പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 13 SEP 2025 2:34PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്! ഗവർണർ ശ്രീ അജയ് ഭല്ലാ ജി, സംസ്ഥാന ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥർ, ഈ പരിപാടിയിൽ സന്നിഹിതരായ മണിപ്പൂരിലെ എന്റെ സഹോദരീ സഹോദരന്മാരെ,
നിങ്ങൾക്കെല്ലാവർക്കും ഊഷ്മളമായ നമസ്കാരം!

മണിപ്പൂരിന്റെ ഈ ഭൂമി ധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും നാടാണ്. ഈ കുന്നുകൾ പ്രകൃതിയുടെ വിലയേറിയ സമ്മാനമാണ്, അതേസമയം, നിങ്ങളുടെ എല്ലാവരുടെയും തുടർച്ചയായ കഠിനാധ്വാനത്തിന്റെ പ്രതീകവുമാണ് ഈ കുന്നുകൾ. മണിപ്പൂരിലെ ജനങ്ങളുടെ ഉത്സാഹത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഈ കനത്ത മഴയിലും നിങ്ങൾ ഇത്രയധികം പേർ ഇവിടെ എത്തിയതിന്, നിങ്ങളുടെ സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു. കനത്ത മഴ കാരണം എന്റെ ഹെലികോപ്റ്ററിന് എത്താൻ കഴിഞ്ഞില്ല, അതിനാൽ ഞാൻ റോഡ് മാർഗം യാത്ര ചെയ്യാൻ തീരുമാനിച്ചു. ഇന്ന് റോഡിൽ ഞാൻ കണ്ട കാഴ്ചകളിൽ, എന്റെ ഹെലികോപ്റ്റർ ഇന്ന് പറക്കാതിരുന്നത് ദൈവഹിതമാണെന്ന് എന്റെ മനസ്സ് പറഞ്ഞു. ഞാൻ റോഡ് മാർഗം വന്നു, വഴിയോരങ്ങളിൽ ത്രിവർണ്ണ പതാകയേന്തി ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ എല്ലാവരും കാണിച്ച സ്നേഹവും വാത്സല്യവും ഞാൻ കണ്ടു. എന്റെ ജീവിതത്തിലെ ഈ നിമിഷം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. മണിപ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ ഞാൻ തല കുനിക്കുന്നു.

സുഹൃത്തുക്കളേ,

ഈ പ്രദേശത്തിന്റെ സംസ്കാരവും പാരമ്പര്യവും, അതിന്റെ വൈവിധ്യവും, ഊർജ്ജസ്വലതയും, ഭാരതത്തിന്റെ ഒരു പ്രധാന ശക്തിയെ പ്രതിനിധീകരിക്കുന്നു. 'മണിപ്പൂർ' എന്ന പേരിൽ പോലും 'മണി' (രത്നം) എന്ന വാക്ക് അടങ്ങിയിരിക്കുന്നു. വരും കാലങ്ങളിൽ മുഴുവൻ വടക്കുകിഴക്കൻ മേഖലയുടെയും തിളക്കം വർദ്ധിപ്പിക്കുന്ന ഒരു രത്നമാണിത്. വികസനത്തിന്റെ പാതയിൽ മണിപ്പൂരിനെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ​ഗവൺമെന്റ് എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്. ഈ ആവേശത്തിൽ, ഇന്ന് ഞാൻ നിങ്ങളുടെയെല്ലാം ഇടയിൽ ഇവിടെ വന്നിരിക്കുന്നു. അൽപ്പം മുൻപ്, ഏകദേശം ഏഴായിരം കോടി രൂപയുടെ പദ്ധതികൾ ഈ ഘട്ടത്തിൽ തന്നെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ പദ്ധതികൾ മണിപ്പൂരിലെ ജനങ്ങളുടെയും കുന്നുകളിൽ താമസിക്കുന്ന ആദിവാസി സമൂഹങ്ങളുടെയും ജീവിതം കൂടുതൽ മെച്ചപ്പെടുത്തും. ഈ പദ്ധതികൾ നിങ്ങൾക്കെല്ലാവർക്കും പുതിയ ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങൾ സ്ഥാപിക്കും. ഈ പദ്ധതികൾക്ക് മണിപ്പൂരിലെ എല്ലാ ജനങ്ങൾക്കും ചുരാചന്ദ്പൂരിലെ എല്ലാവർക്കും എന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.

സുഹൃത്തുക്കളേ,

മണിപ്പൂർ, അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ്. ഇവിടെ കണക്റ്റിവിറ്റി എപ്പോഴും ഒരു പ്രധാന വെല്ലുവിളിയാണ്. നല്ല റോഡുകളുടെ അഭാവം മൂലം നിങ്ങൾ നേരിട്ട ബുദ്ധിമുട്ടുകൾ എനിക്ക് പൂർണ്ണമായി മനസ്സിലാകും. അതുകൊണ്ടാണ്, 2014 മുതൽ മണിപ്പൂരിന്റെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി തുടർച്ചയായി പ്രവർത്തിക്കുന്നതിന് ഞാൻ ശക്തമായ ഊന്നൽ നൽകുന്നത്. ഇത് കൈവരിക്കുന്നതിനായി ഭാരത ​ഗവൺമെന്റ് രണ്ട് തലങ്ങളിൽ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഒന്നാമതായി, മണിപ്പൂരിലെ റെയിൽവേകൾക്കും റോഡുകൾക്കുമുള്ള ബജറ്റ് ഞങ്ങൾ നിരവധി തവണ വർദ്ധിപ്പിച്ചു, രണ്ടാമതായി, നഗരങ്ങളിലേക്ക് മാത്രമല്ല ഗ്രാമങ്ങളിലേക്കും റോഡുകൾ വ്യാപിപ്പിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

സുഹൃത്തുക്കളേ,

സമീപ വർഷങ്ങളിൽ, ഇവിടെ ദേശീയ പാതകൾക്കായി 3,700 കോടി രൂപ ചെലവഴിച്ചു, കൂടാതെ 8,700 കോടി രൂപയുടെ നിക്ഷേപത്തോടെ പുതിയ ഹൈവേകളുടെ പണി വേഗത്തിൽ പുരോഗമിക്കുന്നു. ഒരുകാലത്ത് ഇവിടുത്തെ ഗ്രാമങ്ങളിൽ എത്തിച്ചേരുന്നത് എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് നിങ്ങൾക്ക് നന്നായി അറിയാം. ഇപ്പോൾ, ഈ മേഖലയിലെ നൂറുകണക്കിന് ഗ്രാമങ്ങൾക്ക് റോഡ് കണക്റ്റിവിറ്റി നൽകിയിട്ടുണ്ട്. ഇത് കുന്നിൻ പ്രദേശങ്ങളിലും ആദിവാസി ഗ്രാമങ്ങളിലും താമസിക്കുന്ന ആളുകൾക്ക് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളേ,

