രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി സിറ്റി യൂണിയൻ ബാങ്കിന്റെ 120-ാമത് സ്ഥാപകദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു

ഇന്ത്യയുടെ വളർച്ചാ ഗാഥയിൽ ബാങ്കിംഗ് വ്യവസായത്തിന് നിർണായക പങ്കുണ്ട്: രാഷ്‌ട്രപതി മുർമു

Posted On: 02 SEP 2025 1:55PM by PIB Thiruvananthpuram
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു   ഇന്ന് (സെപ്റ്റംബർ 2, 2025) തമിഴ്‌നാട്ടിലെ ചെന്നൈയിൽ നടന്ന സിറ്റി യൂണിയൻ ബാങ്കിന്റെ 120-ാമത് സ്ഥാപക ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെന്നും അതിൽ ബാങ്കിംഗ് വ്യവസായം നിർണായക പങ്ക് വഹിക്കുന്നതായും ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. ചലനാത്മകമായ  സാമ്പത്തിക മേഖലയിൽ, ജനങ്ങളുടെ അഭിലാഷങ്ങൾ വിപുലമായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾക്കപ്പുറം ബാങ്കുകളുടെ പങ്ക് വർദ്ധിച്ചു. ബാങ്കുകൾ സമ്പത്ത് സൂക്ഷിക്കുക മാത്രമല്ല, വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ കൂടിയാണ്. സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് അവ സഹായകമാണ്.

 രാജ്യവികസനത്തിന്റെ നിർണായക സ്തംഭങ്ങളിലൊന്ന് സാമ്പത്തിക ഉൾച്ചേർക്കൽ - അതായത് ഓരോ പൗരനും താങ്ങാനാവുന്ന ചെലവിൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു. ബാങ്കിംഗിലൂടെ സാമ്പത്തിക ഉൾപ്പെടുത്തൽ മേഖലയിൽ സമ്പൂർണ്ണവൽക്കരണം എന്ന ദേശീയ ലക്ഷ്യം കൈവരിക്കാൻ സിറ്റി യൂണിയൻ ബാങ്ക് പോലുള്ള ബാങ്കുകൾ സഹായിക്കുന്നതായി രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ പോലുള്ള വികസ്വര രാജ്യത്ത്, ഔപചാരിക ബാങ്കിംഗ് സംവിധാനം പരിമിതമായ ഗ്രാമപ്രദേശങ്ങളിലും അർദ്ധനഗരപ്രദേശങ്ങളിലും ഇപ്പോഴും വലിയൊരു ജനവിഭാഗം താമസിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. സാമ്പത്തിക ഉൾപ്പെടുത്തൽ പ്രവർത്തനങ്ങളിൽ സിറ്റി യൂണിയൻ ബാങ്ക് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതിൽ അവർ സന്തുഷ്ടി രേഖപ്പെടുത്തി.

സേവന ലഭ്യത കുറഞ്ഞ സമൂഹങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഉപയോക്തൃ-സൗഹൃദ മൊബൈൽ ആപ്പുകൾ, സൂക്ഷ്മ വായ്പകൾ, ഇൻഷുറൻസ് സേവനങ്ങൾ എന്നിവ ബാങ്കുകളും ഫിൻടെക് കമ്പനികളും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പേയ്‌മെന്റ് ബാങ്കുകൾ, ഡിജിറ്റൽ വാലറ്റുകൾ, ബാങ്കിംഗ് കറസ്‌പോണ്ടന്റുകൾ എന്നിവ വിദൂര ഗ്രാമീണ കുടുംബങ്ങളുടെ വീട്ടുപടിക്കൽ സാമ്പത്തിക സേവനങ്ങൾ എത്തിച്ചിട്ടുണ്ട്. ഈ മേഖലയിൽ പുരോഗതി ഉണ്ടായിട്ടും, ഡിജിറ്റൽ സാക്ഷരത, ഇന്റർനെറ്റ് ലഭ്യത, സാമ്പത്തിക അവബോധം എന്നിവയിൽ നിരവധി വെല്ലുവിളികൾ ഇപ്പോഴും നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു. എല്ലാ പങ്കാളികളുടെയും സംയുക്ത പരിശ്രമത്തിലൂടെ, സാങ്കേതികവിദ്യയിലൂടെയും ഡിജിറ്റൽ, സാമ്പത്തിക സാക്ഷരതയിലൂടെയും പൗരന്മാരെ ബാങ്കിംഗ് സേവനങ്ങളുമായി സംയോജിപ്പിക്കാൻ കഴിയും.

കർഷകരുടെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും ശാക്തീകരണം നമ്മുടെ ബാങ്കിംഗ് മേഖലയുടെ മുൻഗണനയായിരിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. താങ്ങാനാവുന്ന നിരക്കിൽ സമയബന്ധിതമായി വായ്പകൾ നൽകുന്നതിലൂടെയും, സാമ്പത്തിക സാക്ഷരത വാഗ്ദാനം ചെയ്യുന്നതിലൂടെയും, കാർഷിക സാങ്കേതിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും, കൃഷിയെ സുസ്ഥിരവും ലാഭകരവുമാക്കാൻ ബാങ്കുകൾക്ക് സഹായിക്കാനാകും. MSMEകളെ വളർച്ചാ എഞ്ചിനുകളാക്കി മാറ്റുന്നതിൽ ബാങ്കുകൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. പിന്നാക്ക വിഭാഗങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും സഹായിക്കുന്നതിനുള്ള നടപടികളും നമ്മുടെ ബാങ്കുകൾ സ്വീകരിക്കണം. ദിവസ വേതനക്കാരെയും കുടിയേറ്റ തൊഴിലാളികളെയും ബാങ്കിംഗ് സേവനങ്ങളുമായി മികച്ച രീതിയിൽ സംയോജിപ്പിക്കുന്നതിന് പ്രത്യേക ശ്രമങ്ങൾ നടത്തണം.

നമ്മുടെ ഡിജിറ്റൽ, വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ വികസിച്ചുകൊണ്ടിരിക്കുമ്പോൾ, ഡിജിറ്റൽ പരിവർത്തനത്തിലും സംരംഭകത്വത്തിലും ബാങ്കുകളുടെ പങ്ക് കൂടുതൽ നിർണായകമാകുമെന്ന് രാഷ്ട്രപതി പറഞ്ഞു. സ്റ്റാർട്ടപ്പുകൾ മുതൽ സ്മാർട്ട് സിറ്റികൾ വരെ, ബാങ്കുകൾക്ക് സഹായമേകാൻ കഴിയുന്ന നിരവധി മേഖലകളുണ്ട്. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ബാങ്കുകൾക്ക് സജീവ പങ്കാളികളാകാൻ കഴിയുമെന്നും രാഷ്‌ട്രപതി പറഞ്ഞു

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ദയവായി ഇവിടെ ക്ലിക്കുചെയ്യുക
 
******

(Release ID: 2163038) Visitor Counter : 4