ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു
Posted On:
02 SEP 2025 1:07PM by PIB Thiruvananthpuram
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ 2025 സെപ്റ്റംബർ 4-ന് ന്യൂഡൽഹി ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലെ സ്റ്റീൻ ഓഡിറ്റോറിയത്തിൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. "ഇടങ്ങളുടെ പുനരുജ്ജീവനം, ശബ്ദങ്ങളുടെ വീണ്ടെടുപ്പ്" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന വ്യവസ്ഥാപരമായ വിവേചനം ഇല്ലാതാക്കുന്നതിന്റെയും അവരുടെ ജീവിതാനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെയും ജീവിതത്തിന്റെ സമസ്ത മേഖലകളിലും അർത്ഥപൂര്‍ണമായ ഉള്‍ച്ചേര്‍ക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും അടിയന്തിര ആവശ്യകതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശ്രീ വി. രാമസുബ്രഹ്മണ്യൻ ചടങ്ങിൽ മുഖ്യാതിഥിയാകും. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിലെ വെല്ലുവിളികൾ, അവസരങ്ങൾ, നയപരമായ മുൻഗണനകൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകള്‍ക്ക് വേദിയൊരുക്കുന്ന ഏകദിന സമ്മേളനത്തില്‍ സർക്കാർ ഉദ്യോഗസ്ഥർ, നീതിന്യായ - നിയമ വിദഗ്ദ്ധർ, നയരൂപീകരണ വിദഗ്ധര്‍, സാമൂഹ്യ സംഘടനാ പ്രതിനിധികള്‍, സാമുദായിക നേതാക്കൾ, അക്കാദമിക വിദഗ്ധർ, നിയമ നിർവഹണ കേന്ദ്രങ്ങളുടെ പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം നിരവധി പേര്‍ പങ്കെടുക്കും.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമുള്ള ചർച്ചകൾക്ക് ദേശീയ വേദിയൊരുക്കുക, 2019-ലെ ട്രാൻസ്‌ജെൻഡർ നിയമം, സ്മൈൽ പദ്ധതി തുടങ്ങിയ നിയമവ്യവസ്ഥകളുടെയും ക്ഷേമപദ്ധതികളുടെയും നടപ്പാക്കൽ വിലയിരുത്തുക, സ്ഥാപനപരമായ പരിരക്ഷ ശക്തിപ്പെടുത്താനും , വിവേചനം കുറയ്ക്കാനും വിദ്യാഭ്യാസ - ആരോഗ്യ - തൊഴിൽ മേഖലകളിലെ പ്രവേശനം വർധിപ്പിക്കാനും നയപരമായ പ്രായോഗിക പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്യുക എന്നിവയാണ് സമ്മേളന ലക്ഷ്യങ്ങൾ. നിയമ നിർവഹണ ഏജൻസികൾക്കിടയിൽ കൂടുതൽ ഉത്തരവാദിത്തവും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കാനും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അഭിപ്രായങ്ങളെയും അതിജീവനത്തെയും ആദരിക്കാനും രാജ്യത്തെ സാമൂഹ്യമണ്ഡലത്തിന് അവർ നൽകിയ സംഭാവനകളെ അംഗീകരിക്കാനും സമ്മേളനം ശ്രമിക്കുന്നു.
അഗതികളായ മുതിർന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സുരക്ഷിത താമസ സൗകര്യവും സമഗ്ര പിന്തുണയും നൽകാന്‍ കേന്ദ്ര സാമൂഹ്യനീതി - ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രാരംഭഘട്ട പരിപാടിയായി 9 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 12 അഭയകേന്ദ്രങ്ങളില്‍ 'ഗരിമ ഗൃഹം' പദ്ധതി ആരംഭിച്ചു. നിലവില്‍ കേന്ദ്ര പദ്ധതിയായ 'സ്മൈലി'ന്റെ ഭാഗമായ ഈ സംരംഭത്തിലൂടെ സുരക്ഷിത താമസ സൗകര്യം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, കൗൺസിലിങ്, നൈപുണ്യ വികസനം, ഉപജീവന അവസരങ്ങൾ എന്നിവ സഹിതം ഒരു വർഷത്തേക്ക് താൽക്കാലിക പുനരധിവാസമൊരുക്കും. ആത്മാഭിമാനത്തോടെയും സ്വാശ്രയത്വത്തോടെയും വീണ്ടും സമൂഹത്തിന്റെ ഭാഗമാകാന്‍ ഇത് ഗുണഭോക്താക്കളെ സഹായിക്കുന്നു.
