ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
ശുചിത്വ നഗര പങ്കാളിത്ത സംരംഭം
നഗര മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിപുലമായ മെൻ്റർഷിപ്പ് സംരംഭത്തിന് തുടക്കം കുറിച്ച് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം
Posted On:
27 SEP 2025 1:45PM by PIB Thiruvananthpuram
മാർഗ്ഗനിർദ്ദേശം നല്കുന്നതിനായി 72 മെൻ്റർ നഗരങ്ങളേയും പരിശീലനം നേടുന്നത്തിനായി ഇരുനൂറോളം മെൻ്റി നഗരങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് ഘടനാപരമായ മെൻ്റർഷിപ്പും സഹകരണ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന ശുചിത്വ നഗര പങ്കാളിത്ത സംരംഭ(സ്വച്ഛ് ഷെഹർ ജോഡി)ത്തിന് കേന്ദ്ര ഭവന,നഗരകാര്യ മന്ത്രാലയം(MoHUA) തുടക്കം കുറിച്ചു.സ്വച്ഛ് സർവേക്ഷൺ റാങ്കിംഗിലെ സമീപകാല പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച നഗരങ്ങളെ മെൻ്റർ നഗരങ്ങളായി തിരഞ്ഞെടുക്കുന്നു.ഇവയെ കുറഞ്ഞ പ്രകടനം കാഴ്ചവച്ച നഗരങ്ങളുമായി ജോഡിയാക്കുകയും മാര്‍ഗനിര്‍ദ്ദേശം നല്കുകയും ചെയ്യുന്നു. സ്വച്ഛ് ഭാരത് മിഷൻ - നഗര(SBM-U)ത്തിന് കീഴിൽ നടപ്പാക്കുന്ന ശുചിത്വ നഗര പങ്കാളിത്ത സംരംഭത്തിന് കേന്ദ്ര മന്ത്രി ശ്രീ മനോഹർ ലാൽ തുടക്കം കുറിച്ചു.
നഗര മാലിന്യ സംസ്‌ക്കരണ മേഖലയിലെ ഏറ്റവും വലുതും സമയബന്ധിതവും ഘടനാപരവുമായ മെൻ്റർഷിപ്പ് ചട്ടക്കൂടുകളിലൊന്നാണ് ശുചിത്വ നഗര പങ്കാളിത്ത സംരംഭം.അറിവും അനുഭവവും പങ്കിടൽ, സഹപാഠ പഠനം, രാജ്യത്തെ നഗര പ്രദേശങ്ങളിലുടനീളം ശുചിത്വത്തിലും മാലിന്യ സംസ്‌കരണത്തിലുമുള്ള മികച്ച സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സംരംഭം ലക്ഷ്യമിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ നഗര ശുചിത്വ സർവ്വേയായ സ്വച്ഛ് സർവേക്ഷണിൻ്റെ തുടർച്ചയായ പതിപ്പുകളിൽ നേതൃത്വപരവും പ്രവർത്തനപരവുമായ വെല്ലുവിളികൾക്കിടയിലും നിരവധി നഗരങ്ങൾ അസാധാരണ പ്രകടനം, ഉയർന്ന പൗര പങ്കാളിത്തം, പ്രതിരോധശേഷിയുള്ള ഭരണനിർവ്വഹണം എന്നിവ സ്ഥിരമായി പ്രകടിപ്പിച്ചിട്ടുണ്ട്.ഈ മികച്ച രീതികളെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും പകർത്താനുമുള്ള ചർച്ചകൾ തുടരാൻ ഇത് കാരണമായി. ഇതിനനുസൃതമായി ഈ വർഷത്തെ സ്വച്ഛ് സർവേക്ഷണിൽ സൂപ്പർ സ്വച്ഛ് ലീഗ് അവതരിപ്പിച്ചു. സ്വച്ഛ് സർവേക്ഷൺ 2022,2023,2024 വർഷങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ നഗരങ്ങളെ അഞ്ച് ജനസംഖ്യാ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച നഗരങ്ങളായി ലീഗിൽ ഉൾപ്പെടുത്തി.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നഗരങ്ങളെ ഉയർന്ന അഭിലാഷ നിലവാരത്തിനായി പരിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുക,അതേസമയം മറ്റ് നഗരങ്ങളെ മെച്ചപ്പെടുത്താനും മികച്ച റാങ്കുകൾ ലക്ഷ്യമിടാനും പ്രേരിപ്പിക്കുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം.

സൂപ്പർ സ്വച്ഛ് ലീഗിൻ്റെ ഭാഗമായ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നഗരങ്ങളാണ് മെൻ്റർ നഗരങ്ങൾ. സ്വച്ഛ് സർവേക്ഷൺ 2024 ലെ ജനസംഖ്യാ വിഭാഗങ്ങളിൽ മികച്ച മൂന്ന് റാങ്ക് നേടിയ നഗരങ്ങളും,സ്വച്ഛ് സർവേക്ഷൺ 2024 ൻ്റെ ഭാഗമായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച ശുചിത്വ നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നു.ജോഡിയാക്കിയ മെൻ്റർ നഗരങ്ങളുമായുള്ള ഭൂമിശാസ്ത്രപരമായ സാമീപ്യം കണക്കിലെടുത്ത് അവരുടെ സംസ്ഥാനത്തെ സമീപകാല സ്വച്ഛ് സർവേക്ഷൺ റാങ്കിംഗിലെ ഏറ്റവും താഴ്ന്ന റാങ്കുകളിൽ നിന്നാണ് പരിശീലനം നേടാനുള്ള മെൻ്റി നഗരങ്ങളെ തിരഞ്ഞെടുത്തത്.
