ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റി (ഐഐഎംഎ) ന്റെ ആദ്യ വിദേശ കാമ്പസ് ദുബായില്‍ ആരംഭിച്ചു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ന് ദുബായില്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍, യുഎഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണവകുപ്പ് ആക്ടിങ് മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ മന്നാന്‍ അല്‍ അവാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


ഐഐഎംഎ യുടെ ആദ്യ അന്താരാഷ്ട്ര കാമ്പസ് ദുബായില്‍ ആരംഭിക്കുന്നത്, യുഎഇയും ഇന്ത്യയും തമ്മില്‍ ആഴത്തില്‍ വേരൂന്നിയ ബന്ധത്തെയും വളര്‍ന്നുവരുന്ന പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചൂണ്ടിക്കാട്ടി. ഈ അഭിമാനകരമായ സ്ഥാപനത്തെ അദ്ദേഹം ദുബായിലേക്ക് സ്വാഗതം ചെയ്തു. നമ്മുടെ യുവാക്കളുടെ ഊര്‍ജ്ജവും അഭിലാഷവുമാണ് ദുബായിയുടെ ഭാവിയിലേക്കുള്ള പ്രേരകശക്തി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സാഹചര്യത്തില്‍ വിജയം വരിക്കുന്നതിനുള്ള ജ്ഞാനവും നൈപുണ്യവും മൂല്യങ്ങളും നല്‍കി ഞങ്ങള്‍ യുവാക്കളെ സജ്ജരാക്കുകയും, ആത്മവിശ്വാസത്തോടെ നയിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഐഐഎം അഹമ്മദാബാദിന്റെ ദുബായ് കാമ്പസ് ഉദ്ഘാടനം ചെയ്തത് ഒരു ബഹുമതിയാണെന്ന് ശ്രീ പ്രധാന്‍ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഭാവനം ചെയ്തത് പ്രകാരം, ഇന്ത്യയുടെ വിദ്യാഭ്യാസത്തിന്റെ ആഗോളവത്കരണത്തിലേക്കുള്ള മറ്റൊരു വലിയ കുതിച്ചുചാട്ടമാണിത്. ഇന്ത്യയുടെ ഏറ്റവും മികച്ച നൈപുണ്യ ശേഷി ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ ഐഐഎം അഹമ്മദാബാദിന്റെ ദുബായ് കാമ്പസ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐഐഎം അഹമ്മദാബാദ് അന്താരാഷ്ട്ര കാമ്പസിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ദുബായ് ഇന്ന് ' മനോഭാവത്തില്‍ ഭാരതീയവും , കാഴ്ചപ്പാടില്‍ ആഗോളവും 'എന്ന ആശയത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യ-യുഎഇ വൈജ്ഞാനിക സഹകരണത്തില്‍ മഹത്തായ ചുവടുവെയ്പ്പ് നടത്തിയതിന് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോട് അദ്ദേഹം കൃതജ്ഞത അറിയിച്ചു.

യുഎഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ വകുപ്പ് ആക്ടിങ് മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ മന്നാന്‍ അല്‍ അവാറുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും വിജ്ഞാനവിനിമയം കൂടുതല്‍ ആഴത്തിലാക്കാനും അറിവ്, നൂതനാശയം, ഗവേഷണം എന്നിവ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന ഘടകമാക്കാനും തീരുമാനിച്ചു. നിര്‍ണായകവും നൂതനവുമായ മേഖലകളിലെ സംയുക്ത ഗവേഷണം, ശേഷി വികസനം, ഉഭയകക്ഷി സാംസ്‌കാരിക, അക്കാദമിക് വിനിമയം എന്നിവയും ചര്‍ച്ച ചെയ്തു.
ദുബായിലെ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച്, പരസ്പരമുള്ള മുന്‍ഗണനകള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ക്കും, ആഗോള കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന സംഭാവനകളെ പ്രകീര്‍ത്തിച്ചതിന് ശ്രീ. പ്രധാന്‍, ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ അവാറിന് നന്ദി പറഞ്ഞു. യുഎഇയില്‍ ഉന്നത നിലവാരമുള്ള കൂടുതല്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനായി നല്‍കുന്ന പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രതിഭകളുടെ ആഗോള കേന്ദ്രമാണ് ഇന്ത്യയെന്നും, അതേസമയം ഒരു ആഗോള സാമ്പത്തിക കേന്ദ്രമാണ് യുഎഇ എന്നും മന്ത്രി പ്രസ്താവിച്ചു. ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കരുത്തുറ്റ പുരാതന ബന്ധം ദൃഢമാക്കുന്നതിനും ഇന്ത്യയും യുഎഇയും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പരാമര്‍ശിച്ചു.
