ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ആഗോള അര്‍ധചാലക രംഗത്തെ വർധിച്ചുവരുന്ന ഇന്ത്യയുടെ പങ്ക് വ്യക്തമാക്കി സെമികോൺ ഇന്ത്യ 2025 ന് വിജയകരമായ പരിസമാപ്തി

Posted On: 04 SEP 2025 8:24PM by PIB Thiruvananthpuram

ഇന്ത്യയെ  ആഗോള അര്‍ധചാലക ശക്തികേന്ദ്രമാക്കി മാറ്റാനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയ രാജ്യത്തെ ഏറ്റവും വലിയ അര്‍ധചാലക സമ്മേളനമായ സെമികോൺ ഇന്ത്യ 2025 ഇന്ന് ന്യൂഡൽഹിയിലെ ദ്വാരക യശോഭൂമിയിൽ വിജയകരമായി സമാപിച്ചു. 2025 സെപ്റ്റംബർ 2 മുതൽ 4 വരെ സംഘടിപ്പിച്ച  പരിപാടിയിൽ 350-ലേറെ കമ്പനികള്‍ പ്രദര്‍ശനമൊരുക്കി. 48 രാജ്യങ്ങളിൽ നിന്നും മേഖലകളില്‍നിന്നും  നിരവധി പേര്‍ പരിപാടിയുടെ ഭാഗമായി.  അര്‍ധചാലക രൂപകല്പന, ഫാബ്, ഡിസ്‌പ്ലേ നിർമാണം, പാക്കേജിങ്, ഗവേഷണ-വികസനം, നയങ്ങൾ, മേഖലാവികസനം തുടങ്ങി അര്‍ധചാലക രംഗത്തെ  വിവിധ വിഷയങ്ങളെക്കുറിച്ച് സംഘടിപ്പിച്ച മൂന്നുദിവസത്തെ സമ്മേളനത്തിനൊപ്പം 4 രാജ്യങ്ങളുടെ പവലിയനുകളും 6 രാജ്യങ്ങളുടെ വട്ടമേശ   ചർച്ചകളും തൊഴില്‍ശക്തി വികസന  പവലിയനും പരിപാടിയുടെ ഭാഗമായി ഒരുക്കി.    35,000 പേര്‍ രജിസ്റ്റര്‍ ചെയ്ത പരിപാടിയില്‍  30,000 പേര്‍ നേരിട്ടും   25,000 പേര്‍  ഓൺലൈനായും പങ്കുചേര്‍ന്നു. 

 

കേന്ദ്ര ഇലക്ട്രോണിക്സ് - വിവരസാങ്കേതിക  മന്ത്രാലയത്തിന് കീഴിലെ ഇന്ത്യ അര്‍ധചാലക ദൗത്യം (ഐഎസ്എം), ആഗോള അര്‍ധചാലക വ്യവസായ സംഘടനയായ സെമി എന്നിവ സംയുക്തമായാണ് സെമികോൺ ഇന്ത്യ 2025 സംഘടിപ്പിച്ചത്. നിക്ഷേപം, ആശയവിനിമയം, തന്ത്രപരമായ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിച്ച സുപ്രധാന പരിപാടി ആഗോള വ്യവസായ പ്രമുഖരെയും നയരൂപകര്‍ത്താക്കളെയും അക്കാദമിക വിദഗ്ധരെയും കമ്പനികളെയും സ്റ്റാർട്ടപ്പുകളെയും  ഒരുമിച്ചുകൊണ്ടുവന്നു.  അതിർത്തി കടന്നുള്ള സഹകരണം, ഗവേഷണങ്ങളുടെ വാണിജ്യവത്കരണം, നൈപുണ്യ വികസനം, ആഗോള അര്‍ധചാലക മൂല്യ ശൃംഖല സംയോജനം എന്നിവ സാധ്യമാക്കി അര്‍ധചാലക രംഗത്തെ ഇന്ത്യയുടെ സ്വപ്നങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്  പരിപാടി ഊര്‍ജം പകര്‍ന്നു.  

 

നേരത്തെ ബെംഗലൂരു (2022), ഗാന്ധിനഗർ (2023), ഗ്രേറ്റർ നോയിഡ (2024) എന്നിവിടങ്ങളിൽ വിജയകരമായി  സംഘടിപ്പിച്ച സെമികോൺ ഇന്ത്യയുടെ ഈ വര്‍ഷത്തെ  പതിപ്പ്  ആഗോള അര്‍ധചാലക രംഗത്തെ ഇന്ത്യയുടെ വളർന്നുവരുന്ന പങ്കിനെ വ്യക്തമാക്കി  ഡൽഹിയിൽ നവമാതൃക സൃഷ്ടിച്ചു. 

