരിഷ്കാരങ്ങൾ
പ്രതിരോധ സംഭരണത്തിലെ വരുമാനത്തിലും മൂലധനത്തിലും, വേഗതയും കാര്യക്ഷമതയും ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത രക്ഷാ മന്ത്രി ഊന്നിപ്പറഞ്ഞു. വരുമാന സമാഹരണം വേഗത്തിലാക്കാനും സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് പുതിയ പ്രതിരോധ സംഭരണ മാനുവൽ 2025 ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുരോഗമന നടപടികൾക്കുള്ള അംഗീകാരം
സർക്കാരിൻ്റെ ഇ-വ്യാപാര സംഭരണങ്ങളിലൂടെ പ്രതിരോധ ചെലവുകളുടെ സാമ്പത്തിക ആഘാതം വിലയിരുത്തുന്നതിനായി സിജിഡിഎ പുറത്തിറക്കിയ മാർക്കറ്റ് ഇൻ്റലിജൻസ് റിപ്പോർട്ടുകൾ പോലുള്ള സംരംഭങ്ങളെ ശ്രീ രാജ് നാഥ് സിംഗ് അഭിനന്ദിച്ചു. തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ആസൂത്രണത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഡിഎഡിയെ 'പ്രതിരോധ ധനകാര്യത്തിലും സാമ്പത്തിക ശാസ്ത്രത്തിലും മികവിൻ്റെ കേന്ദ്ര'മാക്കി മാറ്റുന്നതിനുള്ള ദർശന രേഖ, കൺട്രോളറുടെ സമ്മേളനത്തിൽ പുറത്തിറക്കിയതിനെയും അദ്ദേഹം ഓർമ്മിച്ചു.

ഡിഎഡിയുടെ 278-ാമത് സ്ഥാപക ദിനം
വകുപ്പിൻ്റെ സാമ്പത്തിക മാനേജ്‌മെൻ്റ്, ഓഡിറ്റ് മികവ്, പുതിയ യുഗത്തിലേക്ക് നയിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത നിരവധി പ്രസിദ്ധീകരണങ്ങൾ, ഡിജിറ്റൽ സംരംഭങ്ങൾ എന്നിവ രക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് പുറത്തിറക്കി. പ്രതിരോധ ചെലവ് സംബന്ധിച്ച സമഗ്ര സ്ഥിതിവിവരക്കണക്ക് കൈപ്പുസ്തകം (COSHE) 2025, പുതുക്കിയ ആർമി ലോക്കൽ ഓഡിറ്റ് മാനുവൽ (ALAM) എന്നിവ പുറത്തിറക്കിയവയിൽ ഉൾപ്പെടുന്നു. കൂടാതെ, രണ്ട് നൂതന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ നിധി 2.0, ജ്ഞാൻ സാഥി എന്നിവയും അവതരിപ്പിച്ചു.

ജനറൽ പ്രൊവിഡൻ്റ് ഫണ്ട് (ജിപിഎഫ്) വരിക്കാർക്കുള്ള ഒരു സംയോജിത കൈകാര്യ സംവിധാനമാണ് നിധി 2.0. ഇത് 1.7 ലക്ഷത്തിലധികം ജീവനക്കാർക്ക് സേവനം നൽകുന്നു. തത്സമയ സമന്വയം, ഓഡിറ്റ് ട്രെയിലുകൾ, ഓട്ടോമേറ്റഡ് ബിൽ പ്രോസസ്സിംഗ്, തടസ്സമില്ലാത്ത ഡിജിറ്റൽ ഇടപെടൽ തുടങ്ങിയ സവിശേഷതകളോടെ സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിനായാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡിഎഡിയുടെ വിപുലമായ മാനുവലുകളുടെയും നിയന്ത്രണങ്ങളുടെയും ശേഖരത്തിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ജ്ഞാൻ സാഥി നിർമിത ബുദ്ധി അധിഷ്ഠിത സഹായം നൽകുന്നു. ഇത് പങ്കാളികൾക്ക് ത്വരിതവും ആധികാരികവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നു.

