വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

6G സ്റ്റാൻഡേർഡൈസേഷനുമായി ബന്ധപ്പെട്ട ആദ്യ 3GPP RAN യോഗങ്ങൾക്ക് ബെംഗളൂരുവിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു

ആഗോള 6G സ്പെസിഫിക്കേഷനുകൾക്കുള്ള അടിത്തറയായ 3GPP റിലീസ് 20 സംബന്ധിച്ച ചർച്ചകൾക്ക് തുടക്കം.

50-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം പ്രതിനിധികളുമായി എക്കാലത്തെയും ഉയർന്ന ആഗോള പങ്കാളിത്തം

Posted On: 26 AUG 2025 12:06PM by PIB Thiruvananthpuram
ഇന്ത്യയെയും ആഗോള ടെലികോം സമൂഹത്തെയും സംബന്ധിച്ചിടത്തോളം ചരിത്രപരമായ ആദ്യ സംഭവമെന്ന നിലയിൽ, 3GPP റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് (RAN) വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗുകൾ - RAN1 മുതൽ RAN5 വരെ - ഓഗസ്റ്റ് 25 ന് ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡിൽ ഉദ്ഘാടനം ചെയ്തു. വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (DoT) പിന്തുണയോടെയും ടെലികമ്മ്യൂണിക്കേഷൻസ് സ്റ്റാൻഡേർഡ്സ് ഡെവലപ്മെന്റ് സൊസൈറ്റി, ഇന്ത്യ (TSDSI) ആതിഥേയത്വം വഹിക്കുന്നതുമായ ഈ യോഗങ്ങൾ, 3GPP റിലീസ് 20 പ്രകാരമുള്ള 6G സ്റ്റാൻഡേർഡൈസേഷനെക്കുറിച്ചുള്ള പ്രാരംഭ ചർച്ചകൾക്കൊപ്പം, 5G പരിണാമത്തെ മുന്നോട്ട് കൊണ്ടുപോകുന്ന റിലീസ് 19 സ്പെസിഫിക്കേഷനുകളുടെ അന്തിമരൂപീകരണവും അടയാളപ്പെടുത്തുന്നു. 2025 ഓഗസ്റ്റ് 29 വരെ യോഗങ്ങൾ തുടരും.

ആഗോള ആശയവിനിമയ സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഭാരത സർക്കാരിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന ഈ പരിപാടി സംഘടിപ്പിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്  സ്ഥാപനപരവും സാമ്പത്തികവുമായ പൂർണ്ണ പിന്തുണ നൽകുന്നു. 6G ദർശനത്തിൽ സർക്കാരിന്റെ സുസ്ഥിരമായ ഇടപെടലിനെ സൂചിപ്പിക്കും വിധം DoT പ്രതിനിധി സംഘം യോഗങ്ങളിൽ സജീവമായി പങ്കെടുക്കുന്നു.
 
 ഇന്ത്യയുടെ അംഗീകൃത സ്റ്റാൻഡേർഡ്സ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (SDO) ആയ TSDSI ആണ്  5G, 6G മൊബൈൽ ആശയവിനിമയ സാങ്കേതികവിദ്യകൾക്കായുള്ള സ്പെസിഫിക്കേഷനുകൾ വികസിപ്പിക്കുന്നതിന് ചുമതലയുള്ള ആഗോള സ്ഥാപനമായ 3rd ജനറേഷൻ പാർട്ണർഷിപ് പ്രൊജക്റ്റ്ന്റെ   (3GPP)  ഏഴ്  പങ്കാളികളിൽ ഒന്ന്. ആഗോള മൊബൈൽ ശൃംഖലയുടെ അടിത്തറയാണ് 3GPP സ്പെസിഫിക്കേഷനുകൾ. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്ത്യയുടെ സജീവ പങ്കാളിത്തം ഭാവിയിലെ വാർത്താ വിനിമയ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നതിൽ രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന പങ്കിനെ കൂടുതൽ ശക്തിപ്പെടുത്തും.

50-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം പ്രതിനിധികൾ ബെംഗളൂരുവിലെ യോഗങ്ങളിൽ  പങ്കെടുക്കുന്നു.  3GPP വ്യക്തിഗത അംഗങ്ങൾ, പ്രധാന ടെലികോം കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതിക വിദഗ്ധർ എന്നിവയെ ആണ് പ്രതിനിധികൾ പ്രതിനിധീകരിക്കുന്നത്. ഏതൊരു 3GPP വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിലെയും ഏറ്റവും ഉയർന്ന പങ്കാളിത്തമാണിത്.  ചർച്ചകളുടെ പ്രാധാന്യവും 5G-യിൽ നിന്ന് 6G-യിലേക്കുള്ള പരിണാമത്തെ രൂപപ്പെടുത്തുന്നതിൽ വർദ്ധിച്ചുവരുന്ന ആഗോള താത്പര്യവും ആണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ബെംഗളൂരു യോഗങ്ങൾ ഇന്ത്യൻ പങ്കാളികൾക്ക് ഒരു സുപ്രധാന അവസരമാണ്. ആദ്യമായി, ആഗോള 3GPP ചർച്ചകൾ ഇന്ത്യയിൽ നടക്കുന്നത്, ആഭ്യന്തര ഗവേഷകർ, കമ്പനികൾ, അക്കാദമിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് സ്വദേശത്തു തന്നെ പങ്കെടുക്കാനും, വിവരങ്ങൾ നേരിട്ട് അറിയാനും, അന്താരാഷ്ട്ര യാത്ര കൂടാതെ തന്നെ അർത്ഥവത്തായ സംഭാവന നൽകാനും സഹായകമാകുന്നു. ആഗോള മുന്നേറ്റങ്ങളുമായി തത്സമയം പൊരുത്തപ്പെടാനും 6G സ്റ്റാൻഡേർഡൈസേഷൻ ഉദ്യമങ്ങൾക്ക് സംഭാവന നൽകാനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ വേദി ഇന്ത്യൻ സ്ഥാപനങ്ങളെ പ്രാപ്തരാക്കും.

ഇന്ത്യയിലേക്കുള്ള 3GPP യുടെ വരവ് ആഗോള നിലവാര ക്രമീകരണത്തിലെ പരിവർത്തനത്തെ സൂചിപ്പിക്കുന്നു. അവിടെ ഇന്ത്യ പോലെ വളർന്നുവരുന്ന സാങ്കേതിക മേഖലയിലെ നേതൃരാജ്യങ്ങൾ കൂടുതൽ സ്വാധീനം ചെലുത്തുന്നു. ഈ പരിപാടി വ്യാവസായിക-വിദ്യാഭ്യാസ സഹകരണത്തിന് കൂടുതൽ പ്രചോദനമേകുകയും, ആഭ്യന്തര നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ആഗോള ടെലികോം മാനദണ്ഡ ആവാസവ്യവസ്ഥയിൽ ഇന്ത്യയുടെ സുപ്രധാന പദവി ഊട്ടിയുറപ്പിക്കുകയും  ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
 
SKY
 
*****
 

(Release ID: 2160858)