ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഇന്ത്യയിൽ നിർമിച്ച ആദ്യ ചിപ്പുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയ്ക്ക് കൈമാറി; അഭിമാന നിമിഷമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തിനും സുദൃഢ ഇച്ഛാശക്തിയ്ക്കും നിർണായക നടപടികള്‍ക്കും നന്ദി അറിയിച്ച് കേന്ദ്രമന്ത്രി
Posted On:
02 SEP 2025 8:02PM by PIB Thiruvananthpuram
പരീക്ഷണാടിസ്ഥാനത്തില്‍ നിർമിച്ച രാജ്യത്തെ ആദ്യ ചിപ്പുകൾ കേന്ദ്ര ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കൈമാറിയതോടെ ഇന്ത്യയുടെ അര്‍ധചാലക രംഗം ഇന്ന് ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു. 2021 ഡിസംബറിൽ തുടക്കം കുറിച്ച ഇന്ത്യ അര്‍ധചാലക ദൗത്യം കേവലം മൂന്നര വർഷത്തിനകം അംഗീകാരങ്ങളില്‍നിന്ന് നിന്ന് ഉല്പാദനത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ നേട്ടത്തെ അഭിമാനകരമായ നിമിഷമെന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തിനും സുദൃഢമായ ഇച്ഛാശക്തിയ്ക്കും നിർണായക നടപടികള്‍ക്കും നന്ദി അറിയിച്ചു. 7.8% ജിഡിപി വളർച്ച മുതല്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ചിപ്പുകളുമായി വളർന്നുവരുന്ന അര്‍ധചാലക മേഖല വരെ രാജ്യം സുസ്ഥിരതയുടെ ദീപസ്തംഭമായി നിലകൊള്ളുന്നുവെന്നും കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു.
ബൗദ്ധിക സ്വത്തവകാശങ്ങൾ മാനിച്ചും വിതരണ ശൃംഖലയുടെ വികസനത്തെ പിന്തുണച്ചും ആഗോള പങ്കാളികളുമായി സഹ-വികസന മാതൃകകള്‍ പ്രോത്സാഹിപ്പിച്ചും വിശ്വാസ്യതയിലൂന്നിയാണ് ഇന്ത്യയുടെ അര്‍ധചാലക ദൗത്യം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വൈഷ്ണവ് എടുത്തുപറഞ്ഞു. പരസ്പര വളർച്ചയും വിജയകരമായ സഹകരണങ്ങളും ലക്ഷ്യമിട്ട ഇന്ത്യ എപ്പോഴും ഒരു പങ്കാളിയായാണ് ലോകത്തെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള മൂല്യശൃംഖലയിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഈ വിശ്വാസ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമികോൺ ഇന്ത്യ 2025-ൽ 12 ധാരണാപത്രങ്ങൾ പ്രഖ്യാപിച്ചു. ഉല്പന്ന വികസനം മെച്ചപ്പെടുത്തുന്നതിലും സേവനശേഷി വർധിപ്പിക്കുന്നതിലും നൈപുണ്യ വികസന രംഗം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കരാറുകൾ രാജ്യത്ത് സ്വയംപര്യാപ്തവും ഭാവി അധിഷ്ഠിതവുമായ അര്‍ധചാലക മേഖല കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിടുന്നു.
നൂതനാശയങ്ങളെ കൂടുതൽ ശക്തിപ്പെടുത്താന്‍ ഒരു ബില്യൺ ഡോളറോളം തുക വിനിയോഗിച്ച് 'ഡീപ്-ടെക് സഖ്യം’ രൂപീകരിക്കുമെന്ന് ശ്രീ വൈഷ്ണവ് പ്രഖ്യാപിച്ചു. തുടക്കത്തിൽ അര്‍ധചാലക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കൂട്ടായ്മ പിന്നീട് സംശുദ്ധോര്‍ജം, ബയോടെക്നോളജി, ക്വാണ്ടം സാങ്കേതികവിദ്യകൾ, ബഹിരാകാശം തുടങ്ങി അതിവേഗം വളരുന്ന മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും. ഇത് വളർന്നുവരുന്ന അത്യാധുനിക സാങ്കേതിക വ്യവസായങ്ങൾക്കാവശ്യമായ സാഹസിക മൂലധന പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.
മൊഹാലിയിലെ അര്‍ധചാലക ലബോറട്ടറിയുടെ (എസ്‌സിഎൽ) ആധുനികവൽക്കരണ പദ്ധതി മികച്ച നിലയില്‍ പുരോഗമിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. ഉല്പാദന നിലവാരം വർധിപ്പിക്കാനും പുതിയ ഉല്പന്നങ്ങൾ പുറത്തിറക്കാനും ഇന്ത്യയുടെ മൂല്യമേറിയ ഇടത്തരം ഉല്പാദനശേഷി ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. ഇന്ത്യ അര്‍ധചാലക ദൗത്യം ആദ്യപതിപ്പിന്റെ വിജയം അടിസ്ഥാനമാക്കി സമ്പൂർണ അര്‍ധചാലക മൂല്യ ശൃംഖലയെ ഉൾക്കൊള്ളുന്ന ഫാബ്സ്, ഒഎസ്എടി യൂണിറ്റുകൾ, അടിസ്ഥാന നിര്‍മാണോപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവയ്ക്ക് പിന്തുണ വ്യാപിപ്പിക്കുന്ന ഇന്ത്യ അര്‍ധചാലക ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമിടാനൊരുങ്ങുകയാണ് സർക്കാർ.