നമ്മുടെ ഗവൺമെന്റിന്റെ കാലത്ത് മണിപ്പൂരിലെ റെയിൽ കണക്റ്റിവിറ്റി വികസിച്ചുകൊണ്ടിരിക്കുകയാണ്. ജിരിബാം-ഇംഫാൽ റെയിൽവേ ലൈൻ ഉടൻ തന്നെ തലസ്ഥാന നഗരമായ ഇംഫാലിനെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും. ഈ പദ്ധതിയിൽ ​ഗവൺമെന്റ് 22,000 കോടി രൂപ നിക്ഷേപിക്കുന്നു. 400 കോടി രൂപ ചെലവിൽ പുതുതായി നിർമ്മിച്ച ഇംഫാൽ വിമാനത്താവളം വ്യോമ കണക്റ്റിവിറ്റിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഈ വിമാനത്താവളത്തിൽ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഹെലികോപ്റ്റർ സർവീസുകൾ ആരംഭിച്ചു. വികസിച്ചുവരുന്ന ഈ കണക്റ്റിവിറ്റി മണിപ്പൂരിലെ എല്ലാ ജനങ്ങളുടെയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ഇവിടുത്തെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഭാരതം ഇന്ന് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. വളരെ വേഗം, നാം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ പോകുന്നു. വികസനത്തിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് എന്റെ നിരന്തരമായ ശ്രമം. ഡൽഹിയിൽ നടത്തുന്ന പ്രഖ്യാപനങ്ങൾ ഇവിടെ നടപ്പിലാക്കാൻ പതിറ്റാണ്ടുകൾ എടുക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, നമ്മുടെ ചുരാചന്ദ്പൂർ, നമ്മുടെ മണിപ്പൂർ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളോടൊപ്പം പുരോഗമിക്കുന്നു. ഉദാഹരണത്തിന്, രാജ്യത്തുടനീളമുള്ള ദരിദ്രർക്കായി സ്ഥിരമായ വീടുകൾ നിർമ്മിക്കുന്നതിനുള്ള ഒരു പദ്ധതി ഞങ്ങൾ ആരംഭിച്ചു. മണിപ്പൂരിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ചു, ഏകദേശം അറുപതിനായിരത്തോളം വീടുകൾ ഇവിടെ നിർമ്മിച്ചു. അതുപോലെ, ഈ പ്രദേശം മുമ്പ് വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. ഈ ബുദ്ധിമുട്ടുകളിൽ നിന്ന് നിങ്ങളെ മോചിപ്പിക്കുമെന്ന് ഞങ്ങളുടെ ഗവൺമെന്റ് പ്രതിജ്ഞയെടുത്തു, അതിന്റെ ഫലമായി, മണിപ്പൂരിലെ ഒരു ലക്ഷത്തിലധികം കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി കണക്ഷനുകൾ ലഭിച്ചു.

സുഹൃത്തുക്കളേ,

നമ്മുടെ അമ്മമാരും സഹോദരിമാരും വെള്ളം ലഭിക്കുന്നതിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അതിനാൽ, ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഞങ്ങൾ 'ഹർ ഘർ നൽ സേ ജൽ' (എല്ലാ വീടുകളിലും പൈപ്പ് വെള്ളം) പദ്ധതി ആരംഭിച്ചു. സമീപ വർഷങ്ങളിൽ, രാജ്യത്തുടനീളമുള്ള 15 കോടിയിലധികം പൗരന്മാർക്ക് പൈപ്പ് വെള്ളം ലഭിച്ചു. മണിപ്പൂരിൽ, 7-8 വർഷങ്ങൾക്ക് മുമ്പ് 25,000 മുതൽ 30,000 വരെ വീടുകൾക്ക് മാത്രമേ പൈപ്പ് വെള്ളം കണക്ഷൻ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, ഇവിടെ 350,000-ത്തിലധികം വീടുകൾക്ക് പൈപ്പ് വെള്ളം ലഭ്യമാണ്. മണിപ്പൂരിലെ ഓരോ കുടുംബത്തിനും വളരെ വേഗം അവരുടെ വീടുകളിൽ പൈപ്പ് വെള്ളം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

