യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ശാരീരിക സ്വാസ്ഥ്യം നിലനിർത്താൻ തദ്ദേശീയ വഴികൾ സ്വീകരിക്കണം: ഡോ. മൻസുഖ് മാണ്ഡവ്യ

Posted On: 31 AUG 2025 3:47PM by PIB Thiruvananthpuram

പ്രശസ്ത ഹോക്കി താരം മേജർ ധ്യാൻ ചന്ദിന്റെ 120-ാം ജന്മവാർഷികാഘോഷത്തിന്റെ  ഭാഗമായി  മൂന്നുദിവസത്തെ കായികാഘോഷങ്ങളുടെ സമാപന ദിനത്തിൽ ഡൽഹിയിലെ  മേജർ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയത്തില്‍ 'ഫിറ്റ് ഇന്ത്യ സൺഡേയ്സ് ഓൺ സൈക്കിൾ'  പരിപാടി സംഘടിപ്പിച്ചു.  കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നേതൃത്വം നല്‍കിയ  പ്രത്യേക ദേശീയ കായിക ദിന പരിപാടിയിൽ വിവിധ ദേശീയ കായിക ഫെഡറേഷനുകൾ പങ്കെടുത്തു. 

ഇന്ത്യക്കാരെ സ്വന്തം മണ്ണുമായി ബന്ധിപ്പിക്കുകയും സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയും സ്വയംപര്യാപ്ത ഭാരതത്തിന്റെ കാഴ്ചപ്പാട് ഉൾക്കൊള്ളുകയും ചെയ്യുന്ന  പ്രസ്ഥാനമാണ് ഫിറ്റ് ഇന്ത്യ പ്രസ്ഥാനമെന്ന് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്ത ഡോ. മാണ്ഡവ്യ പറഞ്ഞു. മൂന്നു ദിവസത്തെ ദേശീയ കായിക ദിനാഘോഷങ്ങൾ  യഥാർത്ഥ ജനകീയ പ്രസ്ഥാനമായി മാറി. ഗ്രാമീണ കളിക്കളങ്ങൾ മുതൽ ദേശീയ മൈതാനങ്ങള്‍ വരെ  30 കോടിയോളം  ഇന്ത്യക്കാർ കായികമേഖലയെയും ശാരീരികസ്വാസ്ഥ്യത്തെയും മേജർ ധ്യാൻ ചന്ദിന്റെ പാരമ്പര്യത്തെയും ആഘോഷമാക്കിയെന്നും  രാജ്യത്ത് വളർന്നുവരുന്ന കായിക സംസ്കാരത്തിന്റെയും ഫിറ്റ്നസ്  ജീവിതശൈലിയാക്കാന്‍ നാം കൈക്കൊള്ളുന്ന  കൂട്ടായ നിശ്ചയദാർഢ്യത്തെിന്റെയും പ്രതിഫലനമാണ് ഇത്രയും വലിയ ജനകീയപങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.  

 

രാജ്യമെങ്ങും അഭൂതപൂർവമായ വ്യാപനമാണ് ഈ സംരംഭത്തിന് കാണാനായത്. 700 ജില്ലകളിലെ 10,000-ത്തിലേറെ സ്ഥലങ്ങളിൽ നിന്ന് ഏകദേശം 30 കോടി പേര്‍ കളിക്കളങ്ങളിലും  സൈക്കിൾ റാലികളിലും തദ്ദേശീയ കായിക മത്സരങ്ങളിലും പങ്കുചേര്‍ന്നു.  കൂടാതെ 3,000-ത്തിലധികം 'നമോ ഫിറ്റ് ഇന്ത്യ ക്ലബ്സ് ഫോർ സൈക്ലിംഗ്' രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിപാടിയുടെ ഭാഗമായത്  ഫിറ്റ്നസിന്റെയും സുസ്ഥിരതയുടെയും കൂട്ടായ്മയുടെയും  സന്ദേശത്തിന് ശക്തിപകര്‍ന്നു.  

 

ദേശീയ കായിക ദിനാഘോഷത്തിന്റെ മൂന്നുദിവസത്തെ ചരിത്രപരമായ ആഘോഷത്തിന്റെ അവസാന ദിനത്തില്‍ ഹിമാലയൻ താഴ്‌വരകൾ മുതൽ തീരദേശ പട്ടണങ്ങള്‍ വരെയും തിരക്കേറിയ നഗരങ്ങൾ മുതൽ ഗ്രാമീണ മേഖലകൾ വരെയും രാജ്യം  ഒരേ മനസ്സോടെ സൈക്കിൾ ചവിട്ടി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും  സംഘടിപ്പിച്ച സമാന്തര പരിപാടികളില്‍  പ്രമുഖ കായിക താരങ്ങളും ജനപ്രതിനിധികളും പൗരന്മാര്‍ക്കൊപ്പം ചേർന്നു. ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി കുരുക്ഷേത്രയിൽ 2500-ലേറെ പേര്‍ക്കൊപ്പം സൈക്കിൾ റാലിയില്‍ പങ്കുചേര്‍ന്നു. തെലങ്കാന ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മ 1000-ത്തിലധികം പേര്‍ക്കൊപ്പം തെലങ്കാനയിലെ 'സൺഡേസ് ഓൺ സൈക്കിൾ' പരിപാടിയുടെ ഭാഗമായി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന പരിപാടികളിൽ മറ്റ് പാർലമെന്റ് അംഗങ്ങളും പ്രമുഖരും  പങ്കെടുത്തു.

 

കൂടാതെ  മുംബൈ ബോറിവലി ദേശീയ പാർക്കിൽ സംഘടിപ്പിച്ച 'സൺഡേസ് ഓൺ സൈക്കിൾ' പരിപാടിയിൽ കേന്ദ്ര യുവജനകാര്യ കായിക സഹമന്ത്രി ശ്രീമതി രക്ഷാ നിഖിൽ ഖാഡ്സെയും  ബോളിവുഡ് നടൻ ജാക്കി ഷ്രോഫും പങ്കെടുത്തു.

ഡൽഹിയിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് പൗരന്മാരും കായികതാരങ്ങളും ഫിറ്റ്നസ് പ്രേമികളും പങ്കെടുത്തു. വിവിധ ദേശീയ കായിക ഫെഡറേഷൻ മേധാവികളും ഡോ. മൻസുഖ് മാണ്ഡവ്യയ്ക്കൊപ്പം സൈക്കിള്‍ റാലിയില്‍ അണിനിരന്നത്  ഫിറ്റ്നസിനെ  ഒരു ജനകീയ പ്രസ്ഥാനമായി പ്രോത്സാഹിപ്പിക്കാനുള്ള രാജ്യത്തെ കായിക സംഘടനകളുടെ  പ്രതിബദ്ധത പ്രകടമാക്കുന്നു. 


(Release ID: 2162575) Visitor Counter : 2