വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഇന്ത്യ മൊബൈൽ കോൺഗ്രസ്(ഐഎംസി) -2025 'നായി എഐ അധിഷ്ഠിത ആപ്പ് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ പുറത്തിറക്കി
Posted On:
01 SEP 2025 2:49PM by PIB Thiruvananthpuram
ഐഎംസി 2025 ൽ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും പങ്കാളികൾക്ക് സുഗമവും വിവേകപൂർവവുമായ അനുഭവം നൽകുന്നതിനുമുള്ള ഒരു സുപ്രധാന നീക്കത്തിൽ ' പരിവർത്തനത്തിനായുള്ള നൂതനാശയം' എന്ന പ്രമേയത്തിനെ അടിസ്ഥാനമാക്കി കേന്ദ്ര കമ്മ്യൂണിക്കേഷൻ, വടക്കുകിഴക്കൻ മേഖലാ വികസനവകുപ്പ് മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2025-നുള്ള എഐ-അധിഷ്ഠിതവും സംവേദനക്ഷമവുമായ മൊബൈൽ ആപ്ലിക്കേഷൻ ഇന്ന് പുറത്തിറക്കി.
ഐഎംസിയുടെ 9-ാം പതിപ്പ് 2025 ഒക്ടോബർ 8 മുതൽ 11 വരെ ന്യൂഡൽഹിയിലെ ദ്വാരകയിലുള്ള യശോഭൂമി കൺവെൻഷൻ സെന്ററിൽ നടക്കും.
ഇന്ത്യ മൊബൈൽ കോൺഗ്രസ് കേവലമൊരു പരിപാടിയല്ല, അനന്ത സാധ്യതകളുടെ ഒരു വേദിയാണെന്ന് ചടങ്ങിൽ ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ പറഞ്ഞു. ആ സാധ്യതകളെ ബന്ധങ്ങളായും സഹകരണങ്ങളായും ഫലങ്ങളായും പരിവർത്തനം ചെയ്യുന്നതിനായുള്ള ആപ്പ് ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ മുതൽ സിഇഒമാർ വരെയുള്ള എല്ലാ പങ്കാളികൾക്കും ഡിജിറ്റൽ നൂതനാശയത്തിന്റെ ഭാവി തൽക്ഷണം, വിരൽത്തുമ്പിൽ അനുഭവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട്, സാങ്കേതികവിദ്യയും പ്രവേശനക്ഷമതയും സംയോജിപ്പിക്കുക എന്ന കാഴ്ചപ്പാടാണ് ഐഎംസി 2025 ആപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഐഎംസി ആപ്പ്:
പങ്കെടുക്കുന്നവർക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിനും കൂടുതൽ മികച്ച അനുഭവം ലഭ്യമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അടുത്ത തലമുറ സവിശേഷതകൾ അടങ്ങിയ സംവിധാനമാണ് ഈ ആപ്പ്. പരിപാടിയുടെ പങ്കാളികൾക്ക് ലോകത്ത് എവിടെ നിന്നും പ്രവേശനം ഉറപ്പാക്കിക്കൊണ്ട്, സെഷനുകൾ തത്സമയം ആപ്പിലൂടെ ലൈവ്-സ്ട്രീം ചെയ്യും . ആപ്പിലെഈ വർഷത്തെ ഒരു ശ്രദ്ധേയമായ പരിഷ്കരണം 'ഐഎംസി സജസ്റ്റ്‌സ്' ആണ്. ഉപയോക്തൃ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള ശുപാർശകളും നിർദ്ദേശങ്ങളും നൽകുന്ന സെഷനുകൾ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, പരമാവധി സുഗമവും സൗകര്യപ്രദവുമായ ഇടപെടൽ ഉറപ്പാക്കുന്നതിനായി എഫ് & ബി സോണുകൾ എന്നിവ അടങ്ങുന്ന ഒരു AI- അധിഷ്ഠിത സംവിധാനമാണ് ഈ പുതിയ പരിഷ്കരണം. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ സൗകര്യം ഉറപ്പുവരുത്തുന്നതിനായി യോഗങ്ങളും ഷെഡ്യൂളുകളും വ്യക്തിഗത കലണ്ടറുകളുമായി സംയോജിപ്പിച്ചിരിക്കുന്നു.
ഈ ആപ്പ് നെറ്റ്‌വർക്കിംഗ് സാധ്യതകൾ വർദ്ധിപ്പിക്കുകയും, പങ്കെടുക്കുന്നവർ, പ്രദർശകർ, സ്റ്റാർട്ടപ്പുകൾ, പങ്കാളികൾ എന്നിവർക്കിടയിൽ തത്സമയ ഇടപെടൽ, ചാറ്റുകൾ, യോഗങ്ങൾ സംഘടിപ്പിക്കൽ എന്നിവ പ്രാപ്തമാക്കുകയും ചെയ്യുന്നു. പുതിയ ആപ്ലിക്കേഷനിലൂടെ നിക്ഷേപകരുമായും മെന്റർമാരുമായും സംവദിക്കാനുള്ള പ്രത്യേക അവസരങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും. ഇത് സഹകരണവും നൂതനാശയങ്ങളും വർദ്ധിപ്പിക്കും.
