രാജ്യരക്ഷാ മന്ത്രാലയം
1965 ലെ യുദ്ധത്തിന്റെ വജ്രജൂബിലി: അറുപത് വർഷങ്ങൾക്ക് മുൻപ് പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തെ അനുസ്മരിച്ച് രക്ഷാമന്ത്രി വിമുക്തഭടന്മാരുമായും യുദ്ധവീരന്മാരുടെ കുടുംബാങ്ങളുമായും സംവദിച്ചു.
Posted On:
19 SEP 2025 1:42PM by PIB Thiruvananthpuram
അറുപത് വർഷങ്ങൾക്ക് മുമ്പ് പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ ഇന്ത്യൻ സൈന്യം സംഘടിപ്പിച്ച ഒരു പരിപാടിയിൽ, 1965 ലെ യുദ്ധത്തിൽ പങ്കെടുത്ത യുദ്ധവീരന്മാരുമായും വീരമൃത്യു വരിച്ച ധീരന്മാരുടെ കുടുംബങ്ങളുമായും രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ആശയവിനിമയം നടത്തി. കർത്തവ്യനിർവ്വഹണത്തിൽ പരമമായ ത്യാഗം ചെയ്ത ധീരന്മാർക്കും, ശക്തി പരീക്ഷണത്തിൽ ഇന്ത്യ വിജയിച്ചുവെന്ന് ഉറപ്പാക്കിയവർക്കും, തന്റെ പ്രസംഗത്തിൽ രക്ഷാ മന്ത്രി ആദരം അർപ്പിച്ചു.
"നുഴഞ്ഞുകയറ്റം, ഗറില്ലാ തന്ത്രങ്ങൾ, അപ്രതീക്ഷിത ആക്രമണങ്ങൾ എന്നിവയിലൂടെ നമ്മെ ഭയപ്പെടുത്താമെന്ന് പാകിസ്ഥാൻ കരുതി, എന്നാൽ ഓരോ ഇന്ത്യൻ സൈനികനും രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ഒരിക്കലും ആരുടെ മുന്നിലും അടിയറവയ്ക്കില്ല എന്ന ആത്മസമർപ്പണത്തോടെ മാതൃരാജ്യത്തെ സേവിക്കുന്നുവെന്ന് അവർ അറിഞ്ഞിരുന്നില്ല," അദ്ദേഹം പറഞ്ഞു.

അസൽ ഉത്തർ യുദ്ധം, ചവിന്ദ യുദ്ധം, ഫിലോറ യുദ്ധം എന്നിവയുൾപ്പെടെ 1965ലെ യുദ്ധത്തിനിടയിൽ നടന്ന വിവിധ പോരാട്ടങ്ങളിൽ ഇന്ത്യൻ സൈനികർ പ്രകടിപ്പിച്ച സമാനതകളില്ലാത്ത ധീരതയും ദേശസ്‌നേഹവും ശ്രീ രാജ്നാഥ് സിംഗ് എടുത്തുപറഞ്ഞു. അസൽ ഉത്തർ യുദ്ധത്തിൽ മെഷീൻഗൺ-ടാങ്ക് വെടിവെപ്പ് നടക്കുന്നതിനിടെ നിരവധി ശത്രു ടാങ്കുകൾ തകർത്തുകൊണ്ട് വീരമൃത്യു വരിച്ച പരം വീർ ചക്ര ജേതാവായ കമ്പനി ക്വാർട്ടർ മാസ്റ്റർ ഹവിൽദാർ അബ്ദുൾ ഹമീദിന്റെ അജയ്യമായ വീര്യത്തെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. “ ധീരനായ അബ്ദുൾ ഹമീദ് നമ്മെ പഠിപ്പിച്ചത് വീര്യം ആയുധത്തിന്റെ വലിപ്പത്തിൽ അല്ല, ഹൃദയത്തിന്റെ വലിപ്പത്തിലാണ് എന്നാണ് . ഏറ്റവും ദുഷ്കരമായ സാഹചര്യങ്ങളിൽ പോലും ധൈര്യം, ആത്മനിയന്ത്രണം, ദേശസ്നേഹം എന്നീ ഗുണങ്ങളുടെ സമന്വയം ഉണ്ടെങ്കിൽ അസാധ്യമെന്ന് കരുതുന്നവയെപ്പോലും സാധ്യമാക്കാമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിച്ചു .” ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു .
ആ കാലഘട്ടത്തിലെ രാഷ്ട്രീയ ഇച്ഛാശക്തിയെയും നേതൃപാടവത്തെയും പ്രശംസിച്ചുകൊണ്ട് രക്ഷാ മന്ത്രി പറഞ്ഞു, “ഒരു യുദ്ധവും യുദ്ധഭൂമിയിൽ മാത്രം പോരാടപ്പെടുന്നില്ല; യുദ്ധത്തിലെ വിജയം മുഴുവൻ രാജ്യത്തിന്റെ കൂട്ടായ ദൃഢനിശ്ചയത്തിന്റെ ഫലമാണ്. 1965- ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ശക്തമായ ഇച്ഛാശക്തിയുള്ള നേതൃത്വം മൂലമാണ് ഇന്ത്യക്ക് അനിശ്ചിതത്വത്തെയും വെല്ലുവിളികളെയും നേരിടാൻ കഴിഞ്ഞത്. അദ്ദേഹം നിർണായക രാഷ്ട്രീയ നേതൃത്വം നൽകുക മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ മനോവീര്യവും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്തത് . പ്രതികൂല സാഹചര്യങ്ങളിൽ പോലും, നാം ഐക്യത്തിന്റെ പാതയിലൂടെ മുന്നേറി യുദ്ധത്തിൽ വിജയിച്ചു.”

