ആഭ്യന്തരകാര്യ മന്ത്രാലയം
ലഡാക്ക് വിഷയം സംബന്ധിച്ച വാർത്താ കുറിപ്പ്
Posted On:
24 SEP 2025 10:03PM by PIB Thiruvananthpuram
1. ലഡാക്കിന് ആറാം ഷെഡ്യൂൾ അംഗീകാരവും സംസ്ഥാന പദവിയും വേണമെന്ന ആവശ്യം ഉന്നയിച്ച് ശ്രീ സോനം വാങ്ചുക്ക് 2025 സെപ്‌റ്റംബർ 10-ന് നിരാഹാര സമരം ആരംഭിച്ചു. ഈ വിഷയങ്ങളിൽ ലേയിലെ ഉന്നത അധികാരികളുമായും കാർഗിൽ ഡെമോക്രാറ്റിക് അലയൻസുമായും കേന്ദ്ര സർക്കാർ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം. ഉന്നതാധികാര സമിതിയുടെ ഔപചാരിക ചാനലിലൂടെയും ഉപസമിതിയിലൂടെയും നേതാക്കളുമായുള്ള നിരവധി അനൗപചാരിക യോഗങ്ങളിലൂടെയും അവരുമായി നിരവധി യോഗങ്ങൾ നടത്തി.
2. ലഡാക്കിലെ പട്ടികവർഗ്ഗക്കാർക്കുള്ള സംവരണം 45 ശതമാനത്തിൽ നിന്ന് 84 ശതമാനമായി ഉയർത്തുകയും കൗൺസിലുകളിൽ മൂന്നിലൊന്ന് വനിതാ സംവരണം നല്കുകയും ഭോട്ടി, പുർഗി എന്നീ ഭാഷകളെ ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് ഈ സംവിധാനത്തിലൂടെയുള്ള സംഭാഷണ പ്രക്രിയ അസാധാരണമായ ഫലങ്ങൾ നൽകി. ഇതോടൊപ്പം 1800 തസ്തികകളിലേക്കുള്ള നിയമന പ്രക്രിയയും ആരംഭിച്ചു.
3. എന്നിരുന്നാലും എച്ച്.പി.സിക്ക് കീഴിൽ കൈവരിച്ച പുരോഗതിയിൽ സന്തുഷ്ടരല്ലാത്ത ചില രാഷ്ട്രീയ പ്രേരിത വ്യക്തികൾ സംഭാഷണ പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
4. ഉന്നതതല സമിതിയുടെ അടുത്ത യോഗം ഒക്ടോബർ ആറിനാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ ലഡാക്കിൽ നിന്നുള്ള നേതാക്കളുമായി സെപ്റ്റംബർ 25,26 തീയതികളിൽ യോഗങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
5. വാങ്ചുക്ക് നിരാഹാര സമരം നടത്തുന്ന ആവശ്യങ്ങൾ എച്ച്.പി.സിയിലെ ചർച്ചയുടെ അവിഭാജ്യ ഘടകമാണ്. നിരാഹാര സമരം പിൻവലിക്കാൻ നിരവധി നേതാക്കൾ ആവശ്യപ്പെട്ടിട്ടും അദ്ദേഹം നിരാഹാര സമരം തുടരുകയും അറബ് സ്പ്രിംഗ് ശൈലിയിലുള്ള പ്രതിഷേധത്തെക്കുറിച്ചും നേപ്പാളിലെ ജനറേഷൻ Z പ്രതിഷേധങ്ങളെക്കുറിച്ചും പ്രകോപനപരമായ പരാമർശങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
6. സെപ്റ്റംബർ 24 ന് രാവിലെ 11.30 ഓടെ അദ്ദേഹത്തിൻ്റെ പ്രകോപനപരമായ പ്രസംഗങ്ങളാൽ പ്രകോപിതരായ ജനക്കൂട്ടം നിരാഹാര സമര വേദിയിൽ നിന്ന് ഇറങ്ങി ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസും ലേയിലെ സി.ഇ.സിയുടെ സർക്കാർ ഓഫീസും ആക്രമിച്ചു.അവർ ഈ ഓഫീസുകൾക്ക് തീയിടുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസ് വാഹനം കത്തിക്കുകയും ചെയ്തു.അക്രമാസക്തരായ ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു.ആക്രമണത്തിൽ 30 ലധികം പോലീസ്/സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ജനക്കൂട്ടം പൊതു സ്വത്ത് നശിപ്പിക്കുന്നതും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും തുടർന്നു.സ്വയം പ്രതിരോധത്തിനായി പോലീസിന് വെടിവയ്പ്പ് നടത്തേണ്ടിവന്നു. നിർഭാഗ്യവശാൽ ചില നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
7. രാവിലെ നടന്ന നിർഭാഗ്യകരമായ സംഭവങ്ങൾ ഒഴികെ വൈകുന്നേരം 4 മണിയോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
8. പ്രകോപനപരമായ പ്രസ്താവനകളിലൂടെ ശ്രീ സോനം വാങ്ചുക് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്ന് വ്യക്തമാണ്.യാദൃശ്ചികമായി ഈ അക്രമാസക്തമായ സംഭവവികാസങ്ങൾക്കിടയിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഗൗരവമായ ശ്രമങ്ങൾ നടത്താതെ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ച് ആംബുലൻസിൽ കയറി തൻ്റെ ഗ്രാമത്തിലേക്ക് പോയി.
8. മതിയായ ഭരണഘടനാപരമായ സംരക്ഷണങ്ങൾ നല്കിക്കൊണ്ട് ലഡാക്കിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
9. പഴയതും പ്രകോപനപരവുമായ വീഡിയോകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുന്നു
*****************
(Release ID: 2170959)
Visitor Counter : 9