പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജപ്പാനിലെ പ്രാദേശിക ഗവണ്മെന്റിലെ ഗവർണർമാരുമായുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

Posted On: 30 AUG 2025 10:46AM by PIB Thiruvananthpuram

നമസ്കാരം,

ഇന്നു നിങ്ങളെയേവരെയും കാണാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ജപ്പാന്റെ ഊർജ- വൈവിധ്യങ്ങളുടെ ജീവസ്സുറ്റ രൂപമാണു നിങ്ങൾ.

ഈ മുറിയിൽ എനിക്കു സൈതാമയുടെ വേഗതയും, മിയാഗിയുടെ പ്രതിരോധശേഷിയും, ഫുകുവോക്കയുടെ ഊർജസ്വലതയും, നാരയുടെ പൈതൃകവും അനുഭവിക്കാനാകുന്നു. നിങ്ങളിലേവരിലും കുമാമോട്ടോയുടെ ഊഷ്മളതയും, നാഗാനോയുടെ പുതുമയും, ഷിസുവോക്കയുടെ സൗന്ദര്യവും, നാഗസാക്കിയുടെ സ്പന്ദനവുമുണ്ട്. ഫ്യുജി പർവതത്തിന്റെ ശക്തിയും സാകുറയുടെ ചൈതന്യവും നിങ്ങളേവരും ഉൾക്കൊള്ളുന്നു. നിങ്ങൾ ഒത്തുചേർന്നു ജപ്പാനെ അനശ്വരമാക്കുന്നു.

ആദരണീയരേ,

ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ളതാണ് ഇന്ത്യയും ജപ്പാനും തമ്മിലെ ആഴത്തിലുള്ള ബന്ധം. കരുണയുടെ പ്രതീകമായ ബുദ്ധഭഗവാൻ നമ്മെ കൂട്ടിയിണക്കുന്നു. ബംഗാളിലെ രാധാബിനോദ് പാൽ ‘ടോക്കിയോ വിചാരണകളിൽ’ ‘തന്ത്ര’ത്തിനു മുകളിൽ ‘നീതി’യെ പ്രതിഷ്ഠിച്ചു. അദ്ദേഹത്തിന്റെ അദമ്യമായ ധൈര്യത്താൽ നാം കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു.

എന്റെ ജന്മനാടായ ഗുജറാത്തിൽനിന്നുള്ള വജ്രവ്യാപാരികൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോബെയിലെത്തി. ഹമ-മാറ്റ്സുവിലെ കമ്പനി ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയിൽ വിപ്ലവം കൊണ്ടുവന്നു. ഇരുരാജ്യങ്ങളുടെയും ഈ സംരംഭകത്വ മനോഭാവവും നമ്മെ കൂട്ടിയിണക്കുന്നു.

ഇന്ത്യയെയും ജപ്പാനെയും വളരെയടുത്തു ചേർത്തുനിർത്തുന്ന ഇത്തരം നിരവധി കഥകളും ബന്ധങ്ങളുമുണ്ട്. ഇന്ന്, വ്യാപാരം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം, സുരക്ഷ, നൈപുണ്യം, സംസ്കാരം എന്നീ മേഖലകളിലെ ഈ ബന്ധങ്ങളിൽ പുതിയ അധ്യായങ്ങൾ രചിക്കപ്പെടുകയാണ്. ഈ ബന്ധം ടോക്കിയോയുടെയോ ഡൽഹിയുടെയോ ഇടനാഴികളിൽ മാത്രം ഒതുങ്ങുന്നില്ല. ഈ ബന്ധം ഇന്ത്യയിലെയും ജപ്പാനിലെയും ജനങ്ങളുടെ ചിന്തകളിൽ ജീവിക്കുകയാണ്.

ആദരണീയരേ,

പ്രധാനമന്ത്രിയാകുന്നതിനുമുമ്പ്, ഏകദേശം ഒന്നരപ്പതിറ്റാണ്ടോളം ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഈ സമയത്ത്, ജപ്പാൻ സന്ദർശിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. ഞങ്ങളുടെ സംസ്ഥാനങ്ങളിലെയും നിങ്ങളുടെ പ്രാദേശിക ഭരണസംവിധാനങ്ങളിലെയും സാധ്യതകളും ശേഷിയും എനിക്ക് അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി എന്ന നിലയിൽ, നയാധിഷ്ഠിത ഭരണം, വ്യവസായത്തെ പ്രോത്സാഹിപ്പിക്കൽ, കരുത്തുറ്റ അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കൽ, നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയിലായിരുന്നു എന്റെ ശ്രദ്ധ. ഇന്ന്, ഇതു ‘ഗുജറാത്ത് മാതൃക’ എന്നാണ് അറിയപ്പെടുന്നത്.