ഇന്ത്യയുടെ പ്രതിരോധ ചെലവുകളുടെ വിശകലന വിശദാംശങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്രമായ കൈപ്പുസ്തകമാണ് COSHE-2025. ദേശീയവും ആഗോളവുമായ ബജറ്റ് താരതമ്യങ്ങൾ അവതരിപ്പിക്കുന്നതിനും പ്രതിരോധ ധനകാര്യത്തിൽ ദീർഘവീക്ഷണമുള്ള തീരുമാനങ്ങൾ എളുപ്പത്തിലാക്കുന്നതിനുമായി നൂറുകണക്കിന് പട്ടികകളും ഗ്രാഫുകളും ഇതിൻ്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സൈനിക യൂണിറ്റുകളിലും ഫോർമേഷനുകളിലും ഉടനീളമുള്ള സ്റ്റോർ, ക്യാഷ് അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമുള്ള അവശ്യ നിർദ്ദേശങ്ങൾ ALAM നൽകുന്നു. കൂടാതെ പ്രതിരോധ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തവും സുതാര്യതയും നിലനിർത്തുന്നതിനുള്ള പുതുക്കിയ നടപടിക്രമങ്ങളുടെ രൂപരേഖയും നൽകുന്നു.
പ്രധാന പരിഷ്‌കാരങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിൽ സംഘങ്ങളും വ്യക്തികളും കൈവരിച്ച ഉന്നത നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി “രക്ഷാ മന്ത്രി എക്സലൻസ് അവാർഡ് 2025” ചടങ്ങിൽ മന്ത്രി സമ്മാനിച്ചു. പ്രതിരോധ സാമ്പത്തിക മാനേജ്മെൻ്റിലെ നവോത്ഥാനം, പ്രൊഫഷണലിസം, കാര്യക്ഷമത എന്നിവയെ ഉദ്‌ഘോഷിക്കുന്നതാണ് ഈ ബഹുമതികൾ. സ്ഥാപന ശേഷി ശക്തിപ്പെടുത്തുന്നതിനും സായുധ സേനയ്ക്കുള്ള വകുപ്പിൻ്റെ സേവനത്തിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും നൽകിയ സംഭാവനകളെ ഇത് എടുത്തുകാട്ടുന്നു.
278 വർഷത്തെ സേവനകാലം ആഘോഷിക്കുന്ന ഡിഎഡി, 1747-ൽ മിലിട്ടറി പേ മാസ്റ്ററുടെ നിയമനത്തോടെയാണ് ആരംഭിച്ചത്. തുടർന്ന്, ഇന്ത്യയുടെ സായുധസേനകളും അനുബന്ധ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന സാമ്പത്തിക കൈകാര്യ ആവശ്യങ്ങൾ പിന്തുണയ്ക്കുന്നതിനായുള്ള സ്ഥിരം സംവിധാനമായി രൂപാന്തരപ്പെട്ടു. ഇന്ന്, ഡിഎഡി ഇൻ്റേണൽ ഓഡിറ്റ്, പേയ്‌മെൻ്റ്, അക്കൗണ്ടിംഗ്, സാമ്പത്തിക ഉപദേശം, പെൻഷനുകൾ എന്നിവയിൽ വൈദഗ്ദ്ധ്യം നൽകുന്നു. അതേസമയം പ്രതിരോധ ധനകാര്യത്തിലും സാമ്പത്തിക ശാസ്ത്രത്തിലും പ്രതിരോധ മന്ത്രാലയത്തിൻ്റെ ഒരു സുപ്രധാന 'വിജ്ഞാന പങ്കാളി' എന്ന നിലയിലും സേവനം നൽകുന്നു.
*************************************************
(Release ID: 2173770)
Visitor Counter : 8