വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

അമേരിക്കയിലേക്കുള്ള തപാൽ സേവനങ്ങൾ താൽക്കാലികമായി നിർത്തി

Posted On: 23 AUG 2025 2:49PM by PIB Thiruvananthpuram
2025 ജൂലൈ 30-ന് യുഎസ് ഭരണകൂടം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് നമ്പർ 14324 പ്രകാരം 800 യുഎസ് ഡോളർ വരെ വിലവരുന്ന സാധനങ്ങളുടെ തീരുവയിലെ വളരെ ചെറിയ സാധനങ്ങൾക്കുള്ള (de minimis) ഇളവ് 2025 ഓഗസ്റ്റ് 29 മുതൽ പിൻവലിക്കുന്ന വിവരം തപാല്‍വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. തൽഫലമായി അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ അന്താരാഷ്ട്ര തപാൽ ഉരുപ്പടികള്‍ക്കും അവയുടെ മൂല്യം പരിഗണിക്കാതെ ഓരോ രാജ്യത്തിനനുസരിച്ചുള്ള അന്താരാഷ്ട്ര അടിയന്തര സാമ്പത്തികശക്തി നിയമത്തിന്റെ (ഐഇഇപിഎ) തീരുവ ചട്ടക്കൂട് പ്രകാരം കസ്റ്റംസ് തീരുവ ബാധകമായിരിക്കും. എന്നിരുന്നാലും, 100 യുഎസ് ഡോളർ വരെയുള്ള സമ്മാന ഇനങ്ങൾക്ക് തീരുവ ഒഴിവാക്കൽ തുടരും.

എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം അന്താരാഷ്ട്ര തപാൽ ശൃംഖലയിലൂടെയോ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) അംഗീകരിച്ച മറ്റ് "യോഗ്യരായ കക്ഷികൾ" വഴിയോ തപാല്‍ ഉരുപ്പടികളുടെ കയറ്റുമതി നടത്തുന്നവര്‍ കയറ്റുമതി തീരുവ ശേഖരിച്ച്  അയക്കേണ്ടതുണ്ട്. 2025 ഓഗസ്റ്റ് 15-ന് സിബിപി ഇതുസംബന്ധിച്ച് ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും  "യോഗ്യരായ കക്ഷികൾ" എന്ന പദവിയെക്കുറിച്ചും നികുതി ശേഖരിക്കുന്നതിന്റെയും   പണമടയ്ക്കുന്നതിന്റെയും രീതികളെക്കുറിച്ചും നിർണായകമായ നിരവധി പ്രക്രിയകൾ വ്യക്തമായി നിർവചിച്ചിട്ടില്ല. തത്ഫലമായി നിര്‍വഹണ - സാങ്കേതിക തയ്യാറെടുപ്പുകളുടെ അഭാവം ചൂണ്ടിക്കാട്ടി അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികൾ 2025 ഓഗസ്റ്റ് 25-ന് ശേഷം തപാൽ ഉരുപ്പടികള്‍ സ്വീകരിക്കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്.  

മേല്‍പ്പറഞ്ഞ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ തപാൽ ഉരുപ്പടികളുടെയും ബുക്കിംഗ് 2025 ഓഗസ്റ്റ് 25 മുതൽ പ്രാബല്യത്തിൽ വരുംവിധം താൽക്കാലികമായി നിർത്തിവെയ്ക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചിരിക്കുന്നു. 100 യുഎസ് ഡോളർ വരെ മൂല്യമുള്ള കത്തുകളും രേഖകളും സമ്മാന ഇനങ്ങളും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഇനങ്ങള്‍ സ്വീകരിക്കുന്നതും അമേരിക്കയിലേക്ക് അയയ്ക്കുന്നതും സിബിപിയുടെയും യുഎസ്പിഎസിന്റെയും കൂടുതൽ വിശദീകരണങ്ങൾക്ക് വിധേയമായി തുടരും.

 എല്ലാ പങ്കാളികളെയും ഏകോപിപ്പിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്ന തപാല്‍വകുപ്പ് എത്രയും വേഗം സേവനങ്ങൾ സാധാരണ നിലയിലാക്കാൻ എല്ലാ ശ്രമങ്ങളും തുടരുകയാണ്.

നിലവിലെ സാഹചര്യങ്ങൾ മൂലം അമേരിക്കയിലേക്ക് അയയ്ക്കാനാവാത്ത സാധനങ്ങള്‍ ഇതിനകം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് തപാൽ തുക തിരിച്ചുലഭിക്കാന്‍ അപേക്ഷിക്കാവുന്നതാണ്. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ അഗാധമായി ഖേദം പ്രകടിപ്പിക്കുന്നതിനൊപ്പം   യുഎസ്എയിലേക്ക് സമ്പൂര്‍ണ സേവനങ്ങൾ എത്രയും പെട്ടെന്ന് പുനരാരംഭിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായി തപാൽ വകുപ്പ് ഉറപ്പുനൽകുന്നു.
 
************************

(Release ID: 2160152)