2014-ൽ, പ്രധാനമന്ത്രിയായശേഷം, ഞാൻ ഈ ചിന്തയെ ദേശീയ നയത്തിന്റെ ഭാഗമാക്കി. സംസ്ഥാനങ്ങളിലെ മത്സരാത്മക മനോഭാവത്തെ ഞങ്ങൾ പുനരുജ്ജീവിപ്പിച്ചു. ദേശീയ വളർച്ചയ്ക്കുള്ള വേദിയാക്കി ഞങ്ങൾ അവയെ മാറ്റി. ജപ്പാനിലെ പ്രാദേശിക ഭരണസംവിധാനങ്ങളെപ്പോലെ, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ സ്വത്വമുണ്ട്; സവിശേഷതകളുണ്ട്. അവയുടെ ഭൂപ്രദേശങ്ങളും വ്യത്യസ്തമാണ്. ചിലതു തീരപ്രദേശങ്ങളാണ്. മറ്റുള്ളവ പർവതങ്ങളുടെ മടിത്തട്ടിലാണു സ്ഥിതിചെയ്യുന്നത്.

ഞങ്ങളുടെ വൈവിധ്യത്തെ നേട്ടമാക്കി മാറ്റാൻ ഞങ്ങൾ പ്രവർത്തിച്ചു. ഓരോ ജില്ലയുടെയും സമ്പദ്‌വ്യവസ്ഥയും പ്രത്യേകതയും ഉയർത്തിപ്പിടിക്കുന്നതിനായി ഞങ്ങൾ “ഒരു ജില്ല - ഒരുൽപ്പന്നം” എന്ന യജ്ഞത്തിനു തുടക്കംകുറിച്ചു. വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ജില്ലകൾക്കും ബ്ലോക്കുകൾക്കും വേണ്ടി, ഞങ്ങൾ വികസനം കാംക്ഷിക്കുന്ന ജില്ല-ബ്ലോക്ക് പദ്ധതികൾ അവതരിപ്പിച്ചു. വിദൂര അതിർത്തിഗ്രാമങ്ങളെ മുഖ്യധാരയുമായി കൂട്ടിയിണക്കുന്നതിനായി, ഞങ്ങൾ ഊർജസ്വല ഗ്രാമം പദ്ധതി ആരംഭിച്ചു. ഇന്ന്, ഈ ജില്ലകളും ഗ്രാമങ്ങളും ദേശീയ വളർച്ചയുടെ പുതിയ കേന്ദ്രങ്ങളായി ഉയർന്നുവരികയാണ്.
മാന്യരേ,

സാങ്കേതികവിദ്യ, ഉൽപ്പാദനം, നവീകരണം എന്നിവയുടെ യഥാർത്ഥ ശക്തികേന്ദ്രങ്ങളാണു നിങ്ങളുടെ പ്രാദേശിക ഭരണസംവിധാനങ്ങൾ. അവയിൽ ചിലതു പൂർണ രാജ്യങ്ങളേക്കാൾ വലിയ സമ്പദ്‌വ്യവസ്ഥയുള്ളവയാണ്. ഇതിനർത്ഥം, നിങ്ങൾക്ക് അത്രത്തോളം വലിയ ഉത്തരവാദിത്വം ഉണ്ടെന്നാണ്.

അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാവി നിങ്ങളുടെ പരിശ്രമത്തിലൂടെയാണു രൂപപ്പെടുന്നത്. നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളും ജപ്പാനിലെ പ്രാദേശിക ഗവണ്മെന്റുകളും ഇതിനകം പങ്കാളിത്തങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

ഗുജറാത്തും ഷിസുവോക്കയും,

ഉത്തർപ്രദേശും യമനാഷിയും,

മഹാരാഷ്ട്രയും വകായാമയും,

ആന്ധ്രപ്രദേശും ടോയാമയും

ഇതിന് ഉദാഹരണമാണ്.

എന്നിരുന്നാലും, ഈ പങ്കാളിത്തം കടലാസിൽമാത്രം ഒതുങ്ങില്ലെന്നു ഞാൻ വിശ്വസിക്കുന്നു. അതു കടലാസിൽനിന്നു ജനങ്ങളിലേക്കും സമൃദ്ധിയിലേക്കും എത്തിച്ചേരേണ്ടതുണ്ട്.

