കൃഷി മന്ത്രാലയം
azadi ka amrit mahotsav

'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' രണ്ടാം ഘട്ടത്തിന് കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ്റെ നേതൃത്വത്തിൽ തുടക്കമാകും

Posted On: 13 SEP 2025 5:41PM by PIB Thiruvananthpuram
'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' ആദ്യ ഘട്ടത്തിൻ്റെ വൻ വിജയത്തിനുശേഷം കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ്റെ നേതൃത്വത്തിൽ രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കമാകുന്നു. മുമ്പ്, ഖാരിഫ് വിളകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പ്രചാരണം ഈ ഘട്ടത്തിൽ റാബി വിളകളെ കേന്ദ്രീകരിച്ചാണ്. പ്രചാരണ പരിപാടിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള കാർഷിക ശാസ്ത്രജ്ഞർ ഗ്രാമങ്ങൾ സന്ദർശിക്കുകയും കർഷകരെ നേരിൽ കാണുകയും ആവശ്യമായ വിവരങ്ങൾ നല്കുകയും അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ “പരീക്ഷണശാലയിൽനിന്ന് കൃഷിയിടത്തിലേക്ക്” എന്ന മന്ത്രം യാഥാർഥ്യമാക്കുന്നതിൽ പങ്കാളികളാകുകയും ചെയ്യും. പ്രചാരണ തയ്യാറെടുപ്പുകളുടെ ഭാഗമായി സെപ്റ്റംബർ 15 മുതൽ ന്യൂഡൽഹിയിലെ പുസ കാമ്പസിൽ രണ്ട് ദിവസത്തെ 'ദേശീയ കാർഷിക സമ്മേളനം - റാബി അഭിയാൻ 2025' സംഘടിപ്പിക്കുന്നു.
 
റാബി വിളകളുമായി ബന്ധപ്പെട്ട രണ്ട് ദിവസത്തെ ദേശീയ സമ്മേളനം, കാർഷിക വിദഗ്ധർക്കും ശാസ്ത്രജ്ഞർക്കും നയരൂപീകരണ ഉദ്യോഗസ്ഥർക്കും രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന പ്രതിനിധികൾക്കും ഒരുമിച്ച് ചർച്ച നടത്താനുള്ള പൊതുവേദി ഒരുക്കും. റാബി 2025-26 ലെ വിത്തു വിതയ്ക്കൽ സീസണുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ, ഉത്പാദന ലക്ഷ്യങ്ങൾ, തന്ത്രങ്ങൾ എന്നിവയും ആഴത്തിൽ ചർച്ച ചെയ്യും. കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ സമ്മേളനത്തിൻ്റെ അധ്യക്ഷനാകും. നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള കൃഷി മന്ത്രിമാർ, കേന്ദ്ര കൃഷി, കർഷകക്ഷേമ സെക്രട്ടറി, ഐ.സി.എ.ആർ (ICAR) ഡയറക്ടർ ജനറൽ, ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
 
കേന്ദ്ര കൃഷി മന്ത്രിയുടെ നിർദ്ദേശപ്രകാരം ഇതാദ്യമായാണ് രണ്ട് ദിവസം നീളുന്ന റാബി സമ്മേളനം സംഘടിപ്പിക്കുന്നത്. കർഷകർക്ക് പ്രയോജനം ലഭിക്കുന്നതും കൃഷി, റാബി സീസണിലെ വിളകൾ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതും സംബന്ധിച്ച വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
 
പരിപാടിയുടെ ആദ്യ ദിനത്തിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥർ റാബി വിളകളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. സെപ്റ്റംബർ 16ന് എല്ലാ സംസ്ഥാന കൃഷി മന്ത്രിമാരും, കേന്ദ്ര കൃഷി മന്ത്രിയും, സഹമന്ത്രിമാരും (MoS) വിശദമായ ചർച്ചകൾ നടത്തും. പുതിയ സാങ്കേതികവിദ്യകളും വിത്തുകളും എങ്ങനെ ഫലപ്രദമായി കർഷകരിലേക്ക് എത്തിക്കാമെന്ന ആഴത്തിലുള്ള അവലോകനവും ആലോചനയും ഇതിൽ ഉൾപ്പെടുന്നു. എല്ലാ സംസ്ഥാന പ്രതിനിധികളും അവരുടെ ടീമുകളോടൊപ്പം പരിപാടിയിൽ പങ്കെടുക്കും. കൂടാതെ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരേയും ഇതിലേക്ക് ഇതാദ്യമായി ക്ഷണിച്ചിട്ടുണ്ട്. അവർ തങ്ങളുടെ പ്രാദേശിക അനുഭവങ്ങളും വെല്ലുവിളികളും പങ്കിടുകയും ഭാവി തന്ത്രങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
 
വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സമാന്തര സാങ്കേതിക സെഷനുകൾ പരിപാടിയിൽ ഉൾപ്പെടും. മേഖലയിലെ വിദഗ്ദ്ധർ, ശാസ്ത്രജ്ഞർ, സംസ്ഥാന പ്രതിനിധികൾ എന്നിവർ അവതരണങ്ങൾ നടത്തുകയും തുറന്ന ചർച്ചകളിലൂടെ പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യും. താഴെപ്പറയുന്ന വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും:
 
- കാലാവസ്ഥാ പ്രതിരോധശേഷി, മണ്ണിൻ്റെ ആരോഗ്യം, സമതുലിതമായ വള പ്രയോഗം - മെച്ചപ്പെട്ട മണ്ണ് പരിപാലനത്തിനും സന്തുലിതമായ പോഷകാഹാരത്തിനും ഊന്നൽ.
 
- ഗുണനിലവാരമുള്ള വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ, കാർഷിക ചുവടുവെപ്പുകൾ - കൃത്യമായ കാർഷിക ഇൻപുട്ടുകളും ഡിജിറ്റൽ നിരീക്ഷണവും.
 
- തോട്ടക്കൃഷിയുടെ വൈവിധ്യവത്ക്കരണം - വരുമാനം വർദ്ധിപ്പിക്കുന്നതിലും കയറ്റുമതി സാധ്യതകളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തന്ത്രങ്ങൾ.
 
- ഫലപ്രദമായ വിപുലീകരണ സേവനങ്ങളും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ (KVKs) പങ്കും - ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അറിവുകളും കർഷകർക്ക് ലഭ്യമാക്കുക.
 
 
- കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഏകോപനം - പദ്ധതികളുടെ മികച്ച വിന്യാസവും സംസ്ഥാനങ്ങളുടെ അനുഭവങ്ങൾ പങ്കിടലും.
 
- പ്രകൃതിദത്ത കൃഷി രീതികൾ - കുറഞ്ഞ ചെലവിലുള്ളതും പരിസ്ഥിതി സൗഹൃദവുമായ കൃഷി രീതികൾ.
 
- പയർവർഗ്ഗങ്ങൾക്കും എണ്ണക്കുരുക്കൾക്കും പ്രത്യേക ഊന്നൽ നല്കിക്കൊണ്ട് വിള വൈവിധ്യവത്ക്കരണവും റാബി സീസണിൽ പയർ വർഗ്ഗങ്ങളുടേയും എണ്ണക്കുരുക്കളുടേയും വിസ്തൃതിയും ഉത്പാദനവും വർദ്ധിപ്പിക്കുന്നതിനുമുള്ള തന്ത്രങ്ങൾ - സ്വാശ്രയത്വവും പോഷക സുരക്ഷയും പ്രോത്സാഹിപ്പിക്കൽ.
 
 
- റാബി സീസണിലെ വളം ലഭ്യത - സമയബന്ധിതമായ വിതരണവും വിതരണം സംബന്ധിച്ച ക്രമീകരണങ്ങളുടേയും അവലോകനം.
 
- സംയോജിത കൃഷി സംവിധാനങ്ങൾ
 
വിവിധ സംസ്ഥാനങ്ങളിലെ വിജയങ്ങളും മികച്ച പ്രവർത്തന രീതികളും സമ്മേളനത്തിൽ പങ്കുവെക്കും. അതുവഴി മറ്റ് സംസ്ഥാനങ്ങളിലും അവ നടപ്പിലാക്കാൻ സാധിക്കും. കൂടാതെ കാലാവസ്ഥാ പ്രവചനം, വള പരിപാലനം, കാർഷിക ഗവേഷണം, സാങ്കേതിക ഇടപെടലുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധർ അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും.
 
 
 
*********************

(Release ID: 2166399) Visitor Counter : 2