പിന്നീട്, ദുബായിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി കാമ്പസും മന്ത്രി സന്ദര്‍ശിച്ചു. അവിടെ അദ്ദേഹം സിംബയോസിസ്, ബിറ്റ്‌സ് പിലാനി, എംഐടി, അമിറ്റി തുടങ്ങിയ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍മാരുമായി അദ്ദേ ചര്‍ച്ച നടത്തി. യുഎഇയുടെ അക്കാദമിക് സമീപനങ്ങളെയും ഭാവിയിലേക്കുള്ള പദ്ധതികളെയും കുറിച്ച് ശ്രീ. പ്രധാന്‍ മനസ്സിലാക്കി. ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണത്തില്‍ നിന്ന് ഉത്പാദനവത്കരണത്തിലേക്കും വിപണനവത്കരണത്തിലേക്കും ഗവേഷണ മൂല്യ ശൃംഖല പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകത മന്ത്രി വിശദീകരിച്ചു. ആഗോള വിദ്യാഭ്യാസം, നൂതനാശയം, സംരംഭകത്വ ഭൂപടത്തില്‍ 'ബ്രാന്‍ഡ് ഇന്ത്യയെ' ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം പരാമര്‍ശിച്ചു.
യുഎഇയിലെ ഇന്ത്യന്‍ പാഠ്യ പദ്ധതിയിലുള്ള 109 സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുമായും ശ്രീ. പ്രധാന്‍ സംവദിച്ചു. മറ്റ് ജിസിസി രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകളിലെയും ആഗോള സിബിഎസ്ഇ സ്‌കൂളുകളിലെയും പ്രിന്‍സിപ്പല്‍മാരും വെര്‍ച്വലായി യോഗത്തില്‍ ചേര്‍ന്നു. വിദ്യാര്‍ത്ഥികളില്‍ ജിജ്ഞാസയും സര്‍ഗ്ഗാത്മകതയും വളര്‍ത്തുന്നതിനായി യുഎഇയിലെ 12 സ്‌കൂളുകള്‍ അടല്‍ ടിങ്കറിംഗ് ലാബുകള്‍ നടപ്പിലാക്കുന്നതായി ശ്രീ. പ്രധാന്‍ പ്രഖ്യാപിച്ചു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിച്ച പ്രതീകാത്മക പരിപാടിയില്‍, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ച 'ഏക് പേഡ് മാ കേ നാം 2.0' കാമ്പെയ്‌നിന് കീഴില്‍ യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് മരത്തൈ ശ്രീ. പ്രധാന്‍ നട്ടു. യുഎഇയുടെ സ്ഥിരതയുടെയും സമാധാനത്തിന്റെയും ചരിത്രപരവും സാംസ്‌കാരികവുമായ പ്രതീകമാണിതെന്ന് ശ്രീ. പ്രധാന്‍ പറഞ്ഞു. കോണ്‍സുലേറ്റിലെ ഗാഫ് മരം ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ നിത്യഹരിത സാക്ഷ്യമായി നിലകൊള്ളുമെന്നും ശ്രീ. പ്രധാന്‍ പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള പരസ്പര ബഹുമാനം, പൊതുവായ അഭിലാഷങ്ങള്‍, വിദ്യാഭ്യാസത്തിലൂടെ ഭാവിതലമുറയെ ശാക്തീകരിക്കല്‍ എന്നിവയില്‍ വേരൂന്നിയ സൗഹൃദം ഈ സന്ദര്‍ശനം ആവര്‍ത്തിച്ചുറപ്പിച്ചു. ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയില്‍ ചലനാത്മകവും സമഗ്രവുമായ ഒരു വിദ്യാഭ്യാസ ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതില്‍ എല്ലാ പങ്കാളികളോടും കൃതജ്ഞത രേഖപ്പെടുത്തിയ ശ്രീ. പ്രധാന്‍, തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടു.