ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

2025ലെ പുതുതലമുറ GST പരിഷ്‌ക്കാരം: ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ GST പരാതി പരിഹാരം സാധ്യമാക്കി ഉപഭോക്തൃ കാര്യ വകുപ്പ്

Posted On: 20 SEP 2025 11:42AM by PIB Thiruvananthpuram

കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന GST കൗൺസിലിൻ്റെ 56-ാമത് യോഗം അംഗീകരിച്ചതും 2025 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആദരണീയ പ്രധാനമന്ത്രി പങ്കുവച്ച ദർശനത്തിന് അനുപൂരകവുമായി, നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനിനെ (NCH) 2025 ലെ പുതുതലമുറ GSTയുമായി സമന്വയിപ്പിക്കാൻ ഉപഭോക്തൃ കാര്യ വകുപ്പ് നടപടികൾ സ്വീകരിച്ചു.

22.09.2025 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ GST നിരക്കുകൾ, തീരുവകൾ, ഇളവുകൾ എന്നിവ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് NCH ൽ പ്രതീക്ഷിക്കുന്ന ഉപഭോക്തൃ ചോദ്യങ്ങളും പരാതികളും പരിഹരിക്കുന്നതിന്, INGRAM പോർട്ടലിൽ ഒരു സമർപ്പിത വിഭാഗം സജ്ജമാക്കി. GSTയുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ഓട്ടോമൊബൈൽസ്, ബാങ്കിംഗ്, കൺസ്യൂമർ ഡ്യൂറബിൾസ്, ഇ-കൊമേഴ്‌സ്, FMCG തുടങ്ങിയ പ്രധാന ഉപവിഭാഗങ്ങൾ ഉൾപ്പെടുത്തി. അവയിലൂടെ GST യുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാം.

ഈ ഉദ്യമത്തിനുള്ള തയ്യാറെടുപ്പുക്കളുടെ ഭാഗമായി, GST യുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പരാതികളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് NCH കൗൺസിലർമാരെ സജ്ജരാക്കുന്നതിനായി കേന്ദ്ര പരോക്ഷ നികുതി ബോർഡ് ആൻഡ് കസ്റ്റംസ് (CBIC) ഉദ്യോഗസ്ഥർ 11.09.2025 ന് ഒരു  പരിശീലന സെഷൻ സംഘടിപ്പിച്ചു. അടുത്തിടെ, 17.09.2025 ന് ഉപഭോക്തൃകാര്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ, പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, വ്യാവസായിക അസോസിയേഷനുകളുടെ പ്രതിനിധികൾ, കൺസ്യൂമർ ഡ്യൂറബിൾസ് കമ്പനികൾ എന്നിവയുടെ പങ്കാളിത്തത്തോടെ ഒരു കൂടിയാലോചനാ യോഗം വിളിച്ചുചേർത്തു. യോഗത്തിൽ, നിർദ്ദിഷ്ട സാധനങ്ങളുടെയും സേവനങ്ങളുടെയും GST നിരക്ക് കുറയുന്നതിൻ്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാൻ അഭ്യർത്ഥിച്ചു.

