പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പുരസ്കാരജേതാക്കളായ അധ്യാപകരെ അഭിസംബോധന ചെയ്തു
നവരാത്രിയുടെ ആദ്യ ദിവസമായ സെപ്റ്റംബർ 22 മുതൽ, പുതിയ GST നിരക്കുകൾ നടപ്പാക്കും; അവ നമ്മുടെ രാജ്യത്തിന് ഇരട്ടിപിന്തുണയും വളർച്ചയും നൽകും: പ്രധാനമന്ത്രി
ഇത് ഓരോ കുടുംബത്തിന്റെയും സമ്പാദ്യം വർദ്ധിപ്പിക്കുക മാത്രമല്ല, നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ കരുത്തേകുകയും ചെയ്യും: പ്രധാനമന്ത്രി
സ്വയംപര്യാപ്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി നമുക്കു പ്രവർത്തിക്കാം! ഈ ലക്ഷ്യത്തിനായി യുവതലമുറയെ പ്രചോദിപ്പിക്കുന്നതിൽ, നമ്മുടെ അധ്യാപകരുടെ പങ്ക് വളരെ പ്രധാനമാണ്: പ്രധാനമന്ത്രി
നമ്മുടെ യുവാക്കളുടെ ക്ഷേമത്തിൽ ഞങ്ങൾ ശ്രദ്ധാലുക്കളാണ്. അതുകൊണ്ടാണ്, ഓൺലൈൻ പണമിടപാടുകൾ അവസാനിപ്പിക്കാൻ ഞങ്ങൾ വലിയ ചുവടുവയ്പ്പ് നടത്തിയത്: പ്രധാനമന്ത്രി
ഇന്ത്യയിലെ യുവതലമുറയ്ക്ക് ശാസ്ത്രജ്ഞരും നൂതനാശയ ഉപജ്ഞാതാക്കളുമാകാനുള്ള അവസരങ്ങൾ നഷ്ടപ്പെടരുത്; നമ്മുടെ അധ്യാപകരുടെ പങ്കാളിത്തവും ഇതിൽ പ്രധാനമാണ്: പ്രധാനമന്ത്രി
അഭിമാനത്തോടെ പറയട്ടെ, ഇതു സ്വദേശമാണ്; ഇന്ന് ഈ വികാരം രാജ്യത്തെ ഓരോ കുട്ടിക്കും പ്രചോദനമേകണം: പ്രധാനമന്ത്രി
Posted On:
04 SEP 2025 10:02PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ദേശീയ പുരസ്കാരജേതാക്കളായ അധ്യാപകരെ അഭിസംബോധന ചെയ്തു. അധ്യാപകരെ രാഷ്ട്രനിർമ്മാണത്തിലെ ശക്തിയെന്നു വിശേഷിപ്പിച്ച അദ്ദേഹം, അധ്യാപകരോടുള്ള സ്വാഭാവിക ബഹുമാനമാണ് ഇന്ത്യൻ സമൂഹത്തിന്റെ മഹത്വം എന്നു ചൂണ്ടിക്കാട്ടി. അധ്യാപകരെ ആദരിക്കുന്നത് വെറുമൊരു ആചാരമല്ല, മറിച്ച് അവരുടെ ആജീവനാന്ത സമർപ്പണത്തിനും സ്വാധീനത്തിനുമുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ദേശീയ അധ്യാപക പുരസ്കാരജേതാക്കൾക്കു ഹൃദയംനിറഞ്ഞ അഭിനന്ദനം അറിയിച്ചു. അവരെ തെരഞ്ഞെടുത്തത് അവരുടെ കഠിനാധ്വാനത്തിന്റെയും അചഞ്ചല സമർപ്പണത്തിന്റെയും അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകർ വർത്തമാനകാലത്തെ രൂപപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ അവരുടെ സേവനം രാജ്യസേവനത്തിലെ ഏറ്റവും ഉന്നതമായ രൂപങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ കോടിക്കണക്കിന് അധ്യാപകർ, ഈ വർഷത്തെ പുരസ്കാരജേതാക്കളെപ്പോലെ, സത്യസന്ധത, സമർപ്പണം, സേവന മനോഭാവം എന്നിവയോടെ വിദ്യാഭ്യാസത്തിനായി ജീവിതം സമർപ്പിച്ചിരിക്കുന്നുവെന്നും, അവർ രാഷ്ട്രനിർമാണത്തിൽ നൽകിയ സംഭാവനകൾക്ക് താൻ ആദരമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പുരോഗതിയിൽ അധ്യാപകർ വഹിക്കുന്ന ശാശ്വതമായ പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഗുരു-ശിഷ്യ പാരമ്പര്യത്തെ രാജ്യത്തെല്ലായിടത്തും ആദരിച്ചുവരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഗുരു അറിവ് പകർന്നു തരുന്ന വ്യക്തി മാത്രമല്ല, മറിച്ച് ജീവിതത്തിന്റെ വഴികാട്ടിയുമാണ്. “വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടുമായി നാം മുന്നോട്ട് പോകുമ്പോൾ, ഈ പാരമ്പര്യം നമ്മുടെ ശക്തിയായി തുടരുന്നു. നിങ്ങളെപ്പോലുള്ള അധ്യാപകർ ഈ പൈതൃകത്തിന്റെ ജീവസ്സുറ്റ പ്രതീകങ്ങളാണ്. നിങ്ങൾ സാക്ഷരത പകരുക മാത്രമല്ല, യുവതലമുറയിൽ രാഷ്ട്രത്തിനുവേണ്ടി ജീവിക്കാനുള്ള മനോഭാവം വളർത്തുകയും ചെയ്യുന്നു” - ശ്രീ മോദി പറഞ്ഞു.
ശക്തമായ രാഷ്ട്രത്തിന്റെയും ശാക്തീകരിക്കപ്പെട്ട സമൂഹത്തിന്റെയും അടിത്തറയാണ് അധ്യാപകർ എന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ പാഠ്യപദ്ധതിയിലും സിലബസിലും കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അധ്യാപകർ മനസിലാക്കുന്നുവെന്നും, വിദ്യാഭ്യാസത്തെ കാലത്തിന്റെ ആവശ്യങ്ങളോട് പൊരുത്തപ്പെടുത്തുന്നതിൽ അവർ ശ്രദ്ധ പുലർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. “രാഷ്ട്രത്തിനുവേണ്ടി നടപ്പാക്കുന്ന പരിഷ്കാരങ്ങളിലും ഇതേ മനോഭാവം പ്രതിഫലിക്കുന്നു. പരിഷ്കാരങ്ങൾ നിരന്തരവും കാലത്തിനനുസൃതമായും വേണം. ഇതാണ് നമ്മുടെ ഗവണ്മെന്റിന്റെ ഉറച്ച പ്രതിജ്ഞാബദ്ധത”- അദ്ദേഹം കൂട്ടിച്ചേർത്തു.
“ദീപാവലി, ഛഠ് പൂജ എന്നിവയ്ക്ക് മുമ്പ് ജനങ്ങൾക്ക് ഇരട്ട ആഘോഷമുണ്ടാകുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. അതിന് അനുസൃതമായി, GST കൗൺസിൽ ചരിത്രപരമായ തീരുമാനം എടുത്തിട്ടുണ്ട്. GST ഇപ്പോൾ കൂടുതൽ ലളിതമാക്കിയിരിക്കുന്നു. ഇപ്പോൾ പ്രധാനമായും രണ്ട് GST സ്ലാബുകളുണ്ട്, 5%, 18%. നവരാത്രിയുടെ ആദ്യ ദിവസമായ സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഈ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.” - ഘടനാപരമായ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള ചുവപ്പുകോട്ടയിൽനിന്നുള്ള തന്റെ പ്രതിജ്ഞ അനുസ്മരിച്ചു പ്രധാനമന്ത്രി പറഞ്ഞു. നവരാത്രിയുടെ ആരംഭം മുതൽ കോടിക്കണക്കിന് കുടുംബങ്ങൾക്ക് അവശ്യവസ്തുക്കൾ കൂടുതൽ ചെലവുകുറഞ്ഞതായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡസൻ കണക്കിന് സാധനങ്ങളുടെ നികുതി ഗണ്യമായി കുറച്ചതിനാൽ ഈ വർഷത്തെ ധൻതേരസ് കൂടുതൽ ഊർജസ്വലമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരങ്ങളിലൊന്നാണു GST എന്ന് ശ്രീ മോദി പറഞ്ഞു. നിരവധി നികുതികളുടെ സങ്കീർണ്ണമായ വലയിൽനിന്ന് അത് രാജ്യത്തെ മോചിപ്പിച്ചു. ഇപ്പോൾ, ഇന്ത്യ 21-ാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ, മാധ്യമങ്ങളിൽ ചിലർ ‘GST 2.0’ എന്ന് വിളിക്കുന്ന GST പരിഷ്കരണത്തിന്റെ ഈ പുതിയ ഘട്ടം യഥാർത്ഥത്തിൽ ഇരട്ട പിന്തുണയുടെയും വളർച്ചയുടെയും സൂചനയാണ്. സാധാരണ കുടുംബങ്ങൾക്ക് വർദ്ധിച്ച സമ്പാദ്യം, സാമ്പത്തിക ആക്കം ശക്തിപ്പെടുത്തൽ എന്നിവയുടെ ഇരട്ടി നേട്ടങ്ങൾ ഈ പരിഷ്കരണം വാഗ്ദാനം ചെയ്യുന്നു. “ദരിദ്രർ, നവ മധ്യവർഗം, മധ്യവർഗം, കർഷകർ, സ്ത്രീകൾ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർക്ക് ഗണ്യമായ ആശ്വാസം നൽകുന്നതാണ് ഈ നീക്കം. പുതിയ ജോലികൾ ആരംഭിക്കുന്ന യുവ പ്രൊഫഷണലുകൾക്ക് വാഹന നികുതി കുറയ്ക്കുന്നതിലൂടെ പ്രത്യേകിച്ചും പ്രയോജനം ലഭിക്കും. കുടുംബങ്ങൾക്ക് ഗാർഹിക ബജറ്റുകൾ കൈകാര്യം ചെയ്യാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഈ തീരുമാനം സഹായിക്കും” - ശ്രീ മോദി പറഞ്ഞു.
വൻതോതിലുള്ള GST ഇളവുകൾ ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2014 ന് മുമ്പ്, കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവണ്മെന്റിനു കീഴിൽ, അവശ്യവസ്തുക്കൾക്കും ദൈനംദിന ഉപയോഗ വസ്തുക്കൾക്കും കനത്ത നികുതി ചുമത്തിയിരുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ടൂത്ത് പേസ്റ്റ്, സോപ്പ്, പാത്രങ്ങൾ, സൈക്കിളുകൾ, കുട്ടികളുടെ മിഠായികൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പോലും 17% മുതൽ 28% വരെ നികുതി നിരക്കുകൾ ഈടാക്കി. ഹോട്ടൽ താമസം പോലുള്ള അടിസ്ഥാനസേവനങ്ങൾക്കും ഉയർന്ന നികുതിയാണ് ഏർപ്പെടുത്തിയിരുന്നത്. അതിൽ അധിക സംസ്ഥാനതല ലെവികളും ഉൾപ്പെട്ടു. “ഇതേ നികുതിവ്യവസ്ഥ തുടർന്നിരുന്നെങ്കിൽ, ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും ജനങ്ങൾ ഇപ്പോഴും ₹20–₹25 നികുതി നൽകേണ്ടിവരുമായിരുന്നു. ഇതിനു വിപരീതമായി, ബിജെപി നേതൃത്വത്തിലുള്ള NDA ഗവണ്മെന്റ് ഇത്തരം സാധനങ്ങളുടെയും സേവനങ്ങളുടെയും GST വെറും 5% ആയി കുറച്ചു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് നേരിട്ടുള്ള ആശ്വാസം ഉറപ്പാക്കുന്നു” - ശ്രീ മോദി പറഞ്ഞു.
ഗാർഹിക സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും ജീവിതച്ചെലവ് ലഘൂകരിക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയാണ് ഈ പരിഷ്കാരങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേകിച്ച് മധ്യവർഗം, കർഷകർ, സ്ത്രീകൾ, യുവ പ്രൊഫഷണലുകൾ എന്നിവർക്ക് ഇതു പ്രയോജനപ്രദമാകും.
2014ന് മുമ്പ്, പലർക്കും വൈദ്യചികിത്സ അപ്രാപ്യമായിരുന്നു. കോൺഗ്രസ് ഗവണ്മെന്റ് ഡയഗ്നോസ്റ്റിക് കിറ്റുകൾക്ക് 16% നികുതി ചുമത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഇപ്പോൾ വെറും 5% ആയി കുറച്ചിരിക്കുന്നു, ഇത് ദരിദ്രർക്കും മധ്യവർഗത്തിനും അടിസ്ഥാന ആരോഗ്യ സംരക്ഷണം കൂടുതൽ പ്രാപ്യമാക്കുന്നു. “മുൻ ഗവണ്മെന്റിന്റെ കാലത്ത് വീട് പണിയുന്നത് ചെലവേറിയ കാര്യമായിരുന്നു. സിമന്റിന് 29% നികുതിയും AC, TV തുടങ്ങിയ ഉപകരണങ്ങൾക്ക് 31% നികുതിയും ചുമത്തിയിരുന്നു. ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതച്ചെലവ് ലഘൂകരിച്ച് നമ്മുടെ ഗവണ്മെന്റ് ഈ നിരക്കുകൾ 18% ആയി കുറച്ചു” - ശ്രീ മോദി പറഞ്ഞു.
മുൻകാല നികുതി സംവിധാനത്തിൽ കർഷകർ അനുഭവിച്ച കഷ്ടപ്പാടുകളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അന്നത്തെ സാഹചര്യത്തിൽ ട്രാക്ടറുകൾ, ജലസേചന ഉപകരണങ്ങൾ, പമ്പ്‌സെറ്റുകൾ പോലുള്ള കൃഷിക്കാവശ്യമായ ഉപകരണങ്ങൾക്ക് 12% മുതൽ 14% വരെ നികുതി ചുമത്തിയിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ന്, ഈ ഇനങ്ങളിൽ മിക്കതിനും 0% അല്ലെങ്കിൽ 5% നികുതിയാണു ചുമത്തുന്നതെന്നും ഇതു കാർഷിക ചെലവുകൾ ഗണ്യമായി കുറയ്ക്കുകയും ഗ്രാമീണ ഉപജീവനമാർഗ്ഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും ശ്രീ മോദി പറഞ്ഞു. ഗാർഹിക ബജറ്റുകൾ മെച്ചപ്പെടുത്തുന്നതിനും കർഷകരെ ശാക്തീകരിക്കുന്നതിനും രാജ്യത്തുടനീളമുള്ള ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ വിശാലമായ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ പരിഷ്കാരങ്ങൾ.
ടെക്സ്റ്റൈൽസ്, കരകൗശലവസ്തുക്കൾ, തുകൽ തുടങ്ങിയ വിശാലമായ തൊഴിൽ ശക്തിയെ ഉൾക്കൊള്ളുന്ന മേഖലകൾക്ക് ജി.എസ്.ടി നിരക്കുകൾ കുറച്ചുകൊണ്ട് വലിയ ഇളവ് നൽകിയിട്ടുണ്ട്. പരിഷ്കാരങ്ങൾ ഈ വ്യവസായങ്ങളിലെ തൊഴിലാളികൾക്കും സംരംഭകർക്കും ഗുണം ചെയ്യുമെന്ന് മാത്രമല്ല, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ വില കുറയ്ക്കാനും സഹായിക്കും. "നികുതിയിളവുകൾക്കൊപ്പം നടപടിക്രമങ്ങൾ ലളിതമാക്കിയത് സ്റ്റാർട്ടപ്പുകൾക്കും, എം.എസ്.എം.ഇകൾക്കും, ചെറുകിട വ്യാപാരികൾക്കും ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും പ്രവർത്തനപരമായ വഴക്കം വർദ്ധിപ്പിക്കുകയും ചെയ്യും," ശ്രീ മോദി കൂട്ടിച്ചേർത്തു. ഫിറ്റ്നസ് മേഖലയ്ക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി ജിം, സലൂൺ, യോഗ തുടങ്ങിയ സേവനങ്ങൾക്ക് ജി.എസ്.ടി കുറച്ചതിലൂടെ യുവജനങ്ങളിൽ ഫിറ്റ്നസ് പ്രോത്സാഹിപ്പിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പരിഷ്കാരങ്ങൾ യുവത്വം, സംരംഭകത്വം, ആരോഗ്യം എന്നിവയ്ക്ക് മുൻഗണന നൽകുന്ന 'വികസിത് ഭാരത്' എന്ന വിശാല അജണ്ടയുടെ ഭാഗമാണെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.