ഇന്ത്യൻ ജനത ,രാജ്യത്തിന്റെ വിധി സ്വന്തം കൈകളാൽ നിർമിക്കുന്നവരാണ് ആവർത്തിച്ച് തെളിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ശ്രീ രാജ്നാഥ് സിംഗ്,ഓപ്പറേഷൻ സിന്ദൂറിനെ ആ ഉറച്ച പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമായി വിശേഷിപ്പിച്ചു. “പഹൽഗാമിലെ ഭീരുത്വവഴിയിലൂടെയുള്ള ഭീകരാക്രമണം ഇപ്പോഴും നമ്മുടെ ഹൃദയങ്ങളെ വേദനയും ദുഃഖവും കൊണ്ട് നിറയ്ക്കുന്നു. അത് നമ്മെ നടുക്കിയെങ്കിലും നമ്മുടെ മനോവീര്യം തകർക്കാനായില്ല. ഭീകരരെ അവർ ഒരിക്കലും കരുതാത്ത രീതിയിൽ പാഠം പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രതിജ്ഞ ചെയ്തു. ഓപ്പറേഷൻ സിന്ദൂർ നമ്മുടെ ശക്തി എത്ര മഹത്താണെന്ന് ശത്രുക്കൾക്ക് കാണിച്ചുകൊടുത്തു . നമ്മുടെ സേനകൾ പ്രകടിപ്പിച്ച ഏകോപനവും ധൈര്യവും, വിജയം ഇനി നമുക്ക് അപൂർവ്വമല്ല, അത് നമ്മുടെ ശീലമായി മാറിയിരിക്കുന്നു എന്നതിന് തെളിവാണ്. ഈ ശീലം നമ്മൾ എന്നും നിലനിർത്തണം.” രക്ഷാമന്ത്രി പറഞ്ഞു.

സൈനികരുടെയും, വിമുക്തഭടന്മാരുടെയും, വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെയും അന്തസ്സിനും ക്ഷേമത്തിനും വേണ്ടിയുള്ള സർക്കാരിന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തെ, ഇതിന് "മുന്തിയ പരിഗണന" എന്ന് രക്ഷാ മന്ത്രി ആവർത്തിച്ചു വിശേഷിപ്പിച്ചു. “പ്രതിരോധ മേഖലയുടെ ആധുനികവത്കരണം, സൈനികരുടെ മികച്ച പരിശീലനം, ഉപകരണങ്ങളുടെ നവീകരണം എന്നിവയ്ക്കായുള്ള നമ്മുടെ പ്രതിബദ്ധത, സേനകൾക്ക് ഒരിക്കലും വിഭവങ്ങളുടെ കുറവ് നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു," അദ്ദേഹം പറഞ്ഞു.
1965-ലെ യുദ്ധത്തിൽ നടത്തിയ ത്യാഗങ്ങളുടെ ശക്തമായ ഓർമ്മപ്പെടുത്തലായി ഈ ചടങ്ങ് നിലകൊണ്ടു . അതോടൊപ്പം ധൈര്യം, ത്യാഗം, സേവനം എന്നീ ശാശ്വത മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഭാവിതലമുറകൾക്ക് പകർന്നുകൊടുക്കാനും ഇത് പ്രചോദനമായി .
SKY
*******
(Release ID: 2168564)