രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ധൈര്യത്തിന്റെയും അച്ചടക്കത്തിന്റെയും ദേശസ്‌നേഹത്തിന്റെയും നൈരന്തര്യത്തെ പ്രതീകവത്ക്കരിക്കുന്ന മിഗ്-21, തദ്ദേശീയ LCA-തേജസിന്റെ നിർമ്മാണത്തിനും AMCA യുടെ വികസനത്തിനും പ്രചോദനമേകും: രാജ്യരക്ഷാ മന്ത്രി

Posted On: 26 SEP 2025 3:15PM by PIB Thiruvananthpuram

"പ്രതിരോധമേഖലയിൽ ഇന്ത്യ ആത്മനിർഭരതയിലേക്ക് കുതിക്കുമ്പോൾ മിഗ്-21 ന്റെ പൈതൃകം പ്രചോദനമായി നിലകൊള്ളും. LCA-തേജസ്, നിർമ്മാണത്തിലുള്ള അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) തുടങ്ങിയ തദ്ദേശീയ യുദ്ധവിമാനങ്ങളുടെ വികസനത്തിന് പ്രചോദനമേകുന്ന ധൈര്യത്തിന്റെയും  അച്ചടക്കത്തിന്റെയും ദേശസ്‌നേഹത്തിന്റെയും നൈരന്തര്യത്തെ ഈ വിമാനം പ്രതീകവത്ക്കരിക്കുന്നു. " 2025 സെപ്റ്റംബർ 26 ന് ചണ്ഡീഗഡിൽ ഇന്ത്യൻ വ്യോമസേന (IAF)സംഘടിപ്പിച്ച മിഗ്-21 ന്റെ വിടവാങ്ങൽ ചടങ്ങിൽ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യോമസേനയുടെ ആറ് പതിറ്റാണ്ടിലേറെ നീണ്ട ചരിത്രത്തിലെ മഹത്തായ ഒരു അധ്യായത്തിന് സമാപനം കുറിച്ചുകൊണ്ട് മിഗ്-21 ന്റെ അവസാനത്തെ ഔദ്യോഗിക പറക്കൽ പൂർത്തിയായി. മിഗ്-21 ൽ ആരംഭിച്ച് ഭാവി പ്രതിരോധ സാങ്കേതികവിദ്യകളിൽ അതിവേഗം മുന്നേറുന്ന ഒരു രാഷ്ട്രമെന്ന നിലയിലായിരിക്കും നാളെ ലോകം ഇന്ത്യയെ വീക്ഷിക്കുകയെന്ന് രാജ്യരക്ഷാ മന്ത്രി വ്യക്തമാക്കി.


 

രാജ്യത്തിന്റെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും അനന്യമായ ശൗര്യത്തോടെയും ത്യാഗബുദ്ധിയോടെയും സംരക്ഷിച്ച വ്യോമസേനാ യോദ്ധാക്കളുടെ സാഹസികതയെയും സമർപ്പണത്തെയും ശ്രീ രാജ്‌നാഥ് സിംഗ് പ്രണമിച്ചു. മിഗ്-21 കേവലമൊരു വിമാനം എന്നതിലുപരി, ഇന്ത്യയുടെ സൈനിക വ്യോമയാന മേഖലയുടെ ചരിത്രപരമായ മുന്നേറ്റത്തിന്റെ പ്രതീകമാണെന്നും, ദേശീയ പ്രതിരോധത്തിന്റെ കവചമാണെന്നും, 1963 ൽ സൈന്യത്തിന്റെ ഭാഗമായത് മുതൽ വിശ്വസ്ത പങ്കാളിയായി തുടരുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ 11,500-ലധികം മിഗ്-21 വിമാനങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും അവയിൽ ഏകദേശം 850 എണ്ണം ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും ഇത് വിമാനത്തിന്റെ സ്വീകാര്യത, വിശ്വാസ്യത, ബഹുമുഖ ശേഷി എന്നിവയ്ക്ക് തെളിവാണെന്നും രാജ്യരക്ഷാ മന്ത്രി ചൂണ്ടിക്കാട്ടി.


 

1971-ലെ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ചതും, അത്യന്തം ദുർഘടമായ സാഹചര്യങ്ങളെ അതിജീവിച്ച്  ധാക്കയിലെ ഗവർണേഴ്‌സ് ഹൗസ് ആക്രമിച്ച് ഇന്ത്യയുടെ വിജയത്തിന് ആക്കം കൂട്ടിയതും, കാർഗിൽ സംഘർഷം, ബാലാകോട്ട് വ്യോമാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയിലെ സാന്നിധ്യവും അടക്കം, യുദ്ധത്തിന്റെതും സംഘർഷത്തിന്റെതുമായ വിവിധ പശ്ചാത്തലങ്ങളിൽ മിഗ്-21 എപ്രകാരം കാര്യക്ഷമത തെളിയിച്ചുവെന്ന് രാജ്യരക്ഷാ മന്ത്രി അനുസ്മരിച്ചു. “എല്ലാ ചരിത്ര ദൗത്യങ്ങളിലും, മിഗ്-21 ത്രിവർണ്ണ പതാകയെ ആദരപൂർവ്വം ഉയർത്തിപ്പിടിച്ചു. ഏതെങ്കിലും ഒരു സംഭവത്തിലോ ഒരു യുദ്ധത്തിലോ മാത്രമായി അതിന്റെ സംഭാവനകളെ പരിമിതപ്പെടുത്താനാകില്ല. പതിറ്റാണ്ടുകളായി ഇന്ത്യയുടെ വ്യോമശക്തിയുടെ ഇളകാത്ത സ്തംഭമായിരുന്നു അത്,” അദ്ദേഹം എടുത്തുപറഞ്ഞു.


 

ശത്രുവിമാനങ്ങളെ തടയുന്ന മതിൽ, ശത്രു ലക്ഷ്യങ്ങളെ ആക്രമിച്ചുകൊണ്ട് കരസേനയെ പിന്തുണയ്ക്കുന്ന വ്യോമശക്തി, ഇന്ത്യൻ വ്യോമാതിർത്തി സംരക്ഷിക്കുന്ന മുൻനിര പ്രതിരോധ ജെറ്റ്, എണ്ണമറ്റ പൈലറ്റുമാരെ പരിശീലിപ്പിച്ച പരിശീലന വിമാനം എന്നിങ്ങനെ ബഹുമുഖ ഉത്തരവാദിത്തങ്ങളിൽ മികവ് പുലർത്തിയ മിഗ്-21 നെ "ഋതുഭേദമില്ലാത്ത പക്ഷി" എന്ന് ശ്രീ രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചു. "ഉന്നത വൈദഗ്ധ്യമുള്ള നമ്മുടെ യുദ്ധവിമാന പൈലറ്റുമാർക്ക് വേണ്ട അടിത്തറ ഒരുക്കിയത് മിഗ്-21 ആണ്. തലമുറകളോളം വ്യോമ യോദ്ധാക്കൾ അതികഠിനമായ സാഹചര്യങ്ങളിൽ പറക്കാനും പ്രവർത്തിക്കാനും വിജയിക്കാനും  ഈ ഐതിഹാസിക യുദ്ധവിമാനത്തിലൂടെ അഭ്യസിച്ചു. ഇന്ത്യയുടെ വ്യോമ തന്ത്രം രൂപപ്പെടുത്തുന്നതിൽ ഈ വിമാനം വഹിച്ച പങ്ക് പറഞ്ഞറിയിക്കാവുന്നതല്ല," അദ്ദേഹം വ്യക്തമാക്കി.

 



1950-കളിലെ ഒരു ജെറ്റ് വിമാനം എന്നതിൽ നിന്ന് ത്രിശൂൽ, വിക്രം, ബാദൽ, ബൈസൺ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന കരുത്തുറ്റതും നവീകരിച്ചതുമായ പ്ലാറ്റ്‌ഫോമായി പരിണമിച്ചുകൊണ്ട്,രൂപകല്പനാ വിദഗ്ദ്ധരുടെയും പ്രവർത്തിപ്പിക്കുന്നവരുടെയും പ്രതീക്ഷകൾക്ക് അപ്പുറമുള്ള  പ്രകടനമാണ്  മിഗ്-21 കാഴ്ചവച്ചതെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള  ശേഷിയാണ് മിഗ്-21 നെ ഇത്രയും കാലം ഇന്ത്യൻ വ്യോമസേനയുടെ  കേന്ദ്രബിന്ദുവായി നിലനിർത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "മാറ്റത്തെ തെല്ലും ഭയപ്പെടരുതെന്നും ആത്മവിശ്വാസത്തോടെ അതിനെ സ്വീകരിക്കണമെന്നും മിഗ്-21 നമ്മെ പഠിപ്പിച്ചു. ഇന്ന്, ഇന്ത്യയുടെ പ്രതിരോധ ആവാസവ്യവസ്ഥ, നമ്മുടെ ഗവേഷണ ലാബുകൾ, അക്കാദമിക സമൂഹം, DPSU, സ്വകാര്യ മേഖല, സ്റ്റാർട്ടപ്പുകൾ, യുവാക്കൾ എന്നിവയെല്ലാം  ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു," അദ്ദേഹം വ്യക്തമാക്കി.

