ആയുഷ്
സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ "സ്വസ്ഥ് നാരി സശക്ത് പരിവാർ അഭിയാൻ" പദ്ധതിയിൽ ആയുഷ് മന്ത്രാലയം ഭാഗമാകുന്നു
Posted On:
14 SEP 2025 10:40AM by PIB Thiruvananthpuram
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരംഭിക്കുന്ന ദേശീയ ആരോഗ്യ കാമ്പെയ്‌നായ,'സ്വസ്ഥ് നാരി സശക്ത് പരിവാർ അഭിയാനിൽ' കേന്ദ്ര ആയുഷ് മന്ത്രാലയം ഭാഗമാകുന്നു. സംസ്ഥാന, കേന്ദ്രഭരണ പ്രദേശ (യുടി) ഭരണകൂടങ്ങൾ, ആയുഷ് ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, സ്വകാര്യ മേഖല, അസോസിയേഷനുകൾ, എൻജിഒകൾ, സഹകരണ സംഘങ്ങൾ എന്നിവയുമായി സഹകരിച്ച്, സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ, വിവിധ രോഗനിർണയ പരിശോധനകൾ എന്നിവ മന്ത്രാലയം സംഘടിപ്പിക്കും.
16 ദിവസത്തെ ഈ കാമ്പെയ്‌നിൽ ആരോഗ്യ പരിശോധനകളും സാംക്രമികേതര രോഗങ്ങൾ (എൻസിഡി), അർബുദം , വിളർച്ച, ക്ഷയം, അരിവാൾ രോഗം തുടങ്ങിയ രോഗ നിർണയ ക്യാമ്പുകളും ഉൾപ്പെടും; മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ; പോഷകാഹാരത്തെയും ശുചിത്വത്തെയും കുറിച്ചുള്ള അവബോധ പരിപാടികൾ, പൊതുജനാരോഗ്യ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി സന്നദ്ധ രക്തദാന യജ്ഞം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. സ്ത്രീകളിലും കുട്ടികളിലും വിളർച്ച, എൻസിഡി, പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് (പിസിഒഡി) എന്നിവയ്‌ക്കുള്ള ആയുഷ് ചികിത്സാ രീതികളും ഈ കാമ്പെയ്‌നിന്‍റെ കീഴിൽ നൽകും.
ഈ ദേശീയ ആരോഗ്യ കാമ്പെയ്നിൽ,പ്രത്യേക കിയോസ്‌ക്കുകൾ വഴി ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടവയുടെ കൗൺസിലിംഗ്, യോഗ സെഷനുകൾ, "പ്രകൃതി പരീക്ഷൺ" എന്നിവയിലൂടെ സ്ത്രീകളുടെ ആരോഗ്യത്തിലും ശാക്തീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്‌കൂളുകൾ, റേഡിയോ, ടെലിവിഷൻ പരിപാടികൾ, സാമൂഹ്യ മാധ്യമ കാമ്പയിനുകൾ എന്നിവയിലൂടെ വിപുലമായ ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും. ഗൃഹ ചികിത്സയ്ക്ക് വേണ്ട പിന്തുണയും പോഷകാഹാര കിറ്റുകളും പൊതുജനങ്ങൾക്കായി വിതരണം ചെയ്യും. അതേസമയം സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഔഷധ സസ്യങ്ങളുടെയും ഹെർബൽ ടീകളുടെയും ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിവിധ പ്രവർത്തനങ്ങളിലൂടെ അവബോധം നൽകും. ആയുർവേദത്തിൽ നിന്ന് പ്രചോദിതമായ ആരോഗ്യ ക്ഷേമ പരിപാടികളിലൂടെയും മാനസികാരോഗ്യത്തിനായി യോഗ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളിലൂടെയും കോർപ്പറേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന മാനസിക- ശാരീരിക സമ്മർദ്ദങ്ങളെ നേരിടുന്നതിനുള്ള ആരോഗ്യ രീതികൾക്കും ഈ കാമ്പയിൻ ഊന്നൽ നൽകുന്നു.
പരിപാടിയിൽ സമൂഹത്തിന്‍റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്ത് തലത്തിലുള്ള സ്വയം സഹായ സംഘങ്ങള്‍ ബോധവൽക്കരണ റാലികളും പ്രതിജ്ഞാ പരിപാടികളും നടത്തും. സ്ത്രീകളിൽ ഗർഭാവസ്ഥ മുതൽ പാലിയേറ്റീവ് കെയർ വരെയുള്ള സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് ക്യാമ്പയിൻ ലക്ഷ്യമിടുന്നു. വിളർച്ച ഇല്ലാത്ത സ്ത്രീകൾ, ആരോഗ്യവതികളായ അമ്മമാർ, മാനസിക സമ്മർദ്ദം ഇല്ലാത്ത വനിതകൾ, ഔഷധ സസ്യങ്ങളിലൂടെയുള്ള പോഷണം, എല്ലുകളുടെ ആരോഗ്യം തുടങ്ങിയവയ്ക്കായി നിത്യേന പ്രയോഗിക്കാവുന്ന ആയുഷ് ആരോഗ്യ നുറുങ്ങുകൾ നൽകുക വഴി സ്ത്രീകൾക്ക് അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ ഈ ക്യാമ്പയിൻ വഴിയൊരുക്കുന്നു.
********************
(Release ID: 2166487)
Visitor Counter : 2