രാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്, ഇന്ത്യൻ സ്കിൽ ഡെവലപ്മെൻ്റ് സർവീസ്, സെൻട്രൽ എഞ്ചിനീയറിംഗ് സർവീസ് എന്നിവയിലെ പ്രൊബേഷനർമാർ രാഷ്ട്രപതിയെ സന്ദർശിച്ചു.
Posted On:
29 SEP 2025 2:35PM by PIB Thiruvananthpuram
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്,ഇന്ത്യൻ സ്കിൽ ഡെവലപ്മെൻ്റ് സർവീസ്,സെൻട്രൽ എഞ്ചിനീയറിംഗ് സർവീസ് എന്നിവയിലെ പ്രൊബേഷനർമാർ ഇന്ന് (സെപ്റ്റംബർ 29,2025) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.

മികച്ച നയ രൂപീകരണവും നടപ്പാക്കലും കൃത്യമായ സ്ഥിതിവിവരക്കണക്ക് വിശകലനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഡാറ്റാധിഷ്ഠിതമായ ഇന്നത്തെ ലോകത്ത് സ്ഥിതിവിവരക്കണക്കുകളുടെ പ്രസക്തി വളരെയധികം വർദ്ധിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.ഔദ്യോഗിക ഡാറ്റ സമാഹരിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാർ എന്ന നിലയിലുള്ള അവരുടെ നിർണായക പങ്കിനേക്കുറിച്ചും രാഷ്ട്രപതി എടുത്തുപറഞ്ഞു.അവരുടെ ജോലി സ്റ്റാറ്റിസ്റ്റിക്കൽ രീതികളിൽ വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്നുവെന്നും അത് രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന ഡാറ്റയും വിവര ആവശ്യങ്ങളും പരിഹരിക്കുന്നതിന് അനിവാര്യമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ഏതൊരു രാജ്യത്തിൻ്റേയും സാമ്പത്തിക വളർച്ച, സാമൂഹിക പുരോഗതി എന്നിവയുടെ യഥാർത്ഥ എഞ്ചിനുകളാണ് നൈപുണ്യവും അറിവുമെന്ന് ഇന്ത്യൻ സ്കിൽ ഡെവലപ്മെൻ്റ് സർവീസ് ഓഫീസർമാരെ(ISDS) അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി വികസിപ്പിക്കുന്ന രാജ്യങ്ങൾ ആഗോള വെല്ലുവിളികളോട് പ്രതികരിക്കാനും വികസനത്തിൻ്റെ വിവിധ മേഖലകളിൽ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും കൂടുതൽ സജ്ജരാണ്. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വളർച്ചയുടെ പാതയിൽ ഇന്ത്യ മുന്നേറുമ്പോൾ നമ്മുടെ യുവാക്കൾ നൂതന സാങ്കേതിക കഴിവുകൾ സ്വീകരിക്കുകയും അവയുമായി പൊരുത്തപ്പെടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.ഭരണനിർവ്വഹണ രംഗത്തെ പ്രത്യേക വൈദഗ്ധ്യമുള്ള ഒരു സേവന വിഭാഗമായി യുവ ISDS ഉദ്യോഗസ്ഥർ ഉയർന്നുവരുമെന്നും ഭാവിയിലേക്ക് സജ്ജമായ തൊഴിൽ ശക്തിയെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഒരു രാജ്യത്തിൻ്റെ സാങ്കേതിക പുരോഗതിയും സാമ്പത്തിക വളർച്ചയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ എഞ്ചിനീയർമാർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കേന്ദ്ര എഞ്ചിനീയറിംഗ് സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചിക്കുന്നതിനാൽ എഞ്ചിനീയറിംഗ് മേഖല ഗണ്യമായ വളർച്ചയിലേക്ക് നീങ്ങുകയാണ്.ഈ സംരംഭങ്ങൾക്ക് സാങ്കേതിക അടിത്തറ നല്കുന്നതിൽ സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെൻ്റ് (CPWD) പോലുള്ള സംഘടനകൾ നേതൃത്വം നല്കണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്‌തു .വികസനം സുസ്ഥിരമാണെന്ന് ഉറപ്പാക്കേണ്ടത് നിർണായകമാണെന്ന് പറഞ്ഞ രാഷ്‌ട്രപതി CPWD സ്വീകരിക്കുന്ന പരിസ്ഥിതി സൗഹൃദ നടപടികളിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.


നയങ്ങൾ നടപ്പാക്കുന്നതിൽ മാത്രമല്ല ഫലപ്രദമായ പ്രതികരണത്തിലൂടെ നയരൂപീകരണത്തിലും ഉദ്യോഗസ്ഥർ നിർണായക പങ്ക് വഹിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.എല്ലാവരുടേയും പ്രത്യേകിച്ച് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സേവനത്തിനും വികസനത്തിനുമുള്ള അവരുടെ പ്രതിബദ്ധത രാജ്യത്തിൻ്റെ വികസനത്തിൻ്റെ വേഗത നിർണ്ണയിക്കും. അഭിനിവേശത്തോടെയും സത്യസന്ധതയോടെയും സേവനമനുഷ്ഠിക്കുന്നതിലൂടെ കൂടുതൽ സമ്പന്നവും, പ്രതിരോധശേഷിയുള്ളതും, എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് സംഭാവന നല്കാൻ കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു. അവരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളിലൂടെ ലോകത്തിന് മുന്നിൽ ശക്തിയുടേയും പുരോഗതിയുടേയും മാതൃകയായി നിലകൊള്ളാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
SKY
**********
(Release ID: 2172739)
Visitor Counter : 10