വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

എസ്.സി.ഒ വ്യാപാര മന്ത്രിമാരുടെ യോഗത്തിൽ ഡബ്ല്യു.ടി.ഒ കേന്ദ്രീകൃതവും ന്യായവുമായ വ്യാപാര സംവിധാനത്തോടുള്ള പ്രതിബദ്ധത ഇന്ത്യ വീണ്ടുമുറപ്പിച്ചു

Posted On: 07 SEP 2025 11:51AM by PIB Thiruvananthpuram
2025 സെപ്റ്റംബർ ആറിന് വ്ളാഡിവോസ്റ്റോക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന(എസ്.സി.ഒ)യിലെ അംഗരാജ്യങ്ങളുടെ വ്യാപാരമന്ത്രിമാരുടെ യോഗത്തിൽ, അഭിവൃദ്ധി പങ്കിടലിനായി എസ്.സി.ഒയുടെ കൂട്ടായ ശക്തികൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ സാധ്യത ഇന്ത്യ ഊന്നിപ്പറഞ്ഞു. കയറ്റുമതി വൈവിധ്യവത്കരണം, ആശ്രിതത്വം കുറയ്ക്കൽ, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ നിർമ്മിക്കൽ എന്നിവയുടെ ആവശ്യകത എടുത്തുകാണിക്കുകയും ചെയ്തു. ലോക ജനസംഖ്യയുടെ 42 ശതമാനവും ആഗോള വ്യാപാരത്തിന്റെ 17.2 ശതമാനവും എസ്.സി.ഒ വഹിക്കുന്നതിനാൽ, വ്യാപാര പ്രവാഹങ്ങൾ വർദ്ധിപ്പിക്കുന്നതിനും ദുർബലതകൾ പരിഹരിക്കുന്നതിനും മേഖലയിലുടനീളമുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള ഏകോപിത നടപടിയുടെ പ്രാധാന്യം ഇന്ത്യ ഊന്നിപ്പറഞ്ഞു.
 
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രിയെ പ്രതിനിധീകരിച്ച, വാണിജ്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി ശ്രീ അമിതാഭ് കുമാർ, ലോക വ്യാപാര സംഘടനാ കേന്ദ്രീകൃതമായി തുറന്നതും, നീതിയുക്തവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, വിവേചനരഹിതവുമായ ഒരു ബഹുമുഖ വ്യാപാര സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് അടിവരയിട്ടു. ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾക്കായി പൊതു ഓഹരി പങ്കാളിത്തത്തിൽ (പി.എസ്.എച്ച്) സ്ഥിരമായ പരിഹാരം, വികസ്വര രാജ്യങ്ങൾക്ക് ഫലപ്രദമായ പ്രത്യേക-വ്യത്യസ്ത പരിചരണം, പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു ദ്വിതല ഡബ്ല്യു.ടി.ഒ തർക്ക പരിഹാര സംവിധാനം പുനഃസ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്ന വികസന കേന്ദ്രീകൃത അജണ്ടയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിനും ആഗോള മൂല്യ ശൃംഖലകളിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കൂടിയ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനും, ദേശീയ നിയമങ്ങൾക്കും സുതാര്യതയ്ക്കും അനുസൃതമായി സേവന വ്യാപാരത്തിന്റെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ താൽക്കാലിക നീക്കത്തിന്റെയും പങ്ക് അദ്ദേഹം അടിവരയിട്ടു.
 
 
ദേശീയ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, ഭൂമിശാസ്ത്രപരമായ വ്യാപനം, പരസ്പര പ്രവർത്തനക്ഷമമായ സേവന, ഉപകരണമെത്തിക്കൽ പ്രക്രിയ(ലോജിസ്റ്റിക്‌സ്), പ്രവചനാതീതമായ വിപണി പ്രവേശനം, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി എന്നിവയിലൂടെ വിതരണ, ഉത്പാദന ശൃംഖലകളെ വൈവിധ്യവൽക്കരിക്കുന്നതിന്റെയും പ്രശ്‌ന സാധ്യത കുറയ്ക്കുന്നതിന്റെയും പ്രാധാന്യം ഇന്ത്യ ഊന്നിപ്പറഞ്ഞു. മെച്ചപ്പെട്ട വിപണി പ്രവേശനം, മാനദണ്ഡങ്ങളിലെ സഹകരണം, കാര്യക്ഷമമായ വ്യാപാര സൗകര്യം എന്നിവയിലൂടെ സ്ഥിരമായ വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കണമെന്ന് ഇത് ചൂണ്ടിക്കാട്ടി. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതിനോ, വിപണികളെ വളച്ചൊടിക്കുന്നതിനോ, വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്നതിനോ കയറ്റുമതിയുമായി ബന്ധപ്പെട്ട നടപടികൾ ആയുധമാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യരുതെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര വാണിജ്യത്തിൽ വിശ്വാസം നിലനിർത്തുന്നതിന് അവയുടെ പരിമാണകൃത്യത സ്ഥിരീകരിച്ച(കാലിബ്രേറ്റ് ചെയ്ത)തും സുതാര്യവുമായ ഉപയോഗം അനിവാര്യമാണെന്നും ഇന്ത്യ ഊന്നിപ്പറഞ്ഞു.
 
