വ്യോമയാന മന്ത്രാലയം
ശക്തമായ പിന്തുണയോടെ ഇന്ത്യ വീണ്ടും ഐ.സി.എ.ഒ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
അന്താരാഷ്ട്ര വ്യോമയാന സുരക്ഷ, ഭദ്രത, സുസ്ഥിരത എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യ വീണ്ടും ഉറപ്പിക്കുന്നു
Posted On:
30 SEP 2025 2:15PM by PIB Thiruvananthpuram
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ അന്താരാഷ്ട്ര വ്യോമയാന സംഘടനാ കൗൺസിലിന്റെ (കൗൺസിൽ ഓഫ് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ) രണ്ടാം വിഭാഗത്തിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
അന്താരാഷ്ട്ര വ്യോമയാന ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറ്റവും വലിയ സംഭാവന നൽകുന്ന സംസ്ഥാനങ്ങളാണ് രണ്ടാം വിഭാഗത്തിൽ ഉൾപ്പെടുന്നത്. മോൺട്രിയലിൽ നടന്ന 42-ാമത് ഐ.സി.എ.ഒ അസംബ്ലി സമ്മേളനത്തിനിടെ 2025 സെപ്റ്റംബർ 27-നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. അന്താരാഷ്ട്ര സിവിൽ വ്യോമയാനത്തോടുള്ള നേതൃത്വത്തിലും പ്രതിബദ്ധതയിലും അംഗരാജ്യങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, 2022-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇന്ത്യ ഇത്തവണ കൂടുതൽ വോട്ടുകൾ കരസ്ഥമാക്കി.
42-ാമത് ഐ.സി.എ.ഒ അസംബ്ലി സമ്മേളനത്തിന് മുന്നോടിയായി 2025 സെപ്റ്റംബർ രണ്ടിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ന്യൂഡൽഹിയിൽ അംബാസഡർമാർക്കും ഹൈക്കമ്മീഷണർമാർക്കുമായി ഒരു സ്വീകരണം സംഘടിപ്പിച്ചിരുന്നു. ഈ അവസരത്തിൽ, 2025-2028 കാലയളവിലേക്കുള്ള പുനർ തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തിന് കേന്ദ്രവ്യോമയാന മന്ത്രി ശ്രീ. റാംമോഹൻ നായിഡു അംഗരാജ്യങ്ങളുടെ പിന്തുണ തേടുകയും ചെയ്തു.
ഈ ശ്രമത്തെ പിന്തുണച്ചുകൊണ്ട്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, മറ്റ് അംഗരാജ്യങ്ങളുമായുള്ള തുടർച്ചയായ ഇടപെടലിലൂടെ, ഐ.സി.എ.ഒയുടെ ലക്ഷ്യങ്ങളോടുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നയതന്ത്ര ഇടപെടലുകൾ ഐ.സി.എ.ഒ കൗൺസിൽ തിരഞ്ഞെടുപ്പുകൾക്കായുള്ള ഇന്ത്യയുടെ പ്രചാരണത്തെ ശക്തിപ്പെടുത്തി. ഐ.സി.എ.ഒ ആസ്ഥാനത്തെ ഇന്ത്യൻ പ്രതിനിധി (ആർ.ഒ.ഐ) ഇന്ത്യയുടെ പുനർ തിരഞ്ഞെടുപ്പിനുള്ള പിന്തുണയ്ക്കായി സജീവമായി പ്രചാരണം നടത്തുകയും ചെയ്തു.
മോൺട്രിയൽ സന്ദർശന വേളയിൽ കേന്ദ്രമന്ത്രി ശ്രീ റാംമോഹൻ നായിഡു മറ്റ് അംഗരാജ്യങ്ങളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ആഗോള വ്യോമയാന വ്യവസായ പങ്കാളികളുമായി ഇടപഴകുകയും ചെയ്തു. വിമാന ഘടക നിർമ്മാണം, എം.ആർ.ഒ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ ആഗോള പ്രധാനികളിൽ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണികളിൽ ഒന്നെന്ന നിലയിൽ ഇന്ത്യ അതീവ താൽപ്പര്യം ആകർഷിക്കുകയും ചെയ്തു.
1944 മുതൽ ഐ.സി.എ.ഒ-യുടെ സ്ഥാപക അംഗമായ ഇന്ത്യ, 81 വർഷമായി കൗൺസിലിൽ തടസ്സരഹിതമായ സാന്നിധ്യം നിലനിർത്തുന്നു. സുരക്ഷിതവും, ഭദ്രവും, സുസ്ഥിരവും, യോജിപ്പുള്ളതും, ലിംഗഭേദമില്ലാത്തതുമായ അന്താരാഷ്ട്ര വ്യോമയാന ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐ.സി.എ.ഒ-യുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. നയ വികസനം, നിയന്ത്രണ ചട്ടക്കൂടുകൾ, അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ എന്നിവയിൽ ഇന്ത്യ സജീവമായി ഏർപ്പെട്ടിരിക്കുന്നു.
മൂന്ന് വർഷത്തിലൊരിക്കൽ വിളിച്ചുചേർക്കുന്ന ഐ.സി.എ.ഒ അസംബ്ലി, ചിക്കാഗോ കൺവൻഷനിൽ ഒപ്പുവച്ച 193 രാജ്യങ്ങളും ഉൾപ്പെടുന്ന സംഘടനയുടെ പരമാധികാര സംഘമാണ്. അസംബ്ലി വേളയിൽ 193 അംഗരാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന 36 അംഗ ഐ.സി.എ.ഒ കൗൺസിൽ, ത്രിവത്സര കാലാവധിക്കുള്ള ഭരണസമിതിയായി പ്രവർത്തിക്കുന്നു.
2025-2028 കാലയളവിൽ, ഇന്ത്യ ഇനി പറയുന്ന കാര്യങ്ങളിലുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു:
- അന്താരാഷ്ട്ര വ്യോമയാന സുരക്ഷ, ഭദ്രത, സുസ്ഥിരത എന്നിവ ശക്തിപ്പെടുത്തുക.
- വ്യോമ കണക്റ്റിവിറ്റിയിൽ സന്തുലിത വളർച്ച പ്രോത്സാഹിപ്പിക്കുക
- സാങ്കേതികവിദ്യയും നൂതനാശയങ്ങളും വികസിപ്പിക്കുക
- ഐ.സി.എ.ഒയുടെ 'ഒരു രാജ്യവും പിന്നിലാകില്ല' എന്ന സംരംഭത്തെ പിന്തുണയ്ക്കുക.
******************
(Release ID: 2173157)
Visitor Counter : 12