ഏറ്റവും പുതിയ ജി.എസ്.ടി പരിഷ്കാരങ്ങളെ ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിലെ ഒരു ചരിത്രപരമായ മുന്നേറ്റമായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് "അഞ്ച് പ്രധാന രത്നങ്ങൾ" കൂട്ടിച്ചേർത്തുവെന്നും അദ്ദേഹം പറഞ്ഞു. "ഒന്നാമതായി, നികുതി സമ്പ്രദായം കൂടുതൽ ലളിതമായി. രണ്ടാമതായി, ഇന്ത്യൻ പൗരന്മാരുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടും. മൂന്നാമതായി, ഉപഭോഗത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഒരു പുതിയ ഉത്തേജനം ലഭിക്കും. നാലാമതായി, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാകും, ഇത് കൂടുതൽ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കും. അഞ്ചാമതായി, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പങ്കാളിത്തമെന്ന സഹകരണ ഫെഡറലിസത്തിന്റെ സ്പിരിറ്റ് കൂടുതൽ ശക്തിപ്പെടും, ഇത് വികസിത ഇന്ത്യക്ക് നിർണായകമാണ്," ശ്രീ മോദി അടിവരയിട്ടു പറഞ്ഞു.
ഗവണ്മെന്റിന്റെ"നാഗരിക് ദേവോ ഭവ" (പൗരനാണ് ദൈവം) എന്ന മാർഗ്ഗനിർദ്ദേശ തത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ആവർത്തിച്ചു. എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ഇത് ഊന്നിപ്പറയുന്നു. ഈ വർഷം ജി.എസ്.ടി കുറച്ചതിലൂടെ മാത്രമല്ല, ആദായ നികുതിയിലും കാര്യമായ ഇളവുകൾ വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 12 ലക്ഷം രൂപ വരെയുള്ള വരുമാനം ഇപ്പോൾ നികുതിരഹിതമാണ്, ഇത് നികുതിദായകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
രാജ്യത്തെ പണപ്പെരുപ്പം നിലവിൽ വളരെ താഴ്ന്നതും നിയന്ത്രിതവുമാണെന്നും ഇത് യഥാർത്ഥ ജനകീയ ഭരണത്തെയാണ് പ്രതിഫലിക്കുന്നതെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. തൽഫലമായി, ഇന്ത്യയുടെ വളർച്ചാ നിരക്ക് ഏകദേശം എട്ട് ശതമാനത്തിലെത്തി, ഇത് ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുന്നു. 140 കോടി ഇന്ത്യക്കാരുടെ ശക്തിക്കും നിശ്ചയദാർഢ്യത്തിനും ഈ ശ്രദ്ധേയമായ നേട്ടം ഇത് ഒരു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങളുടെ യാത്ര തുടരാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി അവർത്തിച്ചുറപ്പിച്ചു. "ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല, പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനമാണ്", ശ്രീ മോദി പറഞ്ഞു. ഓരോ വിദ്യാർത്ഥിയിലും സ്വയംപര്യാപ്തതയുടെ വിത്തുകൾ പാകാൻ രാജ്യത്തുടനീളമുള്ള എല്ലാ അധ്യാപകരോടും അദ്ദേഹം ആഹ്വാനം ചെയ്തു. സ്വയംപര്യാപ്തമായ ഇന്ത്യയുടെ പ്രാധാന്യം ലളിതമായ ഭാഷയിലും പ്രാദേശിക ഭാഷകളിലും വിശദീകരിക്കുന്നതിൽ അധ്യാപകർക്ക് നിർണായക പങ്കുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മറ്റുള്ളവരെ ആശ്രയിക്കുന്ന ഒരു രാഷ്ട്രത്തിന് അതിന്റെ യഥാർത്ഥ സാധ്യതകൾക്കനുസരിച്ച് അതിവേഗം പുരോഗമിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കുന്നതിന് വിദ്യാർത്ഥികളെപ്രേരിപ്പിക്കാൻ അദ്ദേഹം അധ്യാപകാരോട് അഭ്യർത്ഥിച്ചു. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ സാന്നിധ്യം ദൈനംദിന ജീവിതത്തിൽ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനും തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്താനും പ്രധാനമന്ത്രി അധ്യാപകരെ പ്രോത്സാഹിപ്പിച്ചു. ഭക്ഷ്യ എണ്ണ ഇറക്കുമതിക്കായി ഇന്ത്യ പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപ ചെലവഴിക്കുന്നതിന് ഉദാഹരണം ചൂണ്ടിക്കാട്ടി, ദേശീയ വികസനത്തിന് സ്വയംപര്യാപ്തത അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മഹാത്മാഗാന്ധിയുടെ, സ്വദേശി പ്രോത്സാഹാന പാരമ്പര്യം പരാമർശിച്ചുകൊണ്ട്, ആ ദൗത്യം പൂർത്തിയാക്കേണ്ടത് ഈ തലമുറയുടെ കടമയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "എന്റെ രാജ്യത്തിന്റെ ഏതെങ്കിലും ആവശ്യങ്ങൾ നിറവേറ്റാൻ എനിക്ക് എന്ത് ചെയ്യാൻ കഴിയും?" എന്ന് ഓരോ വിദ്യാർത്ഥിയും സ്വയം ചോദിക്കണമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ ആവശ്യകതകളുമായി സ്വയം ബന്ധപ്പെടേണ്ടത് വളരെ പ്രധാനമാണ്. "ഈ രാജ്യമാണ് നമ്മളെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നത്, നമ്മുക്ക് ഒരുപാട് കാര്യങ്ങൾ നൽകുന്നത്, അതുകൊണ്ടാണ് ഓരോ വിദ്യാർത്ഥിയും ഈ ചിന്ത എപ്പോഴും മനസ്സിൽ കൊണ്ടുനടക്കേണ്ടത്: എന്റെ രാജ്യത്തിന് എനിക്ക് എന്ത് നൽകാൻ കഴിയും, രാജ്യത്തിന്റെ ഏത് ആവശ്യം നിറവേറ്റാനാണ് എനിക്ക് സഹായിക്കാൻ കഴിയുക?", ശ്രീ മോദി കൂട്ടിച്ചേർത്തു.
ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയം ദശലക്ഷക്കണക്കിന് ആളുകളെ ശാസ്ത്രജ്ഞരും കണ്ടുപിടുത്തക്കാരും ആകാൻ പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടികൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൂതനാശയങ്ങൾ, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബഹിരാകാശ ദൗത്യത്തിന് ശേഷം ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല താൻ പഠിച്ച സ്കൂളിലേക്ക് മടങ്ങിയെത്തിയത് അവിടുത്തെ വിദ്യാർത്ഥികളിൽ ഊർജ്ജം നിറച്ചതെങ്ങനെയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു, ഇത് അക്കാദമിക് മേഖലകൾക്കപ്പുറം യുവജനങ്ങളെ രൂപപ്പെടുത്തുന്നതിനും നയിക്കുന്നതിനും അധ്യാപകരുടെ നിർണായക പങ്ക് അടിവരയിടുന്നു.
അടൽ ഇന്നൊവേഷൻ മിഷൻ, അടൽ ടിങ്കറിംഗ് ലാബുകൾ എന്നിവയിലൂടെ ഇപ്പോൾ ലഭ്യമായ പിന്തുണയെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇതിനോടകം രാജ്യത്തുടനീളം 10,000-ത്തിലധികം ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. നൂതനാശയങ്ങളുള്ള ഇന്ത്യയിലെ യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനായി അധികമായി 50,000 ലാബുകൾ കൂടി സ്ഥാപിക്കാൻ ഗവണ്മെന്റ് അംഗീകാരം നൽകി. "ഈ ഉദ്യമങ്ങളുടെ വിജയം അടുത്ത തലമുറയിലെ നവീനാശയങ്ങളെ വളർത്തിയെടുക്കുന്നതിൽ അധ്യാപകരുടെ അർപ്പണബോധമുള്ള ശ്രമങ്ങളെ വളരെയധികം ആശ്രയിച്ചിരിക്കുന്നു" എന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.
ഡിജിറ്റൽ ലോകത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് യുവജനങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം അവരെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ആസക്തിയുണ്ടാക്കുന്നതും, സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും, അക്രമാസക്തവുമായ ഉള്ളടക്കങ്ങളിൽ നിന്ന് വിദ്യാർത്ഥികളെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനുള്ള നിയമം അടുത്തിടെ പാർലമെന്റ് പാസാക്കിയത് അദ്ദേഹം ഉദാഹരണമായി പറഞ്ഞു.
