ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
ആഗോള മെഗാ ഭക്ഷ്യമേളയായ 'വേൾഡ് ഫുഡ് ഇന്ത്യ' 2025 ന്റെ നാലാമത് പതിപ്പ് ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
Posted On:
12 SEP 2025 6:48PM by PIB Thiruvananthpuram
ആഗോള മെഗാ ഭക്ഷ്യമേളയായ 'വേൾഡ് ഫുഡ് ഇന്ത്യ (WFI) 'യുടെ നാലാമത് പതിപ്പ് 2025 സെപ്റ്റംബർ 25 ന് വൈകുന്നേരം 6:00 മണിക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ ചിരാഗ് പസ്വാൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം (MoFPI) സംഘടിപ്പിക്കുന്ന 'വേൾഡ് ഫുഡ് ഇന്ത്യ 2025' സെപ്റ്റംബർ 25 മുതൽ 28 വരെ നടക്കും. ഭക്ഷ്യ സംസ്കരണ മേഖലയുടെ പരിവർത്തനാത്മക സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട്, ഭക്ഷ്യ സംസ്കരണ മൂല്യ ശൃംഖലയിലുടനീളം സഹകരണം, നവീനാശയങ്ങൾ, നിക്ഷേപങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയെ "ലോകത്തിന്റെ ഭക്ഷ്യ കേന്ദ്രമായി" മാറ്റുക എന്നതാണ് ഈ ആഗോള പരിപാടിയുടെ ലക്ഷ്യം.
മുൻ പതിപ്പുകൾ നേടിയ ഗണ്യമായ വിജയത്തിന്റെ അടിത്തറയിൽ, വേൾഡ് ഫുഡ് ഇന്ത്യയുടെ നാലാമത് പതിപ്പ്, ഇന്ത്യയുടെ അതിവേഗം വളരുന്ന ഭക്ഷ്യ സംസ്കരണ ആവാസവ്യവസ്ഥയിലെ അവസരങ്ങൾ കണ്ടെത്തുന്നതിനും സഹകരിക്കുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനുമായി ഒരു പ്രധാന അന്താരാഷ്ട്ര വേദിയായി വർത്തിക്കും. നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ , സംരംഭകർ, നിക്ഷേപകർ, ഗവേഷകർ, മറ്റ് പങ്കാളികൾ എന്നിവരെ ഇത് ഒരുമിച്ച് കൊണ്ടുവരും. ഈ പരിപാടിയെ,ആഗോള ഭക്ഷ്യ ആവാസവ്യവസ്ഥയുടെ ഏറ്റവും സമഗ്രമായ പ്രദർശനങ്ങളിലൊന്നാക്കി മാറ്റുന്നതിന് ആഭ്യന്തര, അന്താരാഷ്ട്ര തലത്തിലെ പ്രദർശകരുടെ ഒരു വലിയ നിര പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വർഷം, ന്യൂസിലാൻഡ്, സൗദി അറേബ്യ എന്നിവയെ പങ്കാളി രാജ്യങ്ങളാക്കി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം ജപ്പാൻ, യുഎഇ, വിയറ്റ്നാം, റഷ്യ എന്നിവ ശ്രദ്ധിക്കപ്പെടുന്ന രാജ്യങ്ങളായി പങ്കെടുക്കും. ഈ രാജ്യങ്ങളുടെ പങ്കാളിത്തം ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുകയും വിജ്ഞാന വിനിമയം വർദ്ധിപ്പിക്കുകയും ഭക്ഷ്യ സംസ്കരണ മേഖലയിൽ വ്യാപാരത്തിനും നിക്ഷേപത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ആഗോളതലത്തിലെ ബൗദ്ധിക ചിന്തകർ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന ഉന്നതതല വൈജ്ഞാനിക സെഷനുകളും പാനൽ ചർച്ചകളും പരിപാടിയുടെ ഭാഗമായി നടക്കും. ഭക്ഷ്യ സംസ്കരണം, പാക്കേജിംഗ്, യന്ത്രങ്ങൾ, ശീതീകരണ ശൃംഖല, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ, സാങ്കേതികവിദ്യകൾ, പ്രതിവിധികൾ എന്നിവ ഉൾപ്പെടുന്ന പ്രദർശനങ്ങൾ, തന്ത്രപരമായ പങ്കാളിത്തവും സഹകരണവും സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബി2ബി, ബി2ജി നെറ്റ്‌വർക്കിംഗ് സാധ്യതകൾ കണ്ടെത്തൽ എന്നിവയും ഇതോടൊപ്പം നടക്കും. വിവിധ പാചകരീതികളിലുള്ള ഭക്ഷ്യ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരങ്ങളും പാചക വിദഗ്ധരെ കണ്ടെത്താനുള്ള മത്സരങ്ങളും ഇന്ത്യയുടെ സമ്പന്നമായ ഭക്ഷ്യ വൈവിധ്യത്തെയും ആരോഗ്യകരവും സുസ്ഥിരവും, ഭാവിയിലധിഷ്ഠിതവുമായ ഭക്ഷണ പദാർത്ഥങ്ങളോടുള്ള ആഗോള പ്രവണതകളെയും പ്രദർശിപ്പിക്കും.
വേൾഡ് ഫുഡ് ഇന്ത്യയുടെ ഭാഗമായി രണ്ട് പ്രധാന അന്താരാഷ്ട്ര പരിപാടികളും സമാന്തരമായി നടക്കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ ഏകീകരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും നിയന്ത്രണചട്ടങ്ങളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ഈ മേഖലയിലെ ആഗോള നിയന്ത്രക വിദഗ്ധർക്ക് ഒരു സവിശേഷ വേദി നൽകുന്ന എഫ്‌എസ്‌എസ്‌എഐയുടെ മൂന്നാമത് 'ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്‌സ്' ഉച്ചകോടിയാണ് ഒരു പരിപാടി. ഇന്ത്യയുടെ വളരുന്ന സമുദ്രോത്പന്ന കയറ്റുമതി സാധ്യതകളിലും ആഗോള വിപണി ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്‌ഇഎഐ) സംഘടിപ്പിക്കുന്ന 24-ാമത് ഇന്ത്യ ഇന്റർനാഷണൽ സീഫുഡ് ഷോ (ഐഐഎസ്‌എസ്)യാണ് രണ്ടാമത്തെ പരിപാടി.
കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ ചിരാഗ് പാസ്വാൻ 2025 സെപ്റ്റംബർ 11-ന് ഭാരത് മണ്ഡപം സന്ദർശിച്ച് ഈ മെഗാ പരിപാടിക്കുള്ള തയ്യാറെടുപ്പിന്റെ ക്രമീകരണങ്ങൾ വിശദമായി വിലയിരുത്തി. വേദിയുടെ രൂപകൽപ്പന , ലോജിസ്റ്റിക്സ്, സ്റ്റാളുകൾ ആസൂത്രണം ചെയ്തിരിക്കുന്ന രീതി , സുരക്ഷാ ക്രമീകരണങ്ങൾ, അന്താരാഷ്ട്ര പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളുകൾ എന്നിവ മന്ത്രി വിലയിരുത്തി. സുഗമമായ ഏകോപനം, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കൽ, പങ്കെടുക്കുന്ന എല്ലാവർക്കും ലോകോത്തര അനുഭവം പ്രദാനം ചെയ്യൽ എന്നിവ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.
*********************
(Release ID: 2166146)
Visitor Counter : 2