കൃഷി മന്ത്രാലയം
azadi ka amrit mahotsav

കർഷകരുടെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു

Posted On: 01 SEP 2025 6:20PM by PIB Thiruvananthpuram
കോൾ സെന്ററുകൾ വഴിയും മറ്റ് പോർട്ടലുകൾ വഴിയും കർഷകരിൽ നിന്ന് ലഭിച്ച പരാതികളുടെ പരിഹാരങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര കൃഷി - കർഷകക്ഷേമ ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ഇന്ന് ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു. പരാതികളും നിർദേശങ്ങളും സമര്‍പ്പിക്കാനും മറ്റ് സഹായങ്ങൾ തേടാനും ഒന്നിലേറെ പോര്‍ട്ടലുകള്‍ക്ക് പകരം കര്‍ഷകരുടെ സൗകര്യാര്‍ത്ഥം ഏകീകൃത പോർട്ടൽ തയ്യാറാക്കാനും പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം അതിവേഗം ഉറപ്പാക്കാനും ശിവരാജ് സിങ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കർഷകർക്ക് ഉടനടി ആശ്വാസം പകരാനായി ലഭിക്കുന്ന പരാതികൾ നേരിട്ട് വിലയിരുത്തുമെന്നും ശ്രീ ചൗഹാൻ അറിയിച്ചു. 
 
 
കർഷകരിൽ നിന്ന് ലഭിച്ച പരാതികളും ഹെൽപ്‌ലൈൻ നമ്പറുകളിലൂടെ ലഭിച്ച കോളുകളും കണക്കിലെടുത്ത് കർഷകരുടെ പ്രശ്‌നപരിഹാരത്തില്‍ ഒരു കാലതാമസവും ഉണ്ടാകരുതെന്ന് കേന്ദ്ര കൃഷിമന്ത്രി ശ്രീ ചൗഹാൻ ആവര്‍ത്തിച്ചു. കർഷക താല്പര്യം പരിഗണിച്ച് എല്ലാ ഉദ്യോഗസ്ഥരും പൂർണ സുതാര്യതയും വിശ്വാസ്യതയും സംവേദനക്ഷമതയും പ്രവര്‍ത്തനങ്ങളില്‍ ഉറപ്പുവരുത്തണമെന്നും നിലവിലെ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടു. പരാതിപരിഹാര സംവിധാനം കർഷകരുടെ പരാതികൾക്ക് കൃത്യസമയത്ത് ഫലപ്രദ പരിഹാരം ഉറപ്പാക്കുന്നതായിരിക്കണം. രാജ്യത്തെ കർഷകർ എല്ലാ സാഹചര്യങ്ങളിലും സന്തുഷ്ടരാണെന്ന് ഉറപ്പാക്കാൻ കൂട്ടായ പരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.
 
 
കർഷകരിൽ നിന്ന് ലഭിച്ച പരാതികളെക്കുറിച്ച് യോഗത്തിൽ കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരോട് വിവരങ്ങൾ തേടി. വ്യാജമോ നിലവാരമില്ലാത്തതോ ആയ രാസവളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു പരാതികളില്‍ പലതും. ഈ പരാതികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ പരിഹാരം കാണാൻ നിർദേശം നൽകിയ കേന്ദ്രമന്ത്രി സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോഴും ഇത്തരം പരാതികൾ ലഭിക്കാറുണ്ടെന്ന് അറിയിച്ചു. ചൂഷണത്തില്‍നിന്ന് നാം കര്‍ഷകരെ സംരക്ഷിക്കണമെന്നും ഇതിനായി നിലവാരമില്ലാത്ത രാസവളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ വിൽപ്പന കർശനമായി തടയണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഉദ്യോഗസ്ഥർ അവരുടെ തലത്തിൽ നടപടിയെടുക്കുന്നതിനു പുറമെ കർഷക സഹോദരങ്ങൾക്കും സഹോദരിമാർക്കും ആശ്വാസം ലഭിക്കുന്നതിന് സംസ്ഥാന സർക്കാരുകളുമായി ഏകോപിപ്പിച്ച് കർശന നടപടി ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. പ്രശ്‌നപരിഹാരത്തിന് സംസ്ഥാന പങ്കാളിത്തം അനിവാര്യമാണെന്ന് ശ്രീ ശിവരാജ് സിങ് വ്യക്തമാക്കി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിമാർക്ക് കത്തുകളയച്ചിട്ടുണ്ടെന്നും കർഷകർക്ക് ആശ്വാസം നൽകാന്‍ സംസ്ഥാനങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ കൂടുതൽ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
 