 

സെമികോൺ ഇന്ത്യ 2025-ന്റെ ആദ്യ ദിനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.  രണ്ടാം ദിവസം പ്രദര്‍ശനം സന്ദർശിച്ച അദ്ദേഹം പ്രദർശകരുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് രാജ്യത്തെ അര്‍ധചാലക മേഖലയെക്കുറിച്ച് ആഗോള കാഴ്ചപ്പാടും  അഭിപ്രായങ്ങളും മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെ  ആഗോള സിഇഒ/സിഎക്സ്ഒ-മാരുമായി  വട്ടമേശ ചര്‍ച്ച നടത്തി.   

 

No alternative text description for this image

സെമികോൺ ഇന്ത്യ 2025-ന്റെ ആദ്യ ദിനം ചിപ്പ് രൂപകല്പന, ക്യാമറ മൊഡ്യൂളുകൾ, മൈക്രോഫോൺ ബഡുകൾ, ചെറുമാതൃകാ പാക്കേജിങ്, പ്രതിഭാവികസനം തുടങ്ങിയ മേഖലകളിൽ തദ്ദേശീയ ശേഷിവികസനം  ലക്ഷ്യമിട്ട് 13 ധാരണാപത്രങ്ങൾ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. മൂന്നാം ദിനം ഇന്ത്യയുടെ ചിപ്പ് രൂപകല്പന മേഖലയെ ഉത്തേജിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പാനൽ ചർച്ചകളിലും പ്രഭാഷണങ്ങളിലും ബിസിനസ് - സാങ്കേതികവിദ്യാ രംഗത്തെ നേതാക്കൾ, ഗവേഷകർ, വ്യവസായ വിശകലന വിദഗ്ധര്‍,  രൂപകല്പന രംഗത്തെ എന്‍ജിനീയർമാർ, ഉപകരണ നിർമാതാക്കൾ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധര്‍, വിദ്യാർത്ഥികൾ തുടങ്ങി മൈക്രോ ഇലക്ട്രോണിക്സ് വിതരണ ശൃംഖലയിലെ നിരവധി പേര്‍ പങ്കെടുത്തു.  സമാപന സമ്മേളനത്തിൽ ഇന്ത്യ അര്‍ധചാലക ദൗത്യം സിഇഒ ശ്രീ അമിതേഷ് കുമാർ സിൻഹയും സെമി പ്രസിഡന്റ് ശ്രീ അജിത് മനോച്ചയും സംയുക്തമായി നടത്തിയ അഭിസംബോധനയില്‍ ഏഴ് പുതിയ പ്രഖ്യാപനങ്ങൾ നടത്തി.

ഇന്ത്യയെ സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരക്ഷമവുമാക്കുന്ന  അര്‍ധചാലക മേഖലയാണ് നാം സൃഷ്ടിക്കുന്നതെന്ന് സെമികോൺ ഇന്ത്യ 2025-ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ചെറിയ ചിപ്പ് ലോകത്ത് ഏറ്റവും വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന സുദിനം വിദൂരമല്ല. നാം യാത്ര തുടങ്ങാന്‍ അല്പം വൈകിയെങ്കിലും  ഇനി  ഒന്നിനും നമ്മെ തടയാനാവില്ല.  'പരിഷ്കരണം, പ്രകടനം, പരിവര്‍ത്തനം’ എന്ന മന്ത്രം പിന്തുടർന്നാണ് രാജ്യം ഇവിടെയെത്തിയത്. വരും  തലമുറ പരിഷ്കാരങ്ങളുടെ പുതിയ ഘട്ടത്തിനും നാം  തുടക്കം കുറിക്കാന്‍ പോവുകയാണ്. ഇന്ത്യ അര്‍ധചാലക ദൗത്യത്തിന്റെ അടുത്ത ഘട്ടവും തയ്യാറെടുക്കുന്നു. രാജ്യത്തിന്റെ നയങ്ങൾ ഹ്രസ്വകാല സൂചനകളല്ല; മറിച്ച് അവ ദീർഘകാല പ്രതിബദ്ധതകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

***********************


(Release ID: 2163992) Visitor Counter : 2
Read this release in: English , Hindi , Gujarati , Kannada