ഷിപ്പിങ് മന്ത്രാലയം
66,000 കോടിയിലേറെ രൂപയുടെ നിക്ഷേപം ഉറപ്പാക്കുന്ന ധാരണാപത്രങ്ങളിലൂടെ രാജ്യത്തെ 'ആത്മനിര്‍ഭര്‍' കപ്പൽ നിർമാണത്തിന് ഉണർവ്
കൊച്ചി കപ്പല്‍ നിര്‍മാണശാലയും മസഗോൺ ഡോക്കും ആഗോള പങ്കാളികളുമായി പ്രധാന കരാറുകളിൽ ഒപ്പുവെച്ചു; ഇന്ത്യയുടെ കപ്പൽ നിർമാണ വിപുലീകരണത്തിന് 18,700 കോടി രൂപയുടെ നിക്ഷേപം
Posted On:
28 SEP 2025 7:42PM by PIB Thiruvananthpuram
"സമുദ്രത്തിലൂടെ സമൃദ്ധി - ഇന്ത്യന്‍ സമുദ്രമേഖലയുടെ പരിവർത്തനം" എന്ന പ്രമേയത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിക്ക് മുന്നോടിയായി 2025 സെപ്റ്റംബർ 19-ന് ഭാവ്‌നഗറിൽ സംഘടിപ്പിച്ച ധാരണാപത്രങ്ങളുടെ കൈമാറ്റ ചടങ്ങ് ഇന്ത്യയുടെ സമുദ്രപര്യവേക്ഷണത്തില്‍ ചരിത്രപരമായ അധ്യായം എഴുതിച്ചേർത്തു. സമുദ്രമേഖലയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾക്കാണ് പരിപാടിയില്‍ തുടക്കം കുറിച്ചത്. കേന്ദ്ര തുറമുഖ, കപ്പല്‍ ഗതാഗത, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ, കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, തുറമുഖ, കപ്പല്‍ഗതാഗത, ജലപാത സഹമന്ത്രി ശ്രീ ശന്തനു താക്കൂർ എന്നിവരുടെ സാന്നിധ്യത്തിൽ 2025 സെപ്റ്റംബർ 18-നാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. സമുദ്രമേഖലയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരുകളും അന്താരാഷ്ട്ര പങ്കാളികളും തമ്മില്‍ 27 ധാരണാപത്രങ്ങള്‍ ചടങ്ങില്‍ കൈമാറി. ആകെ 66,000 കോടിയിലേറെ രൂപയുടെ നിക്ഷേപ സാധ്യതയുള്ള ഈ കരാറുകൾ രാജ്യത്തെ സമുദ്ര, കപ്പൽ നിർമാണ മേഖലകളുടെ വളർച്ചയിലെ സുപ്രധാന പ്രതിബദ്ധത അടയാളപ്പെടുത്തുന്നു.
സമുദ്രമേഖലയിലെ വളർച്ചയ്ക്ക് ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന സംയോജിത കാഴ്ചപ്പാടാണ് ധാരണാപത്ര കൈമാറ്റ ചടങ്ങിൽ പ്രകടമായത്. പുതിയ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, കപ്പല്‍ഗതാഗത – കപ്പൽ നിർമാണ ക്ലസ്റ്ററുകൾ, ആഗോള കപ്പൽശാല പങ്കാളിത്തം, ധനസഹായ സംവിധാനങ്ങൾ, നൂതന സമുദ്ര നിക്ഷേപം എന്നിവയ്ക്കൊപ്പം വാട്ടർ മെട്രോ, ഹരിത ടഗ്ഗുകൾ പോലുള്ള സുസ്ഥിര പദ്ധതികളും ലൈറ്റ്ഹൗസ് മ്യൂസിയമടക്കം പൈതൃകവുമായി ബന്ധപ്പെട്ട സംരംഭങ്ങളും ഇതിലുൾപ്പെടുന്നു. വ്യാവസായികവും സാമൂഹ്യവും സാമ്പത്തികവും തന്ത്രപരവുമായ കൂട്ടായ സ്വാധീനം മൂലം ഈ പദ്ധതികള്‍ അടുത്ത പതിറ്റാണ്ടില്‍ ഇന്ത്യയെ ആഗോള മുൻനിര സമുദ്ര, കപ്പൽ നിർമാണ കേന്ദ്രമായി ഉയർത്താനൊരുങ്ങുകയാണ്. ഇത് 'ആത്മനിർഭർ ഭാരത്' എന്ന ദേശീയ ലക്ഷ്യത്തെ മുന്നോട്ടു നയിക്കുന്നു.
“പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ നേതൃത്വത്തിന് കീഴിൽ ഇന്ത്യയുടെ സമുദ്രമേഖല ചരിത്രപരമായ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ശക്തവും സ്വയംപര്യാപ്തവും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ സമുദ്രമേഖല കെട്ടിപ്പടുക്കുന്നതിന് രാജ്യം കാണിക്കുന്ന പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ സംരംഭങ്ങൾ. തുറമുഖങ്ങൾ, കപ്പൽ നിർമാണം, സുസ്ഥിര പദ്ധതികൾ എന്നിവ ഇതേ വേഗത്തില്‍ മുന്നോട്ടുനീങ്ങുമ്പോള്‍ 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കുകയാണ് നാം.” - ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.
ഒപ്പുവെച്ച കരാറുകളിൽ ഏറ്റവും പ്രധാനം തുറമുഖ വികസനവും ശേഷി വർധനയുമായി ബന്ധപ്പെട്ടതാണ്. ബഹൂദയിൽ പുതിയ തുറമുഖം വികസിപ്പിക്കുന്നതിന് പാരദീപ് തുറമുഖ അതോറിറ്റി, വിശാഖപട്ടണം തുറമുഖ അതോറിറ്റി, സാഗർമാല ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്, ഒഡീഷ സർക്കാർ എന്നിവര്‍ തമ്മിൽ സുപ്രധാന ധാരണാപത്രം ഒപ്പുവെച്ചു. സമുദ്രസംബന്ധമായ ആവശ്യങ്ങൾക്ക് നീക്കിവെച്ച 6,700 ഏക്കറിലധികം തീരദേശ ഉപ്പളങ്ങളിൽ വികസിപ്പിക്കാനുദ്ദേശിക്കുന്ന ഈ തുറമുഖത്തിന് 150 ദശലക്ഷം ടൺ വാര്‍ഷിക ശേഷയുണ്ടാവും. ഏകദേശം 21,500 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി ഒഡീഷയിലും വടക്കൻ ആന്ധ്രാപ്രദേശിലും തുറമുഖാടിസ്ഥാനത്തില്‍ വ്യവസായവൽക്കരണം, ചരക്കുനീക്ക പാർക്കുകൾ, നിർമാണ ക്ലസ്റ്ററുകൾ എന്നിവയ്ക്ക് താങ്ങായി പ്രവർത്തിക്കും. പദ്ധതി 25,000-ത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തുറമുഖം തൊഴിലവസരങ്ങൾ നൽകുമെന്നും കിഴക്കേ ഇന്ത്യയിൽ വ്യാവസായിക, അടിസ്ഥാന സൗകര്യ വികസനത്തിന്റെ പുതിയ തരംഗങ്ങൾക്ക് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു.
