രാജ്യരക്ഷാ മന്ത്രാലയം
സ്വച്ഛോത്സവ് 2025-ന്റെ ഭാഗമായി രാജ്യരക്ഷാ മന്ത്രി പ്രത്യേക ശുചിത്വ യജ്ഞത്തിന് നേതൃത്വം നൽകി; സഫായ് റൺ ഫ്ലാഗ് ഓഫ് ചെയ്തു
Posted On:
25 SEP 2025 10:26AM by PIB Thiruvananthpuram
രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഇന്ന് (2025 സെപ്റ്റംബർ 25) ആർമി ഹെഡ്ക്വാർട്ടേഴ്‌സ് യൂണിറ്റ് നടത്തിവരുന്ന ക്യാൻറ്റീനിൽ 'ഏക് ദിൻ, ഏക് ഘൺടാ , ഏക് സാത്ത്' എന്ന പ്രത്യേക ശുചിത്വ യജ്ഞത്തിന് നേതൃത്വം നൽകി. 2025 സെപ്റ്റംബർ 17 മുതൽ 2025 ഒക്ടോബർ 02 വരെ പ്രതിരോധ മന്ത്രാലയത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്ന 'സ്വച്ഛതാ ഹി സേവ' ക്യാമ്പെയ്‌നിന്റെ കീഴിലുള്ള സ്വച്ഛോത്സവ് 2025 ന്റെ ഭാഗമായിരുന്നു ഈ സംരംഭം. വൃത്തിയുള്ളതും, ഹരിതവും, ആരോഗ്യകരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കൂട്ടായ പരിശ്രമത്തിന്റെ ശക്തി ഈ പരിപാടി എടുത്തുകാട്ടി. പരിപാടിയുടെ ഈ വർഷത്തെ പ്രമേയം ശുചിത്വ ഭാരതം എന്ന ദർശനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം രാജ്യത്തിൻറെ ഉത്സവ ചൈതന്യവുമായും ബന്ധപ്പെട്ടിരിക്കുന്നു.
ചടങ്ങിൽ ശ്രീ രാജ്‌നാഥ് സിംഗ് ശുചിത്വത്തോടുള്ള തന്റെ പ്രതിബദ്ധത ആവർത്തിച്ച്കൊണ്ട് 'സ്വച്ഛതാ പ്രതിജ്ഞ' എടുത്തു. സഫായി മിത്ര എന്നറിയപ്പെടുന്ന ശുചീകരണ പ്രവർത്തകരുടെ ശുചിത്വത്തിനായുള്ള സമർപ്പണത്തെ അദ്ദേഹം ആദരിക്കുകയും പരിസ്ഥിതി സൗഹാർദ്ദവും മാലിന്യരഹിതവുമായ പരിസ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിനായി വൃക്ഷത്തൈ നടീൽ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. കൂടാതെ , സ്വച്ഛ് ഭാരത് അഭിയാൻ മുന്നോട്ട് കൊണ്ടുപോകുന്നതിൽ യുവാക്കളുടെ പങ്ക് എടുത്തുകാണിച്ചുകൊണ്ട് 100 എൻ.സി.സി കേഡറ്റുകൾ ഉൾപ്പെടുന്ന സഫായി റൺ പരിപാടി അദ്ദേഹം പ്രതീകാത്മകമായി ഫ്ലാഗ് ഓഫ് ചെയ്തു.
ശുചിത്വം എന്നാൽ വെറും വൃത്തി മാത്രം അല്ലെന്നും, മറിച്ച് അച്ചടക്കവും ഉത്തരവാദിത്തവും പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതരീതിയാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്യരക്ഷാ മന്ത്രി പറഞ്ഞു. വൃത്തിയുള്ള ചുറ്റുപാടുകൾ ശാരീരിക-മാനസികാരോഗ്യം, സമാധാനം എന്നിവ മെച്ചപ്പെടുത്തുമെന്നും വൃത്തിഹീനമായ ഇടങ്ങൾ രോഗങ്ങളും നിഷേധാത്മകതയും പടർത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി, ശുചിത്വം എല്ലായ്പ്പോഴും ഒരു പരിഷ്കൃത സമൂഹത്തിന്റെ അടയാളമായി കണ്ട് വിലമതിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു ജനകീയ പ്രസ്ഥാനമാക്കി ശുചിത്വത്തെ മാറ്റുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തെ അദ്ദേഹം എടുത്തുകാട്ടി. കൂട്ടായ പ്രവർത്തനങ്ങൾ, മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്ക് എന്ന സംരംഭങ്ങൾ, ക്യാമ്പുകളും ഓഫീസുകളും ശുചിത്വത്തിന്റെ മാതൃകാ കേന്ദ്രങ്ങളാക്കി മാറ്റൽ തുടങ്ങിയവയിലൂടെ പ്രതിരോധ മന്ത്രാലയം ശുചീകരണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നു.
എല്ലാ സൈനിക ക്യാമ്പുകളും ഇപ്പോൾ വെളിയിട വിസർജ്ജന രഹിതമായതിൽ രാജ്യരക്ഷാ മന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ഇത് സായുധ സേനയുടെ അച്ചടക്കത്തെയും സാധാരണ തൊഴിലാളികളുടെ സമർപ്പണത്തെയും പ്രതിഫലിപ്പിക്കുന്നു. ആരോഗ്യകരവും വൃത്തിയുള്ളതും അവബോധമുള്ളതുമായ ഒരു സമൂഹം ദേശീയ സുരക്ഷയുടെ നെടുംതൂണാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുചിത്വത്തെ ഒരു ദേശീയ കടമയായി കണ്ടുകൊണ്ട് വൃത്തിയുള്ളതും ആരോഗ്യകരവും വികസിതവുമായ ഒരു ഇന്ത്യയ്ക്ക് സംഭാവന നൽകാൻ ഏവരെയും പ്രചോദിപ്പിക്കുകയും ചെയ്തു.
***************
(Release ID: 2171105)
Visitor Counter : 5