 
മുന്‍കാലങ്ങളില്‍ അനധികൃത ജൈവിക ഉത്തേജകങ്ങള്‍ വിറ്റഴിച്ചതില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയ കേന്ദ്രമന്ത്രി ശിവരാജ് സിങ് വിജ്ഞാപനം ചെയ്ത ഉത്പന്നങ്ങൾ മാത്രമേ വില്‍ക്കാവൂ എന്ന് ആവർത്തിച്ചു. ഇത് പൂർണമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളുമായി ഏകോപനത്തോടെ കർശന നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. ഇതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതുവരെ വിജ്ഞാപനം ചെയ്ത 146 ജൈവിക ഉത്തേജകങ്ങള്‍ക്ക് പുറമെ അംഗീകാരമില്ലാത്ത ഒരു ഉല്പന്നവും വിൽക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിജ്ഞാപനം ചെയ്ത ജൈവിക ഉത്തേജകങ്ങളെക്കുറിച്ച് കർഷകർക്കിടയിൽ അവബോധം വളർത്താനും അംഗീകൃത ജൈവിക ഉത്തേജകങ്ങളുടെ പട്ടിക സമൂഹമാധ്യമങ്ങൾ വഴി പങ്കിടാനും കേന്ദ്രമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
 
 പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗഡുക്കളും പ്രധാനമന്ത്രി ഫസൽ ഭീമ യോജനയുടെ ഇന്‍ഷുറന്‍സ് തുകയും ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളെക്കുറിച്ച് യോഗത്തില്‍ മന്ത്രിയെ ധരിപ്പിച്ചു. ഈ രണ്ട് സുപ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിഹരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട അദ്ദേഹം കർഷകരുമായി നേരിട്ട് ബന്ധപ്പെട്ട് അവരുടെ അഭിപ്രായങ്ങൾ അറിയാനും നിർദേശിച്ചു. എല്ലാ കാര്യങ്ങളിലും രാജ്യത്തെ കർഷകരുടെ പൂർണ സംതൃപ്തി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത കേന്ദ്ര കാര്‍ഷിക സെക്രട്ടറി ഡോ. ദേവേഷ് ചതുർവേദിയും കേന്ദ്രമന്ത്രി ശ്രീ ചൗഹാനുമായി നിർദേശങ്ങൾ പങ്കുവെച്ചു. 
 
 
സ്വദേശി ഉത്പന്നങ്ങൾ സ്വീകരിക്കാന്‍ ദൃഢനിശ്ചയം:
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'സ്വദേശിയെ സ്വീകരിക്കുക’യെന്ന ആഹ്വാനത്തിന്റെയും അത് പിന്തുടരണമെന്ന കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അഭ്യർത്ഥനയുടെയും പശ്ചാത്തലത്തില്‍ കൃഷി - കർഷകക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ പരമാവധി തദ്ദേശീയ ഉല്പന്നങ്ങൾ (സ്വദേശി) ഉപയോഗിക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനമെടുത്തു. ജീവിതത്തിൽ പരമാവധി സ്വദേശി ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുമെന്ന് ശ്രീ ചൗഹാനോടൊപ്പം കേന്ദ്ര കാര്‍ഷിക സെക്രട്ടറി ഡോ. ദേവേഷ് ചതുർവേദിയും മറ്റ് ഉദ്യോഗസ്ഥരും പ്രതിജ്ഞയെടുത്തു.
 
***********************
 

(Release ID: 2162937) Visitor Counter : 2