മുൻകാലങ്ങളിൽ, കുന്നിൻ പ്രദേശങ്ങളിലെയും ആദിവാസി മേഖലകളിലെയും നല്ല സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നിവ വെറും സ്വപ്നങ്ങളായിരുന്നു. ആരെങ്കിലും രോഗബാധിതനായാൽ, രോഗി ആശുപത്രിയിൽ എത്തുമ്പോഴേക്കും വളരെ വൈകും. ഇന്ന്, ഭാരത ​ഗവൺമെന്റിന്റെ ശ്രമങ്ങൾ കാരണം സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. ചുരാചന്ദ്പൂരിലെ മെഡിക്കൽ കോളേജ് ഇപ്പോൾ തയ്യാറായിരിക്കുന്നു, പുതിയ ഡോക്ടർമാരെ സൃഷ്ടിക്കുകയും ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒന്നു ചിന്തിച്ചു നോക്കു, സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളായി മണിപ്പൂരിലെ മലയോര പ്രദേശങ്ങളിൽ ഒരു മെഡിക്കൽ കോളേജ് ഉണ്ടായിരുന്നില്ല; ഈ നേട്ടം നമ്മുടെ ​ഗവൺമെന്റ് കൈവരിച്ചു.
പി എം ഡിവൈൻ പദ്ധതി പ്രകാരം, നമ്മുടെ ​ഗവൺമെന്റ് അഞ്ച് മലയോര ജില്ലകളിൽ ആധുനിക ആരോഗ്യ സേവനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ, ദരിദ്രർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ​ഗവൺമെന്റ് നൽകുന്നു. മണിപ്പൂരിലെ രണ്ടര ലക്ഷത്തോളം രോഗികൾക്ക് ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ട്. ഈ സൗകര്യം ഇല്ലായിരുന്നെങ്കിൽ, ഇവിടുത്തെ എന്റെ പാവപ്പെട്ട സഹോദരീ സഹോദരന്മാർ സ്വന്തം പോക്കറ്റിൽ നിന്ന് 350 കോടിയിലധികം രൂപ വൈദ്യചികിത്സയ്ക്കായി ചെലവഴിക്കേണ്ടിവരുമായിരുന്നു. എന്നാൽ മുഴുവൻ ചെലവും ഭാരത ​ഗവൺമെന്റ് വഹിക്കുന്നു, കാരണം ഓരോ ദരിദ്രന്റെയും ആശങ്കകൾ പരിഹരിക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ മുൻഗണന.

സുഹൃത്തുക്കളേ,

മണിപ്പൂരിന്റെ ഭൂമിയും പ്രദേശവും പ്രതീക്ഷയുടെയും വാഗ്ദാനങ്ങളുടെയും നാടാണ്. നിർഭാഗ്യവശാൽ, ഈ മനോഹരമായ പ്രദേശം അക്രമത്തിന്റെ പിടിയിലമർന്നു. കുറച്ച് മുൻപ്, ക്യാമ്പുകളിൽ താമസിക്കുന്ന ദുരിതബാധിതരായ ആളുകളെ ഞാൻ കണ്ടുമുട്ടി. അവരുമായി സംസാരിച്ചതിന് ശേഷം, പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും ഒരു പുതിയ പ്രഭാതം മണിപ്പൂരിനെ കാത്തിരിക്കുന്നുവെന്ന് എനിക്ക് പറയാൻ കഴിയും.

സുഹൃത്തുക്കളേ,

എവിടെയും വികസനത്തിന് സമാധാനം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ, വടക്കുകിഴക്കൻ മേഖലയിലെ നിരവധി ദീർഘകാല തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കപ്പെട്ടു. ആളുകൾ സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തു, വികസനത്തിന് മുൻഗണന നൽകി. അടുത്തിടെ കുന്നുകളിലും താഴ്‌വരകളിലുമുള്ള വിവിധ ഗ്രൂപ്പുകളുമായി കരാറുകളിൽ എത്തുന്നതിനായി സംഭാഷണങ്ങൾ ആരംഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. സംഭാഷണം, ബഹുമാനം, പരസ്പര ധാരണ എന്നിവയിലൂടെ സമാധാനം സ്ഥാപിക്കാനുള്ള ഭാരത ​ഗവൺമെന്റിന്റെ  പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ശ്രമങ്ങൾ. സമാധാനത്തിന്റെ പാതയിൽ മുന്നോട്ട് പോകാനും, അവരുടെ സ്വപ്നങ്ങൾ നിറവേറ്റാനും, അവരുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും എല്ലാ സംഘടനകളോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ന്, ഞാൻ നിങ്ങളോടൊപ്പമുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ഭാരത ​ഗവൺമെന്റ് നിങ്ങളോടൊപ്പമുണ്ട്, മണിപ്പൂരിലെ ജനങ്ങളോടൊപ്പമുണ്ട്.