കൂടാതെ, സുസ്ഥിര ഗതാഗത മാർഗങ്ങളിലും ചടങ്ങ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഉള്‍നാടന്‍ ജലപാത അതോറിറ്റിയും ബിഹാർ സർക്കാരും ചേർന്ന് പാട്നയിലെ വാട്ടർ മെട്രോ പദ്ധതിയ്ക്ക് ധാരണാപത്രം ഒപ്പുവെച്ചു. ഏകദേശം 908 കോടി രൂപ മൂല്യം വരുന്ന പദ്ധതി ഊർജക്ഷമമായ ഇലക്ട്രിക് ബോട്ടുകള്‍ വിന്യസിക്കാനും ആധുനിക ടെർമിനലുകൾ വികസിപ്പിക്കാനും നഗരത്തിലെ ജലപാതകളെ മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിക്കാനും ലക്ഷ്യമിടുന്നു. പട്നയില്‍ നദീതീരത്തെ നാല് പാതകളില്‍ തന്ത്രപൂര്‍വം കണ്ടെത്തിയ പത്ത് ടെർമിനൽ പോയിന്റുകൾ ജനങ്ങളുടെ നഗര യാത്രാരീതികളെ പരിവര്‍ത്തനം ചെയ്യും. രാജ്യത്തെ മറ്റ് നഗരങ്ങളില്‍ സമാന പദ്ധതികൾക്ക് ഈ സംരംഭം മാതൃകയാവും.
ഈ ധാരണാപത്രങ്ങൾ ഇന്ത്യയുടെ സമുദ്രമേഖലാ മുന്നേറ്റത്തിന്റെ തെളിവാണെന്ന് ശ്രീ സോനോവാള്‍ പറഞ്ഞു. സംസ്ഥാനങ്ങൾ, വ്യവസായങ്ങൾ, ആഗോള പങ്കാളികൾ എന്നിവർ തമ്മിലെ സഹകരണം വളർത്തി കപ്പൽ നിർമാണത്തിന്റെയും തുറമുഖാധിഷ്ഠിത വളർച്ചയുടെയും പുതുയുഗത്തിന് നാം തുടക്കം കുറിയ്ക്കുകയാണ്. ഇത് കേവലം അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച പദ്ധതിയല്ലെന്നും മറിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സമൂഹങ്ങളെ ശാക്തീകരിക്കാനും ലോകത്തെ മുൻനിര സമുദ്ര രാഷ്ട്രമായി ഇന്ത്യയെ അടയാളപ്പെടുത്താനും ലക്ഷ്യമിടുന്നുവെന്നും ശ്രീ സോനോവാൾ പറഞ്ഞു.
കപ്പല്‍ഗതാഗത രംഗത്ത് ഇന്ത്യയുടെ ഊർജ സ്വാതന്ത്ര്യത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പിന്റെ ഭാഗമായി ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും എണ്ണ പൊതുമേഖലാ സ്ഥാപനങ്ങളായ IOCL , BPCL , HPCL എന്നിവരും തമ്മിൽ കപ്പല്‍ ഉടമസ്ഥത സംയുക്ത സംരംഭ കമ്പനി രൂപീകരിക്കാന്‍ ധാരണാപത്രം പുറത്തിറക്കി. ഊർജ പൊതുമേഖലാ സ്ഥാപനങ്ങളുടെ കപ്പൽസംബന്ധമായ ആവശ്യകതകൾ സംയോജിപ്പിച്ച് വിദേശ കപ്പലുകളുടെ ആശ്രിതത്വം കുറയ്ക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ആദ്യ പടിയാണിത്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണപരവും പ്രവർത്തനപരവുമായ വൈദഗ്ധ്യത്തിന്റെ പിന്തുണയോടെ രാജ്യത്ത് നിർമിക്കുന്ന കപ്പലുകൾക്ക് ദീർഘകാല ചാർട്ടർ കരാറുകൾ ഉറപ്പാക്കാനും ഇത് സഹായിക്കും. ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ, ഉത്പന്ന ഗതാഗത ശൃംഖലകൾ സുരക്ഷിതമാക്കാനും സർക്കാരിന്റെ 'ആത്മനിർഭർ ഭാരത്' പദ്ധതിക്കനുസൃതമായി ഇന്ത്യൻ കപ്പൽ നിർമാതാക്കളുടെ ആവശ്യകത വർധിപ്പിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.
ചടങ്ങിൽ ഒപ്പുവെച്ച മറ്റൊരു വിഭാഗം ധാരണാപത്രങ്ങൾ കപ്പൽ നിർമാണവും അനുബന്ധ ക്ലസ്റ്ററുകളുമായി ബന്ധപ്പെട്ടവയാണ്. ഇന്ത്യയുടെ കപ്പൽ നിർമാണശേഷിയെക്കുറിച്ചുള്ള ആഗോള ധാരണ അടിമുടി മാറ്റാന്‍ ലക്ഷ്യമിടുന്ന ഈ നീക്കത്തിന്റെ ഭാഗമായി കപ്പൽ നിർമാണ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര തുറമുഖ കപ്പല്‍ഗതാഗത ജലപാത മന്ത്രാലയത്തിന് കീഴിലെ പ്രധാന തുറമുഖങ്ങളും ആന്ധ്രാപ്രദേശ്, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാന സർക്കാരുകളും തമ്മില്‍ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. കുറഞ്ഞ ചെലവിൽ ഭൂമി കൈമാറ്റം, നികുതി ഇളവുകൾ, നയപരമായ കാര്യങ്ങള്‍ സുഗമമാക്കുന്ന നടപടികൾ എന്നിവയുടെ പിന്തുണയോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത നിക്ഷേപമുള്ള പ്രത്യേക ലക്ഷ്യാധിഷ്ഠിത സ്ഥാപനങ്ങള്‍ (എസ്പിവി) വഴിയാണ് പദ്ധതി നടപ്പാക്കുക. ഓരോ ക്ലസ്റ്ററിലും അത്യാധുനിക കപ്പൽശാലകള്‍ക്കൊപ്പം ഗവേഷണ-വികസന കേന്ദ്രങ്ങൾ, ചെറുകിട വ്യാവസായിക സഹകരണകേന്ദ്രങ്ങള്‍, അനുബന്ധകേന്ദ്രങ്ങള്‍, പ്രത്യേക പരിശീലന സൗകര്യങ്ങൾ, ചരക്കുനീക്ക ഇടനാഴികൾ എന്നിവയുമുണ്ടാകും. 2047-ൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷിക വേളയില്‍ ലോകത്തെ മികച്ച അഞ്ച് കപ്പൽ നിർമാണ രാജ്യങ്ങളിലൊന്നായി ഇന്ത്യയെ ഉയർത്തുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. കൂടാതെ ഹരിത നൂതനാശയ കേന്ദ്രങ്ങളായി രൂപകല്പന ചെയ്തിരിക്കുന്ന ഈ ക്ലസ്റ്ററുകൾ കാർബൺ രഹിത കപ്പൽ നിർമാണത്തെയും പരിസ്ഥിതി സൗഹൃദ സമുദ്ര എന്‍ജിനീയറിങ് രീതികളെയും പ്രോത്സാഹിപ്പിക്കുന്നു.