ഈ മേഖലയിലെ ഉപഭോക്തൃ പരാതികളിൽ നിന്ന് ലഭിക്കുന്ന ഡാറ്റയും ഉൾക്കാഴ്ചകളും ബന്ധപ്പെട്ട കമ്പനികൾ, CBIC, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി ഹെൽപ്പ്‌ലൈൻ പങ്കിടുകയും പ്രസക്തമായ നിയമങ്ങൾ പ്രകാരം സമയബന്ധിതമായ നടപടികൾ സാധ്യമാക്കുകയും ചെയ്യും. ഈ സംരംഭം GST അനുവർത്തനം ശക്തിപ്പെടുത്തുകയും നീതിയുക്തമായ വിപണി രീതികളിൽ സജീവ പങ്കാളികളാകാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയും ചെയ്തുകൊണ്ട് പങ്കാളിത്ത ഭരണ മാതൃക പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് വ്യവഹാരത്തിനു മുമ്പുള്ള ഘട്ടത്തിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള കേന്ദ്രമായി ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ (www.consumerhelpline.gov.in) മാറിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് ഇപ്പോൾ 17 ഭാഷകളിൽ (ഹിന്ദി, ഇംഗ്ലീഷ്, കശ്മീരി, പഞ്ചാബി, നേപ്പാളി, ഗുജറാത്തി, മറാത്തി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, മൈഥിലി, സന്താലി, ബംഗാളി, ഒഡിയ, ആസാമീസ്, മണിപ്പൂരി എന്നിവയുൾപ്പെടെ) 1915 എന്ന ടോൾ ഫ്രീ നമ്പർ മുഖേനയോ സംയോജിത പരാതി പരിഹാര സംവിധാനം (INGRAM) മുഖേനയോ പരാതികൾ സമർപ്പിക്കാം. വാട്ട്‌സ്ആപ്പ്, SMS, ഇ-മെയിൽ, NCH ആപ്പ്, വെബ് പോർട്ടൽ, ഉമാങ് ആപ്പ് എന്നിവയുൾപ്പെടെ ഒന്നിലധികം രജിസ്ട്രേഷൻ മാതൃകകളെ പിന്തുണയ്ക്കുന്ന ഈ ഓമ്‌നി-ചാനൽ ഐടി അധിഷ്ടിത പ്ലാറ്റ്‌ഫോം ഉപഭോക്താക്കൾക്ക് സൗകര്യവും സ്വാതന്ത്ര്യവും നൽകുന്നു.

വർഷങ്ങളായി, സ്വകാര്യ കമ്പനികൾ, റെഗുലേറ്റർമാർ, ഓംബുഡ്‌സ്മാൻ, സർക്കാർ ഏജൻസികൾ എന്നിവരുൾപ്പെടെ 1,142 കേന്ദ്രീകൃത പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു ശക്തമായ ആവാസവ്യവസ്ഥയായി NCH വളർന്നു. അതുവഴി കേന്ദ്രീകൃതവും ദ്രുതഗതിയിലുള്ളതുമായ പരാതി പരിഹാരം സാധ്യമാക്കുന്നു. സുതാര്യമായ നിരീക്ഷണത്തിനും പരിഹാരത്തിനുമായി ഓരോ പരാതിക്കും ഒരു സമർപ്പിത ഡോക്കറ്റ് നമ്പർ നൽകിയിട്ടുണ്ട്. മെച്ചപ്പെടുന്ന ഉപഭോക്തൃ വിശ്വാസ്യതയെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ പ്ലാറ്റ്‌ഫോമിൽ നിലവിൽ പ്രതിമാസം ഒരു ലക്ഷത്തിലധികം പരാതികൾ ലഭിക്കുന്നു.

NCH ൻ്റെ സാങ്കേതിക പരിവർത്തനം അതിൻ്റെ കോൾ-കൈകാര്യ ശേഷിയെ ഗണ്യമായി വർദ്ധിപ്പിച്ചു. NCH ന് ലഭിച്ച കോളുകളുടെ എണ്ണം 2015 ഡിസംബറിൽ 12,553 ൽ നിന്ന് 2024 ഡിസംബറിൽ 1,55,138 ആയി, അതായത് പത്തിരട്ടിയിലധികം വർദ്ധിച്ചു. ഈ വൻ വളർച്ച ഹെൽപ്പ്‌ലൈനിലുള്ള ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. അതുപോലെ, പ്രതിമാസം രജിസ്റ്റർ ചെയ്യുന്ന പരാതികളുടെ ശരാശരി എണ്ണം 2017 ലെ 37,062 ൽ നിന്ന് 2025 ൽ 1,70,585 ആയി ഉയർന്നു. ഡിജിറ്റൽ മാതൃകകൾ അവതരിപ്പിച്ചതോടെ, ഹെൽപ്പ്‌ലൈനിലെ ഉപഭോക്തൃ പരാതികളിൽ ഏകദേശം 65% ഓൺലൈൻ, ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയാണ് രജിസ്റ്റർ ചെയ്യുന്നത്.

 

***************


(Release ID: 2168929)