സുഹൃത്തുക്കളേ,

മണിപ്പൂരിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ ഭാരത ​ഗവൺമെന്റ്  സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് ഏഴായിരം പുതിയ വീടുകൾ നിർമ്മിക്കുന്നതിന് ഞങ്ങളുടെ ഗവൺമെന്റ് സഹായം നൽകുന്നു. അടുത്തിടെ, ഏകദേശം മൂവായിരം കോടി രൂപയുടെ പ്രത്യേക പാക്കേജും അംഗീകരിച്ചു. കൂടാതെ, കുടിയിറക്കപ്പെട്ടവരെ സഹായിക്കുന്നതിനായി 500 കോടി രൂപയുടെ പ്രത്യേക വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

മണിപ്പൂരിലെ ആദിവാസി യുവാക്കളുടെ സ്വപ്നങ്ങളെയും പോരാട്ടങ്ങളെയും കുറിച്ച് എനിക്ക് നന്നായി അറിയാം. നിങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന്, വിവിധ പരിഹാരങ്ങൾക്കായി പ്രവർത്തിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും അവരുടെ വികസനത്തിനായി ഫണ്ട് ശരിയായ രീതിയിൽ അനുവദിക്കുന്നതിനും ഗവൺമെന്റ്  പ്രതിജ്ഞാബദ്ധമാണ്.

സുഹൃത്തുക്കളേ,

ഇന്ന് ഓരോ ആദിവാസി സമൂഹത്തിന്റെയും വികസനം രാജ്യത്തിന്റെ മുൻഗണനയാണ്. ആദ്യമായി, ആദിവാസി മേഖലകളിലെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി 'ധാർത്തി ആബ ജഞ്ജതിയ ഗ്രാം ഉത്കർഷ് അഭിയാൻ' നടക്കുന്നു. ഈ സംരംഭത്തിന് കീഴിൽ, മണിപ്പൂരിലെ 500-ലധികം ഗ്രാമങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നു. ആദിവാസി മേഖലകളിൽ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ എണ്ണവും വർദ്ധിപ്പിക്കുന്നു. മണിപ്പൂരിലും, ഇത്തരത്തിലുള്ള 18 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ നിർമ്മിക്കപ്പെടുന്നു. സ്കൂളുകളുടെയും കോളേജുകളുടെയും നവീകരണം ഇവിടുത്തെ മലയോര പ്രദേശങ്ങളിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കും.

സുഹൃത്തുക്കളേ,

മണിപ്പൂരിന്റെ സംസ്കാരം എല്ലായ്പ്പോഴും 'നാരി ശക്തി' (സ്ത്രീ ശാക്തീകരണം) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുന്നതിലും ഞങ്ങളുടെ ​ഗവൺമെന്റ് സജീവമായി ഏർപ്പെട്ടിട്ടുണ്ട്. മണിപ്പൂരിലെ പെൺമക്കളെ പിന്തുണയ്ക്കുന്നതിനായി ​ഗവൺമെന്റ് വർക്കിം​ഗ് വനിതാ ഹോസ്റ്റലുകളും നിർമ്മിക്കുന്നു.

സുഹൃത്തുക്കളേ,

മണിപ്പൂരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. മണിപ്പൂർ ​ഗവൺമെന്റിനൊപ്പം ഭാരത ഗവൺമെന്റും മണിപ്പൂരിന്റെ വികസനത്തിലും കുടിയിറക്കപ്പെട്ടവരെ എത്രയും വേഗം ഉചിതമായ സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കുന്നതിലും സമാധാനം സ്ഥാപിക്കുന്നതിലും തുടർന്നും സഹകരിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. വികസന പദ്ധതികൾക്ക് ഞാൻ നിങ്ങളെയെല്ലാം വീണ്ടും അഭിനന്ദിക്കുന്നു, നിങ്ങൾ കാണിച്ച സ്നേഹത്തിനും ബഹുമാനത്തിനും മണിപ്പൂരിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നമുക്കെല്ലാവർക്കും ഒരുമിച്ച് പറയാം:

ഭാരത് മാതാ കീ ജയ്,

ഭാരത് മാതാ കീ ജയ്,

ഭാരത് മാതാ കീ ജയ്,

വളരെ നന്ദി.

***

SK


(Release ID: 2167070) Visitor Counter : 10