ഇന്ത്യയിലെ സംസ്ഥാനങ്ങൾ അന്താരാഷ്ട്ര സഹകരണത്തിന്റെ കേന്ദ്രങ്ങളായി മാറണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യത്തോടെ, പ്രധാനമന്ത്രി ഇഷിബയും ഞാനും ഇന്നലെ സംസ്ഥാന-പ്രാദേശിക ഗവണ്മെന്റ് പങ്കാളിത്ത സംരംഭം ആരംഭിച്ചു. എല്ലാ വർഷവും കുറഞ്ഞതു മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ജപ്പാനിലെ മൂന്നു പ്രാദേശിക ഗവണ്മെന്റുകളിൽനിന്നുമുള്ള പ്രതിനിധികൾ പരസ്പരം രാജ്യങ്ങൾ സന്ദർശിക്കുക എന്നതാണു നാം ലക്ഷ്യമിടുന്നത്. ഈ സംരംഭത്തിന്റെ ഭാഗമാകാനും ഇന്ത്യ സന്ദർശിക്കാനും ഞാൻ നിങ്ങളെ ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

ഇന്ത്യയിലെ സംസ്ഥാനങ്ങളും ജപ്പാനിലെ പ്രാദേശിക ഗവണ്മെന്റുകളും നമ്മുടെ പൊതുവായ പുരോഗതിയിൽ സഹകരിക്കട്ടെ.

വലിയ കമ്പനികൾക്കു മാത്രമല്ല, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും നിങ്ങളുടെ പ്രാദേശിക ഭരണസംവിധാനം വളക്കൂറുള്ള മണ്ണു നൽകുന്നു. അതുപോലെ, ഇന്ത്യയിൽ, ചെറിയ പട്ടണങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളും MSME-കളും രാജ്യത്തിന്റെ വളർച്ചാഗാഥയെ മുന്നോട്ടു നയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.

ജപ്പാനിലെയും ഇന്ത്യയിലെയും ഊർജസ്വലമായ ഈ ആവാസവ്യവസ്ഥകൾ ഒന്നിച്ചാൽ -

ആശയങ്ങൾ ഒഴുകും,

ആവിഷ്കാരങ്ങൾ വളരും,

അവസരങ്ങൾ വിരി‌യും!

ഈ ചിന്ത മുന്നിൽക്കണ്ട്, കൻസായിയിൽ വ്യാവസായിക വിനിമയ വേദിക്കു തുടക്കം കുറിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്. ഇതു കമ്പനികൾക്കിടയിൽ നേരിട്ടുള്ള ആശയവിനിമയം സൃഷ്ടിക്കുകയും, പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരികയും, സ്റ്റാർട്ടപ്പ് പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുകയും, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കു കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ആദരണീയരേ,

യുവമനസ്സുകൾ ഒന്നിക്കുമ്പോൾ, മഹത്തായ രാഷ്ട്രങ്ങൾ ഒരുമിച്ചുയരും.

ജപ്പാനിലെ സർവകലാശാലകൾ ലോകപ്രശസ്തമാണ്. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇവിടെ പഠിക്കാനും അറിവു സമ്പാദിക്കാനും സംഭാവനയേകാനും അവസരമൊരുക്കുന്നതിനായി, പ്രധാനമന്ത്രി ഇഷിബയുമായി ചേർന്ന് ഇന്നലെ കർമപദ്ധതിക്കു തുടക്കംകുറിച്ചു. ഈ പദ്ധതിപ്രകാരം, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ, വിവിധ മേഖലകളിലായി അഞ്ചുലക്ഷം വ്യക്തികൾ വിനിമയപരിപാടികളിൽ പങ്കെടുക്കും. ഇതിനുപുറമെ, വൈദഗ്ധ്യമുള്ള 50,000 ഇന്ത്യൻ പ്രൊഫഷണലുകൾ ജപ്പാനിലേക്കു വരും. ജപ്പാനിലെ പ്രാദേശിക ഗവണ്മെന്റുകൾക്ക് ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കാനാകും. ഈ ശ്രമത്തിൽ ഞങ്ങൾക്കു നിങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ആദരണീയരേ,

നമ്മുടെ രാജ്യങ്ങൾ ഒരുമിച്ചു മുന്നോട്ടു പോകുമ്പോൾ, ജപ്പാനിലെ ഓരോ പ്രാദേശിക ഭരണസംവിധാനവും ഓരോ ഇന്ത്യൻ സംസ്ഥാനവും പുതിയ വ്യവസായങ്ങൾ സൃഷ്ടിക്കുകയും, പുതിയ കഴിവുകൾ വികസിപ്പിക്കുകയും, ജനങ്ങൾക്കായി പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യട്ടെ എന്നു ഞാൻ പ്രത്യാശിക്കുന്നു.

ടോക്കിയോയും ഡൽഹിയും അതിനു നേതൃത്വം നൽകട്ടെ.

എന്നാൽ,

കനഗാവയും കർണാടകയും ശബ്ദമേകട്ടെ.

ഐച്ചിയും അസമും ഒരുമിച്ചു കിനാവുകൾ കാണട്ടെ.

ഒകയാമയും ഒഡിഷയും ഭാവി കെട്ടിപ്പടുക്കട്ടെ.

വളരെ നന്ദി.

ആരീഗാറ്റോ ഗോസാഈമാസ്.

 

-NK-


(Release ID: 2162260) Visitor Counter : 22