 


 

വിമാനത്തിന്റെ പഴക്കം സംബന്ധിച്ച തെറ്റിദ്ധാരണകളെയും രക്ഷാ മന്ത്രി അഭിസംബോധന ചെയ്തു. 1960 കളിലും 70 കളിലും ഉൾപ്പെടുത്തിയ പ്രാരംഭ മിഗ്-21 വിമാനങ്ങൾ വളരെ മുമ്പുതന്നെ വിരമിച്ചിരുന്നു.  സർവീസിലുള്ള വിമാനങ്ങൾക്ക് പരമാവധി 40 വർഷം മാത്രമാണ് പഴക്കമെന്നും, ലോകമെമ്പാടുമുള്ള യുദ്ധവിമാനങ്ങൾക്ക് സാധാരണമായി കല്പിച്ചിട്ടുള്ള ആയുസ്സാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (HAL) ശ്രമഫലമായി മിഗ്-21 വിമാനങ്ങൾ നൂതന റഡാറുകൾ, ഏവിയോണിക്സ്, ആയുധ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് തുടർച്ചയായി നവീകരിച്ചിരുന്നുവെന്നും  അദ്ദേഹം പറഞ്ഞു. HAL എഞ്ചിനീയർമാരുടെയും ശാസ്ത്രജ്ഞന്മാരുടെയും അക്ഷീണ പരിശ്രമം വിമാനങ്ങളെ പതിറ്റാണ്ടുകളോളം സാങ്കേതിക പ്രസക്തവും യുദ്ധസജ്ജവുമായി നിലനിർത്തിയെന്ന് അവരെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.


 