സോണിപത്തിൽ നടന്ന ശുചിത്വ നഗര പങ്കാളിത്ത സംരംഭത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ അന്ത്യോദയയുടെ ആത്മാവിനെക്കുറിച്ച് ഊന്നിപ്പറഞ്ഞു - ഒരു നഗരവും പിന്നാക്കം പോകുന്നില്ല,ഓരോ നഗരവും മിഷൻ്റെ കൂട്ടായ അറിവിൻ്റെ ശേഖരത്തിൽ നിന്ന് പ്രയോജനം നേടുന്നു. "സ്വച്ഛ് ഭാരത് മിഷൻ്റെ ആത്മാവ് എല്ലാ പങ്കാളികൾക്കും ശേഷിയും കഴിവുകളും വളർത്തിയെടുക്കുന്നതിൽ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട് - ഇത് എല്ലാവരെയും ഉൾക്കൊള്ളുന്ന ദൗത്യമാണ്,അവിടെ നാമെല്ലാവരും ഒരുമിച്ച് നടക്കുന്നു.ശുചിത്വ നഗര പങ്കാളിത്ത സംരംഭം വെറുമൊരു ആചാരപരമായ പങ്കാളിത്തമല്ല -മറിച്ച് സമയബന്ധിതവും ഫലത്തെ അടിസ്ഥാനമാക്കിയുള്ളതുമായ സംരംഭമാണ്.നഗര മാലിന്യ സംസ്കരണ മേഖലയിലെ ഏറ്റവും വലുതും ഘടനാപരവും സമയബന്ധിതവുമായ മാർഗ്ഗനിർദ്ദേശ ക്രമീകരണങ്ങളിൽ ഒന്നാണിത്." അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ഓഗസ്റ്റ് 26 ന് മെൻ്റർ,മെൻ്റി നഗരങ്ങളെ ഔദ്യോഗികമായി ജോഡിയാക്കിക്കൊണ്ട് ശുചിത്വ നഗര പങ്കാളിത്ത സംരംഭത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ഭവന,നഗരകാര്യ മന്ത്രാലയം പുറത്തിറക്കി. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നഗരങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ മെൻ്റി നഗരങ്ങൾക്ക് അവരുടെ മികച്ച രീതികൾ പകർത്താൻ കഴിയും.നഗര പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ
നഗരങ്ങൾ തമ്മിലുള്ള മെൻ്റർഷിപ്പിന്റെ സ്വാധീനം പ്രദർശിപ്പിക്കുന്നതിനായി മന്ത്രാലയം 100 ദിവസത്തെ പരിപാടി ആരംഭിച്ചിട്ടുണ്ട്.ഈ കാലയളവിൽ ഓരോ മെൻ്റർ-മെൻ്റി ജോഡിയും അനുഭവ പങ്കിടലിലും അറിവ് കൈമാറ്റത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് വ്യക്തമായി നിർവചിക്കപ്പെട്ട നാഴികക്കല്ലുകളുള്ള പ്രവർത്തന പദ്ധതികൾ സഹകരിച്ച് വികസിപ്പിക്കും.
സംസ്ഥാനങ്ങളിലുടനീളം ശുചിത്വ നഗര പങ്കാളിത്ത സംരംഭം ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിന് കേന്ദ്ര ഭവന,നഗരകാര്യ മന്ത്രാലയം തന്ത്രപരമായ നിർദ്ദേശവും നയപരമായ പിന്തുണയും നല്കും.സ്വച്ഛ് ഭാരത് മിഷൻ്റെ ശേഷി വികസന സംരംഭത്തിന് കീഴിലാണ് ഇത് പിന്തുണയ്ക്കുന്നത്.
പങ്കെടുക്കുന്ന എല്ലാ നഗരങ്ങളുടേയും അവയുടെ രാഷ്ട്രീയ കാര്യനിർവാഹക മേധാവികളുടേയും സാന്നിധ്യത്തിൽ രാജ്യത്തുടനീളം ഏകദേശം 300 ധാരണാപത്രങ്ങൾ ഒരേസമയം ഒപ്പുവച്ചു.അങ്ങനെ അറിവ് പങ്കിടൽ, മാർഗനിർദ്ദേശം, കൈകോർക്കൽ എന്നിവയ്ക്കായി ഒരു ചലനാത്മക വേദി സൃഷ്ടിക്കുന്നതിനുള്ള 100 ദിവസത്തെ ഘട്ടത്തിന് ഇതിലൂടെ തുടക്കമായി.ഇത് സ്വച്ഛ് സർവേക്ഷൺ 2026 ൽ വിലയിരുത്തപ്പെടും.
SKY
*********
(Release ID: 2172664)
Visitor Counter : 11