രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഓപ്പറേഷൻ സിന്ദൂറിൽ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ സായുധ സേനയ്ക്ക് പൂർണ്ണ പിന്തുണ നൽകി

Posted On: 25 AUG 2025 2:33PM by PIB Thiruvananthpuram

"ഓപ്പറേഷൻ സിന്ദൂറിൽ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ സായുധ സേനയ്ക്ക് പൂർണ്ണ പിന്തുണ നൽകി.  രാജ്യസുരക്ഷ സർക്കാരിന്റെയോ സൈന്യത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നതിന്റെ തെളിവാണിത്." 2025 ഓഗസ്റ്റ് 25 ന് രാജസ്ഥാനിലെ ജോധ്പൂരിൽ, പ്രതിരോധ-കായിക അക്കാദമിയുടെ ഉദ്ഘാടന വേളയിൽ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് പറഞ്ഞു. പൗരന്മാർ, പ്രത്യേകിച്ച് യുവാക്കൾ, തങ്ങളുടെ കടമകളെക്കുറിച്ച് ബോധവാന്മാരും  സമർപ്പണമനോഭാവമുള്ളവരും ആയിരുന്നാൽ രാജ്യത്തിന് ഏത് ബുദ്ധിമുട്ടും നേരിടാനും കൂടുതൽ ശക്തരാകാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാമിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിന് ഇന്ത്യൻ സായുധ സേന ഉചിതമായ മറുപടി നൽകുകയും നിശ്ചയിച്ച ലക്ഷ്യങ്ങൾ കൃത്യതയോടെ കൈവരിക്കുകയും ചെയ്ത ഓപ്പറേഷൻ സിന്ദൂറിൽ 
 യുവാക്കൾ പ്രകടിപ്പിച്ച ആവേശത്തെയും ദൃഢനിശ്ചയത്തെയും രാജ്യരക്ഷാ മന്ത്രി അഭിനന്ദിച്ചു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യ വിവേചനം കാണിക്കുന്നില്ലെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, പഹൽഗാമിൽ ഭീകരവാദികൾ അവരുടെ ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ നിരപരാധികളെ കൊന്നപ്പോൾ, ഇന്ത്യൻ സായുധ സേന, അവരുടെ കർമ്മത്തിന്റെ അടിസ്ഥാനത്തിൽ ഭീകരവാദികൾക്ക് അഭയം നൽകിയവരെ നശിപ്പിച്ചുവെന്ന് പറഞ്ഞു. പുതിയ ഇന്ത്യയുടെ സ്വത്വമായാണ്  ഓപ്പറേഷൻ സിന്ദൂറിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

പ്രതിരോധ-കായിക അക്കാദമി പോലുള്ള സംരംഭങ്ങളുടെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, പ്രതിരോധം, വിദ്യാഭ്യാസം, കായികം എന്നിവയുടെ സംയോജനം സുരക്ഷിതവും ശക്തവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ നിർണായകമാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് എടുത്തു പറഞ്ഞു. "വിദ്യാഭ്യാസം അറിവ് നൽകുമ്പോൾ പ്രതിരോധം സുരക്ഷ ഉറപ്പാക്കുന്നു. സ്ഥിരോത്സാഹം, അച്ചടക്കം, ക്ഷമ, ദൃഢനിശ്ചയം തുടങ്ങിയ ഗുണങ്ങൾ ഒരു സൈനികന് ഒരു കായികതാരത്തെപ്പോലെ പ്രധാനമാണ്. പ്രതിരോധം, വിദ്യാഭ്യാസം, കായികം എന്നിവയുടെ സംഗമത്തിന്റെ ഉൽപ്പന്നങ്ങളായ വിദ്യാർത്ഥികൾക്ക് ദേശീയ, അന്തർദേശീയ തലങ്ങളിൽ രാജ്യത്തിൻറെ അഭിമാനംഉയർത്താൻ കഴിയും." അദ്ദേഹം പറഞ്ഞു. അറിവ്, സംസ്കാരം, ശക്തി എന്നിവയിൽ ലോകത്തിന്റെ മുന്നിൽ നിൽക്കുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ പൗരന്മാരെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

രാജ്യത്തെ സംരക്ഷിക്കുന്നതിൽ  സൈനികരുടെ നിർണായക സംഭാവനയെ  പരാമർശിച്ച രാജ്യരക്ഷാ മന്ത്രി സൈനികരുടെ  അതേ അനുപാതത്തിൽ ഉദ്യോഗസ്ഥരെ സൃഷ്ടിക്കാൻ  ഈ മേഖലയ്ക്ക് കഴിയുന്നില്ലെന്ന്   ചൂണ്ടിക്കാട്ടി. സായുധ സേനയിൽ ഉദ്യോഗസ്ഥരായി ചേരാനും ദേശീയ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സംഭാവന നൽകാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

 
*****

(Release ID: 2160567)