ഇന്ത്യയിൽ നിർമിക്കുന്ന ചിപ്പുകളുടെ ലഭ്യത ആഭ്യന്തര വിപണിയിലും ആഗോള വിപണിയിലും ഒരുപോലെ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അംഗീകാരം നല്‍കിയ പത്ത് പദ്ധതികളുടെയും പ്രധാന ഭാഗം കയറ്റുമതിയായിരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയിലെ അര്‍ധചാലക ഉല്പാദനം ആഗോള നിരക്കിനെക്കാള്‍ 15 മുതല്‍ 30 ശതമാനം വരെ ചെലവ് കുറഞ്ഞതാണെന്ന് സ്വതന്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു.
ASML, Lam റിസർച്ച്, അപ്ലൈഡ് മെറ്റീരിയൽസ്, മെർക്ക്, ടോക്കിയോ ഇലക്ട്രോൺ തുടങ്ങി ഉപകരണ - ഉല്പാദന സാമഗ്രി നിർമാതാക്കളടക്കം അര്‍ധചാലക മേഖലയിലെ എല്ലാ പ്രമുഖ ആഗോള പങ്കാളികളും സെമികോൺ ഇന്ത്യ 2025-ൽ പങ്കെടുത്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ അര്‍ധചാലക ദൗത്യത്തിലെ ശക്തമായ ആഗോള വിശ്വാസ്യതയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ വൈഷ്ണവ് പറഞ്ഞു.
സവിശേഷ സംരംഭമെന്ന നിലയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ അര്‍ധചാലക ലബോറട്ടറിയിൽ രൂപകൽപ്പന ചെയ്ത് നിർമിച്ച 20 ചിപ്പുകളും പ്രധാനമന്ത്രിക്ക് കൈമാറി. രാജ്യത്തുടനീളം 78 സർവകലാശാലകൾ അത്യാധുനിക EDA ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ ആഗോള അര്‍ധചാലക മേഖലയിലെ ആകെ വിദഗ്ധരിൽ 20% പ്രതിഭാനിരയെ ഇന്ത്യ സൃഷ്ടിക്കുന്നുവെന്ന് ശ്രീ വൈഷ്ണവ് വ്യക്തമാക്കി. പ്രതിഭാവികസനവും നൂതനാശയങ്ങളും ദൗത്യത്തിന്റെ കേന്ദ്രബിന്ദുവായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
28-ലേറെ സ്റ്റാർട്ടപ്പുകൾ പദ്ധതികളില്‍നിന്ന് ഉല്പന്നങ്ങളിലേക്ക് കടന്നതിലൂടെ രൂപകല്പന, സ്റ്റാർട്ടപ്പ് മേഖലകളെ ഇന്ത്യ പരിപോഷിപ്പിക്കുന്നു.
പ്രതിഭ, വിശ്വാസ്യത, സാങ്കേതികവിദ്യ എന്നിവയില്‍ മികച്ച നിലയിലെത്തിയ ഇന്ത്യ 2030-ഓടെ ഒരു ട്രില്യൺ യുഎസ് ഡോളർ വ്യവസായമെന്ന ലക്ഷ്യത്തോടെ അര്‍ധചാലക മേഖലയിൽ ലോകത്തെ നയിക്കാന്‍ സജ്ജമാണ്. ഇന്ത്യയെ ലോകത്തിന്റെ അര്‍ധചാലക കേന്ദ്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ ഇത് സാക്ഷാത്ക്കരിക്കും.
സെമികോൺ ഇന്ത്യയെക്കുറിച്ച്
ലോകമെങ്ങും അര്‍ധചാലക രൂപകല്പന - നിർമാണ മേഖലകളിലെ പ്രമുഖരെയും വിദഗ്ധരെയും ഒരുമിപ്പിക്കാന്‍ വര്‍ഷംതോറും ‘സെമി’ സംഘടിപ്പിക്കുന്ന എട്ട് സെമികോൺ പ്രദർശനങ്ങളിലൊന്നാണ് 'സെമികോൺ ഇന്ത്യ'. സാങ്കേതിക നവീകരണത്തിന്റെ ഭാവി യാത്രയുടെ തുടക്കത്തെ അടയാളപ്പെടുത്തുന്ന ഈ പരിപാടി ആഗോള അര്‍ധചാലകരംഗത്തെ സഹകരണവും സുസ്ഥിരതയും വർധിപ്പിക്കാൻ സഹായിക്കുന്നു.
SEMI-യെക്കുറിച്ച്
സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് രൂപകല്പന - നിർമാണ മേഖലകളുമായി ബന്ധപ്പെട്ട ലോകത്തെ 3,000-ത്തിലേറെ അംഗ സ്ഥാപനങ്ങളെയും 1.5 ദശലക്ഷം വിദഗ്ധരെയും ബന്ധിപ്പിക്കുന്ന ആഗോള വ്യവസായ കൂട്ടായ്മയാണ് SEMI. പ്രചാരണ പ്രവര്‍ത്തനങ്ങള്‍, തൊഴിൽ വികസനം, സുസ്ഥിരത, വിതരണ ശൃംഖല നിര്‍വഹണം തുടങ്ങിയവയിലൂടെ ഈ മേഖലയിലെ പ്രധാന വെല്ലുവിളികൾക്ക് പരിഹാരം കാണാന്‍ അംഗങ്ങളുടെ സഹകരണം ഇതുവഴി പ്രോത്സാഹിപ്പിക്കുന്നു.
(Release ID: 2163229)
Visitor Counter : 2