നിരവധി ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളും അന്താരാഷ്ട്ര പങ്കാളികളും തമ്മിലെ സഹകരണത്തിനും ചടങ്ങ് സാക്ഷ്യം വഹിച്ചു. കൊച്ചിൻ ഷിപ്‌യാർഡും (CSL ) എച്ച്ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് & ഓഫ്‌ഷോർ എന്‍ജിനീയറിങും തമ്മിൽ വന്‍കിട വാണിജ്യ കപ്പലുകൾ ഇന്ത്യയിൽ നിർമിക്കാന്‍ തന്ത്രപരമായ ദീർഘകാല പങ്കാളിത്തത്തിന് ധാരണാപത്രം ഒപ്പുവെച്ചു. 2024 ജനുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് നിലവില്‍ പ്രവർത്തനക്ഷമമായ കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ പുതിയ 310 മീറ്റർ ഡ്രൈ ഡോക്ക് സൗകര്യം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിലൂടെ ഇന്ത്യയ്ക്ക് സൂയസ്മാക്സ് ഓയിൽ ടാങ്കറുകൾ, കണ്ടെയ്‌നർ കപ്പലുകൾ, വന്‍കിട ചരക്കുവാഹിനികള്‍ എന്നിവയടക്കം പ്രതിവർഷം ആറുവരെ വലിയ കപ്പലുകൾ നിർമിക്കാനാവും. ഈ സൗകര്യത്തിനായി കൊച്ചിയിൽ 80 ഏക്കർ വിസ്തൃതിയിൽ ബ്ലോക്ക് ഫാബ്രിക്കേഷൻ ഫെസിലിറ്റി (ബിഎഫ്എഫ്) സ്ഥാപിക്കാൻ കൊച്ചി കപ്പല്‍നിര്‍മാണശാല പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 3,700 കോടി രൂപയുടെ നിക്ഷേപം ഇതിനാവശ്യമാണ്. പ്രതിവർഷം 1,20,000 മെട്രിക് ടൺ സ്റ്റീൽ ഫാബ്രിക്കേഷൻ ഇവിടെ നടത്താം. ഈ കേന്ദ്രം 2,000-ത്തോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുകയും അനുബന്ധ വ്യവസായങ്ങളായ എംഎസ്എംഇകൾക്കും വിതരണ ശൃംഖലകൾക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
തമിഴ്‌നാട്ടിൽ 15,000 കോടി രൂപ ചെലവിൽ കപ്പൽ നിർമാണ സമുച്ചയം സ്ഥാപിക്കാന്‍ സിപ്കോട്ട്, ഗൈഡൻസ് എന്നിവരുമായും കൊച്ചി കപ്പല്‍നിര്‍മാണശാല ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഈ കേന്ദ്രത്തിന് മറ്റെങ്ങുമില്ലാത്തവിധം പ്രതിവർഷം ഒരു ദശലക്ഷം ജിടി കപ്പലുകൾ നിർമിക്കാനുള്ള ശേഷിയുണ്ടാകും. 8,000 പേര്‍ക്ക് പ്രത്യക്ഷമായും 40,000-ത്തിലധികം പേര്‍ക്ക് പരോക്ഷമായും ഈ കേന്ദ്രം തൊഴിലവസരങ്ങൾ നൽകും. മസഗോൺ ഡോക്ക് കപ്പല്‍നിര്‍മാണ കമ്പനി തൂത്തുക്കുടിയിൽ മറ്റൊരു പുതിയ വന്‍കിട കപ്പൽശാല സ്ഥാപിക്കാന്‍ ഗൈഡൻസ് തമിഴ്‌നാടുമായി സമാന്തര ധാരണാപത്രവും ഒപ്പുവെച്ചു.
ഷിപ്പ്‌യാർഡ് അസോസിയേഷൻ ഓഫ് ഇന്ത്യയും ഇന്ത്യൻ സ്റ്റീൽ അസോസിയേഷനും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം ആഭ്യന്തര ഉല്പാദന കാര്യക്ഷമത ലക്ഷ്യമിടുന്ന മറ്റൊരു സുപ്രധാന നീക്കമാണ്. കപ്പൽശാലകളിൽ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്ന സ്റ്റീൽ ഉപയോഗിക്കുന്നതിന് മുൻഗണന നൽകാന്‍ ഈ ധാരണാപത്രം ലക്ഷ്യമിടുന്നു. സ്റ്റീൽ ഉല്പാദകരും കപ്പൽ നിര്‍മാതാക്കളും തമ്മിലെ ഈ ബന്ധം വ്യാവസായിക സംയോജനത്തിനും ഇറക്കുമതിക്ക് പകരം ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാര്‍ നടത്തിവരുന്ന ശ്രമങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നു. ഇന്ത്യയുടെ സമുദ്രമേഖലയിലെ വളർച്ചയുടെ ഫലങ്ങള്‍ രാജ്യത്തെ നിർമാണ മേഖലയുടെ ആവശ്യകത വര്‍ധിപ്പിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു.
********************
(Release ID: 2172596)
Visitor Counter : 9