ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) ആയി ശ്രീമതി ടി.സി.എ. കല്യാണി ഇന്ന് ചുമതലയേറ്റു

Posted On: 01 SEP 2025 1:44PM by PIB Thiruvananthpuram
ഇന്ത്യൻ സിവിൽ അക്കൗണ്ട്‌സ് സർവീസിന്റെ (ഐസിഎഎസ്) 1991 ബാച്ച് ഓഫീസറായ ശ്രീമതി ടി.സി.എ. കല്യാണി, ധനകാര്യ മന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ വകുപ്പിൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) ആയി ഇന്ന് ചുമതലയേറ്റു. ഈ അഭിമാനകരമായ പദവി വഹിക്കുന്ന 29-ാമത്തെ ഉദ്യോഗസ്ഥയാണ് അവർ.
 
 
ലേഡി ശ്രീറാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബി.എ. ബിരുദധാരിയായ ശ്രീമതി കല്യാണി ഡൽഹി സർവകലാശാലയുടെ സ്വർണ്ണ മെഡൽ ജേതാവ് കൂടിയാണ് . ജവാഹർ ലാൽ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ പൊളിറ്റിക്സിൽ എം.എ.യും വെസ്റ്റ് യൂറോപ്യൻ പഠനത്തിൽ എം.ഫിലും നേടിയിട്ടുണ്ട്. 34 വർഷത്തിലധികം വിശിഷ്ട സേവനമുള്ള ശ്രീമതി കല്യാണിയ്ക്ക് പൊതു ധനകാര്യ മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, ഭരണം, ഭരണനിർവ്വഹണ മേഖലയിൽ വിപുലമായ വൈദഗ്ധ്യം ഉണ്ട് .
 
 പ്രതിരോധം, ടെലികോം, രാസവളം, ധനകാര്യം, സാമൂഹിക നീതി & ശാക്തീകരണം, വാർത്താ വിതരണ പ്രക്ഷേപണം, ആഭ്യന്തരം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളിൽ ശ്രീമതി കല്യാണി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ പൊതു സേവന വിതരണത്തിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിൽ ശ്രീമതി കല്യാണി നിതാന്ത ശ്രദ്ധ പുലർത്തിയിട്ടുണ്ട്. വളം വാങ്ങുന്നതിന് കേന്ദ്ര ഗവൺമെന്റിൽ നിന്നുള്ള ധനസഹായം കർഷകർക്ക് നൽകുന്നതിന് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡിബിടി) പദ്ധതി ആരംഭിക്കുന്നതിൽ ശ്രീമതി കല്യാണി വഹിച്ച നേതൃത്വപരമായ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.
 
 വിവിധ മന്ത്രാലയങ്ങളിലെ നിസ്തുലമായ പ്രവർത്തനങ്ങൾ കൂടാതെ, മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിൽ (എംടിഎൻഎൽ), ഓൺലൈൻ ബിൽ പേയ്‌മെന്റ് സംവിധാനത്തിലൂടെയും പേയ്‌മെന്റ് കിയോസ്‌കുകളിലൂടെയും ഡിജിറ്റൽ പരിവർത്തനത്തിനും അവർ നേതൃത്വം നൽകി. ഫെർട്ടിലൈസർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ പുനരുജ്ജീവനത്തിലും അവർ പ്രധാന പങ്ക് വഹിച്ചു.
 
സിജിഎ ആയി ചുമതലയേൽക്കുന്നതിന് മുമ്പ്, ശ്രീമതി കല്യാണി ആഭ്യന്തര മന്ത്രാലയത്തിലെ പ്രിൻസിപ്പൽ ചീഫ് കൺട്രോളർ ഓഫ് അക്കൗണ്ട്സ് (പ്രി. സിസിഎ) ആയാണ് സേവനമനുഷ്ഠിച്ചിരുന്നത്. അവിടെ കേന്ദ്ര ഗവൺമെന്റിന്റെ ഏറ്റവും വലിയ മന്ത്രാലയങ്ങളിലൊന്നായ ഈ മന്ത്രാലയത്തിന്റെ ബജറ്റ്, അക്കൗണ്ടിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
 
മികച്ച അനുഭവസമ്പത്തും നേതൃപാടവവും പ്രയോജനപ്പെടുത്തി , ശ്രീമതി കല്യാണി രാജ്യത്തിന്റെ പൊതു ധനകാര്യ പരിപാലന സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ഗവൺമെന്റ് അക്കൗണ്ടിംഗ് പ്രക്രിയയിൽ നൂതനാശയങ്ങളും സുതാര്യതയും മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
 
*****************

(Release ID: 2162841) Visitor Counter : 2