ഈ അപകടസാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം വളർത്താൻ പ്രധാനമന്ത്രി അധ്യാപകരോട് അഭ്യർത്ഥിച്ചു. പരമ്പരാഗത ഇന്ത്യൻ ഗെയിമുകൾ പ്രോത്സാഹിപ്പിക്കുകയും നൂതനമായ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ ആഗോള ഗെയിമിംഗ് മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. "വിദ്യാർത്ഥികളെ ഉത്തരവാദിത്തമുള്ള ഗെയിമിംഗിനെക്കുറിച്ചും ഡിജിറ്റൽ അവസരങ്ങളെക്കുറിച്ചും ബോധവൽക്കരിക്കുന്നതിലൂടെ, ഈ വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായത്തിൽ യുവജനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഗവണ്മെന്റ് ലക്ഷ്യമിടുന്നു," ശ്രീ മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ അഭിമാനത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകങ്ങളായി തദ്ദേശീയ ഉൽപ്പന്നങ്ങളെ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന 'വോക്കൽ ഫോർ ലോക്കൽ' കാമ്പെയ്‌നിൽ നിർണായക പങ്ക് വഹിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യാപകരോട് ആവശ്യപ്പെട്ടു. 'മെയ്ഡ് ഇൻ ഇന്ത്യ' ഉൽപ്പന്നങ്ങൾ തിരിച്ചറിയുന്നതിനും ആഘോഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സ്കൂൾ പ്രോജക്റ്റുകളിലും പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും വീട്ടിലെ പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉപയോഗം തിരിച്ചറിയാൻ സഹായിക്കുന്ന അസൈൻമെന്റുകൾ നൽകണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. അതുവഴി ചെറുപ്പം മുതലേ അവബോധം വളർത്താൻ സാധിക്കും. കൂടാതെ ഇന്ത്യൻ നിർമ്മിത സാധനങ്ങളിൽ ആജീവനാന്ത അഭിമാനം വളർത്തുന്നതിനായി കലാ-കായിക ക്ലാസ്സുകളിലും സ്കൂൾ ആഘോഷങ്ങളിലും തദ്ദേശീയ വസ്തുക്കൾ ഉപയോഗിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
'സ്വദേശി വാരം', 'പ്രാദേശിക ഉൽപ്പന്ന ദിനം' എന്നിവ പോലുള്ള ഉദ്യമങ്ങൾ സംഘടിപ്പിക്കാൻ ശ്രീ മോദി സ്കൂളുകളോട് ആവശ്യപ്പെട്ടു. അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ കുടുംബങ്ങളിൽ നിന്നുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾ കൊണ്ടുവരാനും അവയെക്കുറിച്ചുള്ള കഥകൾ പങ്കിടാനും കഴിയും. ഈ ഉൽപ്പന്നങ്ങളുടെ ഉത്ഭവം, നിർമ്മാതാക്കൾ, ദേശീയ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ആഴത്തിലുള്ള അവബോധം വളർത്തുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "തലമുറകളായി കൈമാറിവന്ന തദ്ദേശീയ കരകൗശല വസ്തുക്കളുടെയും നിർമ്മാണത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് വിദ്യാർത്ഥികൾ പ്രാദേശിക കരകൗശല വിദഗ്ധരുമായി സംവദിക്കണം. പ്രാദേശിക ഉൽപ്പന്നങ്ങളിൽ അഭിമാനം വളർത്തുന്നതിനായി ജന്മദിനങ്ങൾ പോലുള്ള അവസരങ്ങളിൽ 'മെയ്ഡ് ഇൻ ഇന്ത്യ' സമ്മാനങ്ങൾ നൽകാൻ പ്രോത്സാഹിപ്പിക്കാവുന്നതാണ്. അത്തരം ശ്രമങ്ങൾ യുവജനങ്ങളിൽ ദേശസ്നേഹം, ആത്മവിശ്വാസം, അധ്വാനത്തോടുള്ള ബഹുമാനം എന്നിവ വളർത്തുകയും അവരുടെ വ്യക്തിപരമായ വിജയത്തെ രാജ്യപുരോഗതിയുമായി ബന്ധിപ്പിക്കുകയും ചെയ്യും", ശ്രീ മോദി കൂട്ടിച്ചേർത്തു.
രാജ്യനിർമ്മാണത്തിനായുള്ള ഈ ദൗത്യം അധ്യാപകർ അർപ്പണബോധത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാതൃകാപരമായ സംഭാവനകൾ നൽകിയ, അവാർഡ് നേടിയ എല്ലാ അധ്യാപകരെയും അഭിനന്ദിച്ചുകൊണ്ടാണ് ശ്രീ മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
-SK-
(Release ID: 2164396)
Visitor Counter : 5
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada