വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സംയോജിത സംസ്ഥാന, നഗര ലോജിസ്റ്റിക്‌സ് പദ്ധതികൾക്ക് തുടക്കം കുറിച്ച് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയൽ

Posted On: 20 SEP 2025 6:48PM by PIB Thiruvananthpuram
മെയ്ക്ക് ഇൻ ഇന്ത്യയുടെ ദശവാർഷികാഘോഷ വേളയിൽ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിൻ്റെ (DPIIT) പരിവർത്തനാത്മക സംരംഭങ്ങളുടെ ഒരു പരമ്പരയ്ക്ക് ഇന്ന് തുടക്കംകുറിച്ചു. പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഭാവിയ്ക്ക് അനുയോജ്യവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഒരു ലോജിസ്റ്റിക് ആവാസവ്യവസ്ഥ രാജ്യത്ത് ലക്ഷ്യമിടുന്നതാണ് അവ.

ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്കുമായി (എഡിബി) സഹകരിച്ച് സ്മൈൽ പദ്ധതിയ്ക്ക് കീഴിൽ സർക്കാർ സംയോജിത സംസ്ഥാന, നഗര ലോജിസ്റ്റിക്‌സ് പദ്ധതികൾ ആരംഭിച്ചതായും എട്ട് സംസ്ഥാനങ്ങളിലെ എട്ട് നഗരങ്ങളിലായാണ് ഇതിന് തുടക്കമിട്ടതെന്നും ശ്രീ. ഗോയൽ എടുത്തുപറഞ്ഞു. നിലവിലുള്ള ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനും വിടവുകൾ തിരിച്ചറിയുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമുള്ള ഒരു രൂപരേഖ പ്രദാനം ചെയ്യുന്നതിന് ഈ പ്രക്രിയ സഹായകമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുഗമമായ ചരക്ക് നീക്കം, മെച്ചപ്പെടുത്തിയ മത്സരക്ഷമത, വിതരണ ശൃംഖലയിലെ ശക്തമായ ഉല്പതിഷ്ണുത എന്നിവ ഉറപ്പാക്കുന്നതിന് രാജ്യവ്യാപകമായി ഇത്തരം പദ്ധതികൾ ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു തുടക്കം മാത്രമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സംരംഭങ്ങൾ, ഇന്ത്യയിലുടനീളമുള്ള ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും വിതരണ ശൃംഖലകൾ കാര്യക്ഷമമാക്കുന്നതിനുമുള്ള കേന്ദ്രസർക്കാറിൻ്റെ പ്രതിബദ്ധതയെ അടിവരയിടുന്നു. പ്രാദേശിക ലോജിസ്റ്റിക്‌സ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ദേശീയ തലത്തിലെ പുരോഗതിയെ പരിപൂർണമാക്കുകയും ചെയ്യുന്ന സംയോജിത സംസ്ഥാന, നഗര ലോജിസ്റ്റിക്‌സ് പദ്ധതികളുടെ സമാരംഭമാണ് ഒരു പ്രധാന സവിശേഷത.

ലോജിസ്റ്റിക്‌സ് മേഖലയിലെ കാര്യക്ഷമതയും മത്സരക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ ഒരു ചട്ടക്കൂട് നൽകിക്കൊണ്ട്, ദേശീയ ലോജിസ്റ്റിക്‌സ് നയം (NLP), പ്രധാനമന്ത്രി ഗതിശക്തി ദേശീയ ആസൂത്രിത പദ്ധതി എന്നിവയിലൂടെ കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ഇതിനകം തന്നെ കാര്യമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ബഹുമാതൃക-സംയോജിത ലോജിസ്റ്റിക്‌സ് ആവാസവ്യവസ്ഥ (SMILE) എന്ന ശാക്തീകരണ പദ്ധതിയ്ക്ക് കീഴിൽ എ.ഡി.ബി ഈ ശ്രമങ്ങളെ കൂടുതൽ പിന്തുണയ്ക്കുന്നു.

സ്വന്തം ലോജിസ്റ്റിക്‌സ് നയങ്ങളും പ്രവർത്തന പദ്ധതികളും രൂപപ്പെടുത്തി ദേശീയ ലോജിസ്റ്റിക്‌സ് നയത്തിൻ്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് സംസ്ഥാനങ്ങൾ മുൻകൈയെടുത്ത് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2024 ഡിസംബറിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ നാലാമത് സമ്മേളനത്തിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ, പിഎം ഗതിശക്തി സംരംഭം, എൻഎൽപി എന്നിവയ്ക്ക് അനുസൃതമായി, നഗര ലോജിസ്റ്റിക്‌സ് പദ്ധതികൾ തയ്യാറാക്കുന്നതിൽ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ഇപ്പോൾ ഒരു പദ്ധതിയധിഷ്ഠിത സമീപനം സ്വീകരിച്ചിരിക്കുന്നു.

ആധുനികവും സംയോജിതവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഒരു ലോജിസ്റ്റിക്‌സ് മേഖല കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ യാത്രയിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭങ്ങൾ.


സംസ്ഥാന, നഗര ലോജിസ്റ്റിക്‌സ് പദ്ധതി:

https://drive.google.com/file/d/1HuUvu7mhaXB1H9DX5bJdD2wWwv1CvRTG/view?usp=drive_link
 
********************

(Release ID: 2169084)