രാജ്യരക്ഷാ മന്ത്രാലയം
ന്യൂഡൽഹിയിൽ നടക്കുന്ന 2025-ലെ യുഎൻ വനിതാ സൈനികോദ്യോഗസ്ഥ പരിശീലനത്തിൽ പങ്കെടുക്കുന്ന ആഗോള വനിതാ സമാധാന സേനാംഗങ്ങളുമായി കേന്ദ്ര രക്ഷാ മന്ത്രി സംവദിച്ചു
Posted On:
22 AUG 2025 3:15PM by PIB Thiruvananthpuram
ഐക്യരാഷ്ട്രസഭയുടെ വനിതാ സൈനിക ഉദ്യോഗസ്ഥർക്കായി ന്യൂഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടക്കുന്ന രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ (യുഎൻ ഡബ്ല്യു.എം.ഒ.സി-2025) പങ്കെടുക്കുന്ന ഇന്ത്യയുൾപ്പെടെയുള്ള 15 രാജ്യങ്ങളിലെ വനിതാ ഉദ്യോഗസ്ഥരുമായി 2025 ആഗസ്റ്റ് 22-ന് കേന്ദ്ര രക്ഷാമന്ത്രി ശ്രീ. രാജ്നാഥ് സിംഗ് സംവദിച്ചു.

2025 ഓഗസ്റ്റ് 18 മുതൽ 29 വരെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ കേന്ദ്രം സംഘടിപ്പിക്കുന്ന ഈ പരിശീലനം, ബഹുമുഖ യുഎൻ ദൗത്യങ്ങളിലെ ഫലപ്രദമായ പങ്കാളിത്തത്തിനായി വനിതാ സൈനികോദ്യോഗസ്ഥരുടെ പ്രൊഫഷണൽ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യമെന്ന നിലയിൽ, സ്ത്രീകളുടെ പങ്കാളിത്തത്തിനും ഈ ദൗത്യങ്ങളിൽ അവരുടെ ഏകീകരണത്തിനും ഇന്ത്യ ശക്തമായ പിന്തുണ നൽകിയതായി സൗത്ത് ബ്ലോക്കിൽ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രക്ഷാമന്ത്രി പറഞ്ഞു.

യുഎൻ ഡബ്ല്യു.എം.ഒ.സി പോലുള്ള സംരംഭങ്ങളിലൂടെ, സങ്കീർണ്ണമായ സമാധാന പരിപാലന പരിതസ്ഥിതികൾക്കായി ഇത് വനിതാ ഉദ്യോഗസ്ഥരെ സജ്ജമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
'നമ്മുടെ സായുധ സേനകളിലും സമാധാന പരിപാലന സൈനിക വിഭാഗങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി നയങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് അവർക്ക് നയിക്കാനും സേവനമനുഷ്ഠിക്കാനും തുല്യ അവസരങ്ങൾ ഉറപ്പാക്കുകയാണ്. ലിംഗസമത്വം മുന്നോട്ട് കൊണ്ടുപോകുന്നതിനും, എല്ലാവരെയും ഉൾക്കൊള്ളുന്ന നേതൃത്വം വളർത്തുന്നതിനും, വൈവിധ്യത്തിലൂടെയും സമത്വത്തിലൂടെയും സമാധാനം നിലനിൽക്കുക മാത്രമല്ലാതെ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുമായും സൈനികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളുമായും ഞങ്ങൾ തുടർന്നും പ്രവർത്തിക്കും, ''ശ്രീ രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
അർമേനിയ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, ഈജിപ്ത്, ഐവറി കോസ്റ്റ്, കെനിയ, കിർഗിസ് റിപ്പബ്ലിക്, ലൈബീരിയ, മലേഷ്യ, മൊറോക്കോ, നേപ്പാൾ, സിയാറ ലിയോൺ, ശ്രീലങ്ക, ടാൻസാനിയ, ഉറുഗ്വേ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ളവരെയും, 12 ഇന്ത്യൻ വനിതാ ഉദ്യോഗസ്ഥകളെയും അഞ്ച് ഇന്റേണുകളെയും ഒരുമിച്ച് അണിനിരത്തിയ യുഎൻ ഡബ്ല്യു.എം.ഒ.സി-2025, അതിന്റെ പാഠ്യക്രമത്തെ പരിശീലനത്തിനും വിനിമയത്തിനുമുള്ള ഊർജ്ജസ്വലമായ ഒരു അന്താരാഷ്ട്ര വേദിയാക്കി മാറ്റി.
