ആയുഷ്‌
azadi ka amrit mahotsav

കേന്ദ്രമന്ത്രി ശ്രീ പ്രതാപ്‌റാവു ജാധവ് വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്തു

Posted On: 19 SEP 2025 1:54PM by PIB Thiruvananthpuram
ആയുർവേദ ദിനം 2025നു മുന്നോടിയായി ആയുഷ് മന്ത്രാലയം ഇന്ന് ന്യൂഡൽഹിയിലെ ന്യൂ മീഡിയ സെന്ററിൽ  (എൻഎംസി) വാർത്താസമ്മേളനം നടത്തി. ആയുഷ് വകുപ്പിന്റെ സ്വതന്ത്രചുമതലയുളള സഹമന്ത്രിയും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുമായ ശ്രീ പ്രതാപ്‌റാവു ജാധവ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. 2025 സെപ്റ്റംബർ 23 ന് ഗോവയിലെ അഖിലേന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിലാണ് (എഐഐഎ) പത്താമത് ആയുർവേദ ദിനാചരണം സംഘടിപ്പിക്കുന്നത്. ദിനാചരണത്തിനായി ആസൂത്രണം ചെയ്തിട്ടുള്ള പ്രധാന സംരംഭങ്ങൾ മന്ത്രി വിശദീകരിച്ചു.

മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ, സമഗ്രവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതും പരിസ്ഥിതി സുസ്ഥിരവുമായ ആരോഗ്യസംരക്ഷണ സംവിധാനമെന്ന നിലയിൽ ആയുർവേദത്തിന്റെ സാധ്യതകൾ മന്ത്രി ഉയർത്തിക്കാട്ടി. ആയുർവേദം എന്നതു വൈദ്യശാസ്ത്രത്തിനുമുപരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തിയും പരിസ്ഥിതിയും തമ്മിലുള്ള സമന്വയം ഉറപ്പാക്കുന്ന ജീവിതരീതിയാണതെന്നും അദ്ദേഹം വ്യക്തമാക്കി.

 ആയുഷിനെക്കുറിച്ചുള്ള ആദ്യത്തെ അഖിലേന്ത്യ എൻഎസ്എസ്ഒ സർവേ പരാമർശിച്ച അദ്ദേഹം, ഗ്രാമങ്ങളിലും നഗരങ്ങളിലും ആയുർവേദത്തിന് വ്യാപകമായ സ്വീകാര്യതയുണ്ടെന്നു വ്യക്തമാക്കി. ആ മേഖലകളിൽ ഏറ്റവും കൂടുതൽ പ്രയോഗിക്കപ്പെടുന്ന ചികിത്സാസമ്പ്രദായമായി ആയുർവേദം നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 23 ആയുർവേദ ദിനമായി പ്രഖ്യാപിച്ച് ഇന്ത്യാ ഗവൺമെന്റ് ചരിത്രപരമായ ചുവടുവയ്പ്പ് നടത്തിയതായി ശ്രീ ജാധവ് പറഞ്ഞു. അതിലൂടെ ആ ദിനത്തിന് സാർവദേശീയ കലണ്ടർ സ്വത്വം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “മനുഷ്യർക്കും ഭൂമിക്കുമായി ആയുർവേദം” എന്നതാണ് ഈ വർഷത്തെ പ്രമേയം. ആഗോള ആരോഗ്യത്തിനും പരിസ്ഥിതിക്ഷേമത്തിനുമുള്ള സുസ്ഥിരവും സംയോജിതവുമായ പ്രതിവിധിയായി ആയുർവേദത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 2025ലെ ആയുർവേദ ദിനത്തോടനുബന്ധിച്ച് ആയുഷ് മന്ത്രാലയം നടത്തുന്ന വിവിധ ജനകേന്ദ്രീകൃത സംരംഭങ്ങളും മന്ത്രി പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്കായി "ക്ഷേമത്തിലേക്കുള്ള ചെറുചുവടുകൾ”, വ്യാജപരസ്യങ്ങൾക്കെതിരായി "തെറ്റിദ്ധാരണയെ മാറ്റി നേർവഴിക്കു നയിക്കൽ" (“Lead the Mislead”), "അമിതവണ്ണം തടയാൻ ആയുർവേദ ഭക്ഷണം" തുടങ്ങിയ ബോധവൽക്കരണ യജ്ഞങ്ങളും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനായുള്ള ആയുർവേദ പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. "അർബുദ പരിചരണം സംയോജിപ്പിക്കൽ", "ആയുർവേദത്തിന്റെ ഡിജിറ്റൽ പരിവർത്തനം", "സംഹിത സേ സംവാദ്" (ഭൂമിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മാധ്യമപങ്കാളിത്തം) എന്നിവയിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

 ആയുഷ് മന്ത്രാലയം ഡിഡിജി ശ്രീ സത്യജിത് പോൾ, പിഐബി പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ധീരേന്ദ്ര ഓഝ; എഐഐഎ ഡയറക്ടർ ഡോ. പി.കെ. പ്രജാപതി എന്നിവരും മാധ്യമപ്രതിനിധികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
***

(Release ID: 2168559)