പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

രാജ്യവ്യാപകമായി "സബ്കി യോജന, സബ്കാ വികാസ്"പരിപാടിക്ക് പഞ്ചായത്തിരാജ് മന്ത്രാലയം, 2025 ഒക്ടോബർ 2 ന് തുടക്കം കുറിക്കും.

Posted On: 27 SEP 2025 11:07AM by PIB Thiruvananthpuram

2026-27 സാമ്പത്തിക വർഷത്തേക്കുള്ള പഞ്ചായത്ത് വികസന പദ്ധതികൾ (പിഡിപി) തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്, 2025 ഒക്ടോബർ 2 മുതൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജനകീയ ആസൂത്രണ പരിപാടി (പിപിസി) 2025-26- "സബ്കി യോജന, സബ്ക വികാസ്" അഭിയാൻ നടപ്പിലാക്കാൻ പഞ്ചായത്തിരാജ് മന്ത്രാലയം തീരുമാനിച്ചു. 2018 ൽ ആരംഭിച്ചതിനുശേഷം, ജനകീയ ആസൂത്രണ പരിപാടി, പ്രത്യേക ഗ്രാമസഭാ യോഗങ്ങളിലൂടെ പ്രാദേശിക മുൻഗണനകൾക്ക് അനുയോജ്യവും ദേശീയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായ വിധത്തിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതും സംയോജിതവും സമഗ്രവുമായ പിഡിപികൾ തയ്യാറാക്കാൻ പഞ്ചായത്തുകളെ പ്രാപ്തമാക്കിയിട്ടുണ്ട്. ഈ നടപടി പങ്കാളിത്ത ആസൂത്രണത്തെ കൂടുതൽ വിപുലമാക്കുകയും രാജ്യത്തുടനീളമുള്ള അടിസ്ഥാന തലത്തിലെ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇ- ഗ്രാമസ്വരാജ് പോർട്ടലിൽ ലഭ്യമായ ഡാറ്റ പ്രകാരം, ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾ (GPDPs), ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതികൾ (BPDPs), ജില്ലാ പഞ്ചായത്ത് വികസന പദ്ധതികൾ (DPDPs) എന്നിവ ഉൾപ്പെടുന്ന 18.13 ലക്ഷത്തിലധികം പഞ്ചായത്ത് വികസന പദ്ധതികൾ 2019–20 മുതൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതിൽ 2.52 ലക്ഷത്തിലധികം പദ്ധതികൾ 2025–26 ലെ നിലവിലുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്.

2025–26 ലെ ജനകീയ ആസൂത്രണ പരിപാടിക്കായി തയ്യാറെടുക്കുന്നതിന് പഞ്ചായത്തിരാജ് മന്ത്രാലയം സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ വകുപ്പുകളുമായും പങ്കാളികളുമായും വെർച്വൽ ആശയവിനിമയം ആരംഭിച്ചു. മന്ത്രാലയ അഡീഷണൽ സെക്രട്ടറി ശ്രീ സുശീൽ കുമാർ ലോഹാനി, തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനും പദ്ധതി നിർവഹണ തന്ത്രം പങ്കിടുന്നതിനുമായി സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായും സംസ്ഥാന ഗ്രാമവികസന, പഞ്ചായത്തിരാജ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായും (SIRD&PRs) 2025 സെപ്റ്റംബർ 26-ന് വെർച്വൽ യോഗം നടത്തി. വിവിധ പദ്ധതികളുടെ സംയോജനവും അടിസ്ഥാന പങ്കാളിത്തവും ഉറപ്പാക്കാൻ, പ്രത്യേക ഗ്രാമസഭാ യോഗങ്ങളിൽ സജീവമായി പങ്കെടുക്കാൻ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ അതാത് വകുപ്പുകൾക്ക് നിർദ്ദേശം നൽകാൻ 20 അനുബന്ധ മന്ത്രാലയങ്ങൾ/വകുപ്പുകളോട് പഞ്ചായത്തിരാജ് മന്ത്രാലയം അഭ്യർത്ഥിച്ചു. സെപ്റ്റംബർ അവസാനത്തോടെ നിരീക്ഷണ സംവിധാനം സജീവമാക്കാനും, നോഡൽ ഓഫീസർമാരെ നിയമിക്കാനും, ഫെസിലിറ്റേറ്റർമാർക്ക് പരിശീലനം നൽകാനും, ഗ്രാമസഭ ചേരുന്നതിനുള്ള സമയക്രമം അന്തിമമാക്കാനും, പൊതു വിവര ബോർഡുകളിൽ അറിയിപ്പ് പ്രദർശിപ്പിക്കാനും സംസ്ഥാനങ്ങളോടും / കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 2025 ഒക്ടോബർ 2 ന് ചേരുന്ന പ്രത്യേക ഗ്രാമസഭകൾ 2025-26 ലെ ജനകീയ ആസൂത്രണ പരിപാടി(പിപിസി)യ്ക്ക് ഔപചാരിക തുടക്കം കുറിക്കും.

 

 ജനകീയ ആസൂത്രണ പരിപാടി 2025–26: സബ്കി യോജന, സബ്കാ വികാസ്

പങ്കാളിത്തപരവും സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ പ്രാദേശിക ഭരണം ശക്തിപ്പെടുത്തുക എന്നതാണ് ജനകീയ ആസൂത്രണ പരിപാടി 2025–26 ലക്ഷ്യമിടുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ (ഇ ഗ്രാമ സ്വരാജ്, മേരി പഞ്ചായത്ത് ആപ്പ്, പഞ്ചായത്ത് നിർണയ്) ഉപയോഗിച്ച് മുൻ GPDP-കളെ ഗ്രാമസഭകൾ അവലോകനം ചെയ്യുകയും പുരോഗതി വിലയിരുത്തുകയും, കാലതാമസം പരിഹരിക്കുകയും ചെയ്യും. കേന്ദ്ര ധനകാര്യ കമ്മീഷൻ നൽകിയ ഗ്രാന്റുകളിൽ ചെലവഴിക്കാത്ത വിഹിതം ഉപയോഗിച്ച്, ഇത്തരത്തിൽ പൂർത്തിയാകാത്ത ജോലികൾക്ക് മുൻഗണന നൽകും. പഞ്ചായത്ത് വികസന സൂചിക(PAI) ഉപയോഗിച്ച് ആസൂത്രണം നടത്തും. 'സഭാസാറി'ന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കും. കൂടാതെ തനത് വരുമാനം (OSR) വർദ്ധിപ്പിക്കുകയും സാമൂഹ്യ പങ്കാളിത്തം വിപുലമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആദി കർമ്മയോഗി അഭിയാൻ പ്രകാരം ഗോത്ര ശാക്തീകരണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും ദേശീയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിൽ സമഗ്ര വികസനത്തിനായി ഗ്രാമസഭകളെ നിർണായക വേദികളായി പരിവർത്തനപ്പെടുത്തുകയും ചെയ്യും. പഞ്ചായത്ത് പ്രതിനിധികൾ, അനുബന്ധ വകുപ്പുകൾ, സാമൂഹ്യ പ്രവർത്തകർ, മുൻനിര ജീവനക്കാർ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ, ആസൂത്രണ പ്രക്രിയയിൽ സുതാര്യത, സംയോജനം, ഉത്തരവാദിത്വം എന്നിവ കൂടുതൽ ശക്തിപ്പെടുത്താനും പരിപാടി സഹായിക്കും. ഇതിലൂടെ ഗ്രാമീണ മേഖലകളിൽ മികച്ച സേവന വിതരണത്തിനും ശുഭകരമായ ഫലങ്ങൾക്കും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

***************


(Release ID: 2172111) Visitor Counter : 26