പുരോഗമനപരമായ ലക്ഷ്യങ്ങള്‍ക്കിടയിലും ധനസഹായത്തിലെ നിര്‍ണായക കാലതാമസവും പ്രവർത്തനപരമായ വെല്ലുവിളികളും വ്യവസ്ഥാപരമായ പോരായ്മകളും പദ്ധതി നേരിടുന്നുണ്ട്. പരിമിതമായ പ്രചാരവും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയും ഗുണഭോക്താക്കൾക്കിടയില്‍ അവബോധത്തിന്റെ കുറവും സാമൂഹ്യ പുനരധിവാസത്തിലെ ബുദ്ധിമുട്ടുകളുമടക്കം പ്രശ്നങ്ങൾ 'ഗരിമ ഗൃഹം' അഭയകേന്ദ്രങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഈ വെല്ലുവിളികളും സമൂഹത്തിന്റെ ദുർബലാവസ്ഥയും തിരിച്ചറിഞ്ഞ് പദ്ധതി ലക്ഷ്യങ്ങൾ പൂർണമായി നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ 'ഗരിമ ഗൃഹം' അഭയകേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് സന്ദർശനങ്ങൾ നടത്തി. പുനരധിവാസ പദ്ധതികളുടെ മികച്ച നിര്‍വഹണത്തിലൂടെയും നിരീക്ഷണത്തിലൂടെയും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും ഉയർത്തിപ്പിടിക്കാന്‍ കമ്മീഷന്‍ കൈക്കൊള്ളുന്ന വിശാല പ്രതിബദ്ധതയുടെ ഭാഗമാണിത്.
ഈ സന്ദർശനങ്ങളിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കുകയെന്ന ലക്ഷ്യയത്തോടെ നയങ്ങളും ചട്ടക്കൂടുകളും ശക്തിപ്പെടുത്താന്‍ കമ്മീഷൻ ഒരു സമഗ്ര റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ മാർഗനിർദേശങ്ങളിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് ഫലപ്രദമായ ഇടപെടലുകൾ എടുത്തുകാണിക്കുന്ന ഈ പഠനം നയം മെച്ചപ്പെടുത്താന്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിപാർശകൾ മുന്നോട്ടുവെയ്ക്കുന്നു. ഈ ശ്രമങ്ങളുടെ തുടർച്ചയായി സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനും മുന്നോട്ടുകൊണ്ടുപോകാനുമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് കമ്മീഷൻ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്.
നാല് സെഷനുകളും ഒരു സമാപന സമ്മേളനവുമടങ്ങുന്ന ദേശീയ സമ്മേളനത്തിലെ ഓരോ സെഷനും, 'സ്മൈൽ' പദ്ധതിക്ക് കീഴിലെ 'ഗരിമ ഗൃഹം' അഭയകേന്ദ്രങ്ങളുടെ ശാക്തീകരണം, ലിംഗഭേദം അംഗീകരിക്കാത്ത കുട്ടികൾക്കും പ്രായംചെന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സ്ഥാപനപരമായ സംരക്ഷണം, നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നിയമനിർവഹണ ചട്ടക്കൂട് രൂപീകരണം, വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെയും തൊഴിലവസര സൃഷ്ടിയുടെയും വിജയഗാഥകൾ എന്നീ നാല് സുപ്രധാന മുൻഗണനാ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കേന്ദ്ര സാമൂഹ്യനീതി - ശാക്തീകരണ മന്ത്രാലയം, കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം, ദേശീയ വനിതാ കമ്മീഷൻ, യുഎൻ ഏജൻസി, അക്കാദമിക വിദഗ്ധര്‍, സാമുദായിക സംഘടന അംഗങ്ങൾ, നിയമ നിർവഹണ ഉദ്യോഗസ്ഥർ, എൻജിഒകൾ, മറ്റ് പ്രധാന പങ്കാളികൾ എന്നിവരുടെ പ്രതിനിധികൾ പാനലിന്റെ ഭാഗമാകും.
*******************
(Release ID: 2163104)
Visitor Counter : 5