ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
പരുത്തിയുടെ ഇറക്കുമതി തീരുവ ഇളവ് 2025 ഡിസംബര്‍ 31 വരെ നീട്ടി
Posted On:
28 AUG 2025 7:56PM by PIB Thiruvananthpuram
ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാക്കളായ തുണിത്തര വ്യവസായത്തിന് ഗുണമേന്മയേറിയ പരുത്തി സ്ഥിരമായി ലഭിക്കേണ്ടതുണ്ട്. ആവശ്യകതയും ലഭ്യതയും തമ്മില്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്ന വിടവ് പരിഗണിച്ച് സര്‍ക്കാര്‍ പരുത്തിയുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയത് 2025 ഡിസംബര്‍ 31 വരെ നീട്ടി. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നൂല്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ തുണിത്തര വ്യവസായത്തിന്റെ എല്ലാ തലങ്ങളിലെയും ഉല്പാദനച്ചെലവുകള്‍ സ്ഥിരപ്പെടുത്താന്‍ ഈ തീരുമാനം സഹായിക്കും. ഇത് ഉല്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ആശ്വാസമേകും. തന്ത്രപരമായ ഈ ഇടപെടല്‍ ആഭ്യന്തര പരുത്തി കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തുണിത്തര മേഖല ആഗോളതലത്തില്‍ മത്സരക്ഷമമായി തുടരുന്നുവെന്ന് ഉറപ്പാക്കും. ഇറക്കുമതി ചെയ്യുന്ന പരുത്തിയില്‍ ഭൂരിഭാഗവും പ്രത്യേക വ്യാവസായിക ആവശ്യങ്ങള്‍ക്കോ ബ്രാന്‍ഡുമായി ബന്ധപ്പെട്ട കയറ്റുമതി കരാറുകള്‍ക്കോ വേണ്ടിയായതിനാല്‍ ഇത് ആഭ്യന്തര പരുത്തിയുടെ ഉപയോഗത്തെ ബാധിക്കുന്നില്ല.
താങ്ങാവുന്ന നിരക്കില്‍ നിലവാരമേറിയ പരുത്തിയുടെ കയറ്റുമതി വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. ഇത് ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ക്കും കയറ്റുമതി ലക്ഷ്യമിടുന്ന കേന്ദ്രങ്ങള്‍ക്കും കൂടുതല്‍ ആവശ്യക്കാരെ ലഭിക്കാന്‍ സഹായിക്കുന്നു. 45 ദശലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന തുണിത്തര-വസ്ത്ര നിര്‍മാണ മേഖലയില്‍ തൊഴില്‍ നഷ്ടം ഒഴിവാക്കാനും വ്യാവസായിക വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സ്ഥിരമായ പരുത്തി ലഭ്യത അത്യന്താപേക്ഷിതമാണ്. അസംസ്‌കൃത വസ്തുക്കളുടെ സുസ്ഥിര ലഭ്യത നിലവാരം കൂടിയ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഉല്പാദനം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സര്‍ക്കാരിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' ലക്ഷ്യങ്ങളെയും ആഭ്യന്തര ഉത്പാദനത്തെയും പിന്തുണയ്ക്കുന്നു.
കാര്‍ഷികോല്പന്നങ്ങളുടെ കുറഞ്ഞ താങ്ങുവില (എംഎസ്പി) സംവിധാനത്തിലൂടെ കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (സിസിഐ) കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കുകയും ഉത്പാദനച്ചെലവിനെക്കാള്‍ 50% അധിക തുക കര്‍ഷകര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഇറക്കുമതി ചെയ്യുന്ന പരുത്തി പലപ്പോഴും പ്രത്യേക വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ ആഭ്യന്തര പരുത്തിക്ക് പകരമാകുന്നില്ല. ഇറക്കുമതി കൂടുതലായി നടക്കുന്നത് ആഭ്യന്തര കരുതല്‍ കുറഞ്ഞ സമയത്തോ ഉത്പാദനം കുറഞ്ഞ സമയത്തോ ആയതിനാല്‍ ആഭ്യന്തര സംഭരണം ഉയര്‍ന്ന സമയത്തെ മത്സരം കുറയ്ക്കുന്നു. പരുത്തി വില സൂക്ഷ്മമായി നിരീക്ഷിക്കുന്ന സര്‍ക്കാര്‍ ആവശ്യാനുസരണം സുരക്ഷാ നടപടികള്‍ കൈക്കൊള്ളാവുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
2024-25 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ആകെ തുണിത്തര - വസ്ത്ര കയറ്റുമതിയുടെ ഏകദേശം 33% പരുത്തി തുണിത്തരങ്ങളുടെ കയറ്റുമതിയായിരുന്നു. 7.08 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന ഈ കയറ്റുമതി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ സംഭാവനയാണ്. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെ 95 ശതമാനവും തുണിത്തര വ്യവസായമാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ തീരുവ ഒഴിവാക്കുന്നത് കര്‍ഷകര്‍ക്ക് പരോക്ഷമായി പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള തലത്തില്‍ മത്സരക്ഷമത വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് മികച്ച വില നല്‍കാന്‍ മില്ലുകള്‍ക്ക് സാധിക്കും.
എല്ലാത്തരം പരുത്തിയുടെയും 11% ഇറക്കുമതി തീരുവ 2025 ഡിസംബര്‍ 31 വരെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത തുണിത്തര മേഖലയിലെ വിവിധ സംഘടനകള്‍ ഏറെക്കാലമായി മുന്നോട്ടുവയ്ക്കുന്ന ആവശ്യം പരിഗണിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി ശ്രീ. ഗിരിരാജ് സിംഗിനും നന്ദി അറിയിച്ചു.
***********
(Release ID: 2161701)
Visitor Counter : 19