പുതിയ 'സ്നിപ്പെറ്റ് ടൂൾ' ഉൾക്കൊള്ളുന്ന IMC 2025, ജനപ്രിയ സെഷനുകളിൽ നിന്ന് പ്രധാന ഉള്ളടക്കങ്ങൾ അടങ്ങിയ ഹ്രസ്വ വീഡിയോകൾ പങ്കുവയ്ക്കുന്നതിനും ക്യൂറേറ്റ് ചെയ്യുന്നതിനും നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുന്നു. ഇത് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലുടനീളം പരിപാടിയുടെ വ്യാപ്തിയും സ്വാധീനവും വർദ്ധിപ്പിക്കുന്നു. സെഷൻ വിശദാംശങ്ങൾ, പ്രഭാഷകനെ കുറിച്ചുള്ള വിശദാംശങ്ങൾ, വേദി, പാർക്കിംഗ്, വൈ-ഫൈ ലഭ്യത , ഗതാഗതം, സമീപത്തുള്ള മറ്റു ആകർഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള തൽക്ഷണ ഉത്തരങ്ങൾ നൽകുന്ന ഒരു വ്യക്തിഗത സഹായിയായി 'കോ-പൈലറ്റ്' ചാറ്റ്ബോട്ട് പ്രവർത്തിക്കുന്നു, പങ്കെടുക്കുന്നവരുടെ വിരൽത്തുമ്പിൽ എല്ലാ നിർണായക വിവരങ്ങളും ഇത് ഉറപ്പാക്കുന്നു.
ആപ്പ് കൂടുതൽ സംവേദനാത്മകമാക്കുന്നതിന്റെ ഭാഗമായി, പങ്കെടുക്കുന്നവർക്ക് ആപ്പിലെ ഫോട്ടോ ബൂത്ത് ഉപയോഗിച്ച് ചിത്രങ്ങൾ പകർത്താനും സമൂഹമാധ്യമങ്ങളിൽ തൽക്ഷണം ആ ചിത്രങ്ങൾ പങ്കിടാനും കഴിയും. ഗാലറിയിലെ നിർമിതബുദ്ധി അധിഷ്ഠിത മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ പിന്നീട് അവ വീണ്ടും ആസ്വദിക്കാനും കഴിയും. ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള തത്സമയ പോൾ, മത്സരങ്ങൾ എന്നിവ ഈ പരിപാടിയിലുടനീളം ആവേശവും തുടർച്ചയായതുമായ പങ്കാളിത്തവും ഉറപ്പാക്കും.
രാജ്യത്തിന്റെ അടിത്തറയായി നൂതനാശയങ്ങൾ നിലകൊള്ളവേ, IMC 2025 ആപ്പ് വിദ്യാർത്ഥി-യുവജന സൗഹൃദമായാണു രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സമഗ്രമായ അനുഭവം പ്രദാനം ചെയ്യുന്നതിനായി തടസ്സരഹിതമായ മാർഗ്ഗനിർദ്ദേശം ആപ്പ് നൽകുന്നു. IMC 2025 യുവാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കും. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് പ്രചോദനം നൽകുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലേക്ക് പ്രവേശനമൊരുക്കുകയും വ്യവസായ പ്രമുഖരുമായും വളർന്നുവരുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായും ബന്ധപ്പെടാനും പഠിക്കാനും അർത്ഥവത്തായ അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
IMC 2025-ൽ പ്രതിനിധികൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ, അക്കാദമിക വിദഗ്ധർ എന്നിവരുൾപ്പെടെ എല്ലാ പങ്കാളികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം: https://www.indiamobilecongress.com
5G/6G, നിർമിതബുദ്ധി, IoT, ക്വാണ്ടം കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, സെമികണ്ടക്ടർ നിർമ്മാണം, ക്ലീൻ ടെക്നോളജി, സ്മാർട്ട് മൊബിലിറ്റി തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാനാകുന്ന അത്യാധുനിക സംവിധാനങ്ങൾ IMC 2025 അവതരിപ്പിക്കും. ഏവരെയും ഉൾക്കൊള്ളുന്ന സാങ്കേതികവിദ്യ, നയസംഭാഷണം, നൂതനാശയങ്ങൾ എന്നിവയുടെ സജീവ സംഗമമാണ് IMC 2025 വാഗ്ദാനം ചെയ്യുന്നത്. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും (DoT) സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (COAI) ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടി ഇന്ത്യയിലും ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖരെയും നയരൂപീകരണ വിദഗ്ധരെയും നിക്ഷേപകരെയും സ്റ്റാർട്ടപ്പുകളെയും അക്കാദമിക് മേഖലയെയും ഒരുവേദിയിൽ കൊണ്ടുവരും.
ആപ്പ് ലിങ്ക്
***********************
(Release ID: 2162861)
Visitor Counter : 2