 
 
ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ, ന്യായമായതും സുതാര്യവും പ്രവചനാതീതവുമായ നിയന്ത്രണ ചട്ടക്കൂടുകൾ, മികച്ച രീതികളിലെ സന്നദ്ധസഹകരണം, സുരക്ഷിതവും നവീകരണത്താൽ നയിക്കപ്പെടുന്നതുമായ ഡിജിറ്റൽ വത്കരണത്തിനായുള്ള ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള എസ്.സി.ഒ പ്രവർത്തനഗതികൾ ഇന്ത്യ നിർദ്ദേശിച്ചു. തത്സമയ പേയ്മെന്റുകൾക്കായുള്ള യു.പി.ഐ, തിരിച്ചറിയൽ-അനുമതി നിർവഹണത്തിനായുള്ള ഇന്ത്യ സ്റ്റാക്ക്, അനാവൃത ഡിജിറ്റൽ കൊമേഴ്സിനായുള്ള ഒ.എൻ.ഡി.സി എന്നിവയുൾപ്പെടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളിൽ (ഡി.പി.ഐ) ഇന്ത്യ തങ്ങളുടെ നേട്ടങ്ങൾ പ്രദർശിപ്പിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിലെ ചെലവുകൾ കുറയ്ക്കുന്നതിനും വിപണികളിലേക്കുള്ള അഭിഗമ്യത വിപുലീകരിക്കുന്നതിനും വിശ്വസ്ത പങ്കാളികൾക്കിടയിൽ മാർഗദർശക പദ്ധതികളിലൂടെ ഉൾപ്പെടെ തത്സമയ ഒത്തുതീർപ്പുകൾ പ്രാപ്തമാക്കുന്നതിനുമുള്ള ചെലവ് കുറഞ്ഞ, മാനദണ്ഡാധിഷ്ഠിതവും ആവർത്തിക്കാവുന്നതുമായ മാതൃകകളായി ഈ സംരംഭങ്ങൾ അവതരിപ്പിക്കപ്പെട്ടു. സുസ്ഥിര വികസനത്തിൽ, ഇന്ത്യ തുല്യതയ്ക്കും, പൊതുവായതെങ്കിലും വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളുടെയും യഥാക്രമ കഴിവുകളുടെയും (സി.ബി.ഡി.ആർ-ആർ.സി) തത്വത്തിനും ഊന്നൽ നൽകി.
 
ഇത് മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലി) സംരംഭത്തെ ഉയർത്തിക്കാട്ടുകയും, കാലാവസ്ഥാ നടപടികളെ ധനസഹായവും താങ്ങാവുന്ന സാങ്കേതിക പ്രവാഹങ്ങളും വഴി പിന്തുണയ്ക്കണമെന്ന് അടിവരയിടുകയും ചെയ്തു. വ്യാപാരവുമായി ബന്ധപ്പെട്ട കാലാവസ്ഥാ നടപടികൾ ഏകപക്ഷീയമോ നീതീകരിക്കാത്തതോ ആയ വിവേചനത്തിന് കാരണമാകരുതെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.
 
തൊഴിൽ, കയറ്റുമതി, സമഗ്ര വളർച്ച എന്നിവയുടെ എഞ്ചിനായി ഇന്ത്യ എ.വി.ജി.സി മേഖലയെ (ആനിമേഷൻ, ദൃശ്യപ്രഭാവം, ഗെയ്മിങ്, കോമിക്സ്) എടുത്തുകാട്ടി. ഇത് ഈ വർഷം ആദ്യം നടന്ന, നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത പ്രഥമ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടി (വേവ്‌സ് 2025)യുടെ വിജയകരമായ സംഘാടനത്തെ ഓർമ്മിപ്പിച്ചു. 
 
 
 
ആഗോള മാധ്യമ സഹകരണത്തിനായുള്ള വേവ്സ് ബസാർ, സർഗാത്മകമായ പുതുസംരംഭ ധനസഹായത്തിനുള്ള വേവ്എക്സ്, ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിലൂടെ പ്രതിഭ വികസനത്തിനായുള്ള ക്രിയേറ്റോസ്ഫിയർ എന്നിവയുൾപ്പെടെ നിരവധി സംരംഭങ്ങൾക്ക് ഉച്ചകോടി ഉത്തേജനമേകി. ലളിതവത്കരിച്ച നിയന്ത്രണ ചട്ടക്കൂടുകളുടെയും ഇതിനകം നിലവിലുള്ള 17 സഹ-നിർമ്മാണ കരാറുകളുടെയും പിന്തുണയോടെ ഇന്ത്യ സിനി ഹബ്ബ് വഴി, ഒരു ആഗോള ചലച്ചിത്ര നിർമ്മാണ കേന്ദ്രമായി ഇന്ത്യ സ്വയം സ്ഥാനമുറപ്പിച്ചിരിക്കുന്നു. 
 
 
ഒരു സാരവത്തായ വ്യാപാര-സാമ്പത്തിക അജണ്ടയ്ക്ക് നേതൃത്വം നൽകിയതിനും, പ്രായോഗിക സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും എസ്.സി.ഒ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെന്റിന്റെ (പ്രധാനമന്ത്രിമാരുടെ) റഷ്യൻ പ്രസിഡൻസിക്ക് ഇന്ത്യ നന്ദി രേഖപ്പെടുത്തി. മേഖലയിലുടനീളം സുസ്ഥിരവും എല്ലാവരെയും ഉൾച്ചേർക്കുന്നതുമായ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് 2026-27 ൽ താജിക്കിസ്ഥാന്റെ അധ്യക്ഷതയിലുള്ള എസ്.സി.ഒ സി.എച്ച്.ജിയുടെ ഭരണസമിതിയ്ക്ക് കീഴിൽ സഹകരിക്കാനുള്ള പ്രതിബദ്ധത ഇന്ത്യ വീണ്ടും ഉറപ്പുനൽകി.
****************

(Release ID: 2164497) Visitor Counter : 2