ഈ വിടവാങ്ങലിനെ കേവലം ആചാരപരമായ ഒരു സൈനിക പാരമ്പര്യമായി കണക്കാക്കരുതെന്നും, ഇന്ത്യയുടെ സാംസ്ക്കാരിക ധാർമ്മികതയുടെ വിപുലീകരണമായി വേണം കാണാനെന്നും ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. "സചേതനമായ വസ്തുക്കളിൽ മാത്രമല്ല, അചേതനമായ വസ്തുക്കളിലും ഈശ്വര ചൈതന്യം കുടികൊള്ളുന്നുവെന്ന് നമ്മുടെ പൗരാണിക സംസ്ക്കാരം നമ്മെ പഠിപ്പിക്കുന്നതായി ഭാരതീയ ദർശനം ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി."ഭൂമിയെയും നദികളെയും മരങ്ങളെയും മാത്രമല്ല നമ്മെ സേവിക്കുന്ന ഉപകരണങ്ങളെയും ആരാധിക്കുന്നതുപോലെ, നമ്മുടെ ആകാശത്തെ സംരക്ഷിക്കുകയും 60 വർഷത്തിലേറെയായി ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുകയും ചെയ്ത ഒരു യന്ത്രത്തോടുള്ള നന്ദി പ്രകാശനമാണ് മിഗ്-21 ന്റെ വിടവാങ്ങൽ ചടങ്ങ്." ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ആയുധപൂജയടക്കമുള്ള  ആചാരങ്ങൾക്ക് സമാനമാണ് ഈ മുഹൂർത്തമെന്നും, രാജ്യത്തിന് ശക്തി പ്രദാനം ചെയ്യുന്ന എല്ലാത്തിനോടുമുള്ള ആദരവിന്റെ തുടർച്ചയെ ഇത് പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിന് ചണ്ഡീഗഢ് വേദിയായതിന്റെ സവിശേഷ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ട് , മിഗ്-21 നെ 'ഫസ്റ്റ് സൂപ്പർസോണിക്സ്' എന്ന 28-ാം നമ്പർ സ്ക്വാഡ്രണിൽ ഉൾപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ സൂപ്പർസോണിക് യാത്ര ആരംഭിച്ചതെന്നും രാജ്യരക്ഷാ മന്ത്രി വ്യക്തമാക്കി. "ഇന്ത്യയുടെ വ്യോമശക്തിയെ പുനർനിർവ്വചിച്ച മഹത്തായ ഒരു അധ്യായത്തിന് ഈ മണ്ണ് സാക്ഷ്യം വഹിച്ചു. ഇന്ന്, അതേ സ്ഥലത്ത് നിന്ന് തന്നെ ആ വിമാനത്തിന് വിട നൽകുമ്പോൾ ചരിത്രത്തിലെ ഒരു കാലചക്രമാണ്   പൂർത്തിയാകുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് നയിച്ച മനോഹരമായ ഒരു ഫ്ലൈപാസ്റ്റ് ശ്രദ്ധേയമായി. ഐതിഹാസിക വിമാനങ്ങളോട് IAF പുലർത്തുന്ന ആഴത്തിലുള്ള ആദരവ്  പ്രതിഫലിപ്പിക്കുന്ന  അപൂർവവും പ്രതീകാത്മകവുമായ പ്രവൃത്തിയായിരുന്നു ഇത്. ആകാശ ഗംഗ സംഘത്തിന്റെ സ്കൈ ഡൈവിംഗ് പ്രകടനം, മിഗ്-21 വിമാനങ്ങളുടെ ഫോർമേഷൻ ടേക്ക്-ഓഫുകൾ, ബാദൽ, പാന്തർ ഫോർമേഷനുകൾ, എയർ വാരിയർ ഡ്രിൽ ടീമിന്റെ കൃത്യതയാർന്ന ചലനങ്ങൾ, സൂര്യ കിരൺ എയറോബാറ്റിക് ടീം, കോംബാറ്റ് എയർ പട്രോളിന്റെ ചരിത്രപരമായ പുനരാവിഷ്ക്കാരത്തിന്റെ ഭാഗമായി ജാഗ്വറുകളും മിഗ്-21 വിമാനങ്ങളും പ്രദർശിപ്പിച്ച പ്രതീകാത്മക ഫ്ലൈപാസ്റ്റ് എന്നിവയുൾപ്പെടെ നിരവധി വ്യോമ പ്രദർശനങ്ങൾ പരിപാടിയുടെ ഭാഗമായി നടന്നു. ഐതിഹാസിക ബൈസണിൽ നിന്ന് തദ്ദേശീയ തേജസിലേക്കുള്ള പരിവർത്തനത്തെ മിഗ്-21, LCA തേജസ് സംയുക്ത ഫ്ലൈപാസ്റ്റ് ഉയർത്തിക്കാട്ടി.

വിശിഷ്ടാതിഥികൾക്ക് മുന്നിൽ നടത്തിയ ആറ് മിഗ്-21 വിമാനങ്ങളുടെ ആചാരപരമായ സ്വിച്ച് ഓഫ് ചടങ്ങ് വിമാനങ്ങളുടെ സേവനത്തിന്റെ പരിസമാപ്തി അടയാളപ്പെടുത്തി. 23-ാം സ്ക്വാഡ്രണിലെ ഓഫീസർമാരും എയർമാൻമാരും 28-ാം സ്ക്വാഡ്രണിലെ കമാൻഡിംഗ് ഓഫീസറും ചേർന്ന് ഫോം-700 എന്ന വിമാന രേഖ വ്യോമസേനാ മേധാവിക്ക് കൈമാറി.

തദവസരത്തിൽ, മിഗ്-21 ന്റെ പൈതൃകത്തെ ആദരിക്കുന്ന പ്രത്യേക അനുസ്മരണ ദിന കവറും സ്റ്റാമ്പും രാജ്യരക്ഷാ മന്ത്രി പുറത്തിറക്കി. മെമ്മറി ലെയ്ൻ മ്യൂസിയവും അദ്ദേഹം സന്ദർശിച്ചു, തുടർന്ന് വ്യോമ സേനാംഗങ്ങൾക്കും വിരമിച്ച സൈനികർക്കുമൊപ്പം ബഡാ ഖാനയിലും അദ്ദേഹം പങ്കെടുത്തു.

***************


(Release ID: 2172091) Visitor Counter : 4