15 രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥ സാന്നിധ്യം ഐക്യരാഷ്ട്രസഭയുടെ സൂക്ഷ്മരൂപത്തിന്റെയും അതിന്റെ ശാശ്വത ഐക്യം, സഹകരണം എന്നിവയുടെ സ്ഥിരോത്സാഹത്തിന്റെയും പ്രതിഫലനമാണെന്ന് രക്ഷാ മന്ത്രി വിശേഷിപ്പിച്ചു.
''നിങ്ങൾ മാറ്റത്തിന്റെ ദീപവാഹകരാണ്. നിങ്ങളുടെ സമർപ്പണം സമാധാനപാലനത്തെ മാത്രമല്ല, ആഗോള സുരക്ഷയുടെ ഘടനയെയും ശക്തിപ്പെടുത്തുന്നു. നിങ്ങളുടെ സംഭാവനകളിൽ അഭിമാനിക്കുകയും നിങ്ങളുടെ യാത്രയെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ നിങ്ങളോടൊപ്പം നിൽക്കുന്നു.'' അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.
ദൗത്യങ്ങൾ കൂടുതൽ ഫലപ്രദവും, ഉൾച്ചേരുന്നതും, സുസ്ഥിരവുമാക്കുന്നതിന് വനിതാ സമാധാന പരിപാലകർ അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഈ പ്രതിബദ്ധത ഉരുത്തിരിഞ്ഞതെന്ന് സമാധാന പരിപാലന ദൗത്യങ്ങളിൽ വനിതാ ഓഫീസർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയെന്ന ഐക്യരാഷ്ട്രസഭയുടെ ദർശനത്തെക്കുറിച്ച് പരാമർശിക്കവെ ശ്രീ രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.
''സമാധാന പ്രവർത്തനങ്ങൾക്ക് വനിതാ ഉദ്യോഗസ്ഥർ വിലമതിക്കാനാവാത്ത കാഴ്ചപ്പാടുകളും സമീപനങ്ങളും ലഭ്യമാക്കുന്നു. പ്രാദേശിക സമൂഹങ്ങളുമായി, പ്രത്യേകിച്ച് സംഘർഷത്താൽ തകർന്ന സമൂഹങ്ങളെ പുനർനിർമ്മിക്കുന്നതിൽ നിർണായക ശബ്ദമാവുന്ന സ്ത്രീകളുമായും കുട്ടികളുമായും ആഴത്തിലുള്ള വിശ്വാസം വളർത്തിയെടുക്കാൻ അവർക്ക് പലപ്പോഴും കഴിയും. ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും, മനുഷ്യത്വപരമായ സഹായങ്ങളിലേക്കുള്ള പ്രാപ്യത മെച്ചപ്പെടുത്തുന്നതിലും, ലിംഗസമത്വം വർദ്ധിപ്പിക്കുന്നതിനും അവരുടെ സാന്നിധ്യം സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, സമാധാനത്തിലും സുരക്ഷയിലും സജീവ പങ്കാളികളായി പ്രാദേശിക സ്ത്രീകളെയും പെൺകുട്ടികളെയും കാണാൻ പ്രചോദിപ്പിക്കുന്ന ശക്തമായ മാതൃകകളായി വനിതാ സമാധാന സേനാംഗങ്ങൾ വർത്തിക്കുന്നു."
സമാധാനപാലനത്തിലുള്ള ഇന്ത്യയുടെ പ്രയാണം, വനിതാ ഓഫീസർമാരുടെ ശക്തിയിലും കഴിവിലുമുള്ള ഈ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎൻ സമാധാന പരിപാലനത്തിലെ ഇന്ത്യയുടെ പൈതൃകം, നൂതനാശയങ്ങൾ, ഭാവി കാഴ്ചപ്പാട് എന്നിവ ഉൾക്കൊള്ളുന്ന പ്ലാറ്റിനം ജൂബിലി പതിപ്പായ 2025 ലെ യുഎൻ ജേണൽ 'ബ്ലൂ ഹെൽമെറ്റ് ഒഡീസി: ഇന്ത്യൻ സമാധാന പരിപാലനത്തിലെ 75 വർഷങ്ങൾ' ചടങ്ങിൽ രക്ഷാമന്ത്രി അനാച്ഛാദനം ചെയ്തു. ആകാശത്തെപ്പോലെ, യുഎൻ സമാധാന സേനാംഗങ്ങളും സംരക്ഷണവും സുരക്ഷിതത്വബോധവും നൽകുന്നുവെന്നും, സമുദ്രങ്ങളെപ്പോലെ, അതിർത്തികൾക്കും സംസ്‌കാരങ്ങൾക്കും അപ്പുറത്തേക്ക് അവർ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നുവെന്നും, ഹെൽമെറ്റുകളുടെ നീല നിറത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. സംവാദവേളയിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
********************
(Release ID: 2159884)