കൃഷി മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ദക്ഷിണാഫ്രിക്ക സംയുക്ത കാർഷിക വർക്കിംഗ് ഗ്രൂപ്പ് വെർച്വലായി യോഗം ചേർന്നു

Posted On: 26 AUG 2025 8:08PM by PIB Thiruvananthpuram
ഇന്ത്യ-ദക്ഷിണാഫ്രിക്ക സംയുക്ത കാർഷിക വർക്കിംഗ് ഗ്രൂപ്പിന്റെ (JWG) അഞ്ചാമത് യോഗം വെർച്വലായി ചേർന്നു. കൃഷി & കർഷകക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി, ശ്രീ അജിത് കുമാർ സാഹുവും ദക്ഷിണാഫ്രിക്കയിലെ ഇന്റർനാഷണൽ ട്രേഡ് പ്രമോഷൻ ആക്ടിംഗ് ഡയറക്ടർ Mr. തപ്‌സാന മോളെപ്പോയും യോഗത്തിൽ സഹ-അധ്യക്ഷത വഹിച്ചു. കാർഷിക,അനുബന്ധ മേഖലകളിൽ  ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിൽ  പ്രധാന നാഴികക്കല്ലായ യോഗത്തിന്റെ പ്രാധാന്യം ഇരുപക്ഷവും അടിവരയിട്ടു.

കാർഷിക മേഖലയിൽ  ഇന്ത്യയുടെ ശ്രദ്ധേയമായ നേട്ടങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ അജിത് കുമാർ സാഹു കാർഷിക, അനുബന്ധ മേഖലകളെ കുറിച്ചുള്ള അവലോകനം നടത്തി. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ആരംഭിച്ച നൂതന സംരംഭങ്ങളുടെ ഒരു ശ്രേണി അദ്ദേഹം എടുത്തുകാട്ടി. ഡിജിറ്റൽ പരിഹാരങ്ങളുടെ ഉപയോഗം, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കൽ, അപകടസാധ്യത കുറയ്ക്കൽ, സർക്കാരിന്റെ വായ്പാ സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയുമായുള്ള മൂല്യവത്തായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശക്തമായ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട്, കാർഷിക മേഖലയിലെ ദക്ഷിണാഫ്രിക്കയുടെ പ്രധാന മുൻഗണനകളെക്കുറിച്ച് Mr. തപ്‌സാന മോളെപ്പോ അവലോകനം നടത്തി. വിപുലീകരണ സേവനങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ, വിത്ത്  തുടങ്ങിയ നിർണായക മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിൽ ദക്ഷിണാഫ്രിക്കയുടെ താൽപ്പര്യം അദ്ദേഹം എടുത്തുപറഞ്ഞു.

 ദക്ഷിണാഫ്രിക്കയിലെ കാർഷിക ഗവേഷണ കൗൺസിലും (ARC) ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും (ICAR) തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ചർച്ചകളിൽ ഇരുപക്ഷവും പരിശോധിച്ചു. വിജ്ഞാന കൈമാറ്റം, സംയുക്ത ഗവേഷണ സംരംഭങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ, വിപണി പ്രവേശന പ്രശ്നങ്ങൾ എന്നിവയായിരുന്നു പ്രധാന മേഖലകൾ.

കൃഷി & കർഷകക്ഷേമ വകുപ്പ്, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ, മത്സ്യബന്ധന വകുപ്പ്, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്, വിദേശകാര്യ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു
.
 
SKY
 
*****

(Release ID: 2161067) Visitor Counter : 8