ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

2025 സെപ്റ്റംബർ 30 വരെ പരുത്തി ഇറക്കുമതിക്ക് ഗവൺമെന്റ് കസ്റ്റംസ് തീരുവ ഒഴിവാക്കി

Posted On: 19 AUG 2025 6:04PM by PIB Thiruvananthpuram
2025 ഓഗസ്റ്റ് 19 മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ അസംസ്കൃത പരുത്തിയുടെ ഇറക്കുമതിയ്ക്കുള്ള എല്ലാ കസ്റ്റംസ് തീരുവകളും കേന്ദ്ര ഗവൺമെന്റ് ഒഴിവാക്കി. ആഭ്യന്തര പരുത്തി വില സ്ഥിരപ്പെടുത്തുന്നതിനും വസ്ത്ര വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി.
 5% അടിസ്ഥാന കസ്റ്റംസ് തീരുവ (BCD), 5% കാർഷിക അടിസ്ഥാന സൗകര്യ വികസന സെസ് (AIDC), രണ്ടിനുമായുള്ള 10% സാമൂഹിക ക്ഷേമ സർചാർജ് എന്നിവ ഉൾപ്പെടെ ആകെ 11% ഇറക്കുമതി തീരുവയാണ് ഒഴിവാക്കിയത്.
 
ഈ തീരുമാനം, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC) വിജ്ഞാപനം ചെയ്തു. ഈ നടപടി നൂൽ, തുണി, വസ്ത്രങ്ങൾ, മേഡ്-അപ്പുകൾ എന്നിവ ഉൾപ്പെടുന്ന വസ്ത്ര മൂല്യ ശൃംഖലയിലുടനീളം ഉൽപാദനചെലവ് കുറയ്ക്കുമെന്നും ഒരേസമയം നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും ആശ്വാസം നൽകുമെന്നും പ്രതീക്ഷിക്കുന്നു.
 
ആഭ്യന്തര വിലവർധനയും വിതരണ ശൃംഖലകളിലെ പ്രതിസന്ധികളും കാരണം പരുത്തിയുടെ ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന ഗവൺമെന്റിനോടുള്ള തുണി വ്യവസായ മേഖലയുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ഈ തീരുമാനം. ഈ തീരുവകൾ താൽക്കാലികമായി ഒഴിവാക്കുന്നതിലൂടെ, ഗവൺമെന്റ് ലക്ഷ്യമിടുന്നത്ഇവയാണ്:
 
  • ആഭ്യന്തര വിപണിയിൽ അസംസ്കൃത പരുത്തിയുടെ ലഭ്യത വർദ്ധിപ്പിക്കുക,
  • പരുത്തി വില സ്ഥിരപ്പെടുത്തുക, അതുവഴി തയ്യാറായ വസ്ത്ര ഇനങ്ങളുടെ മേലുള്ള വിലക്കയറ്റം കുറയ്ക്കുക
  • ഉൽപ്പാദനച്ചെലവ് കുറച്ചുകൊണ്ട് ഇന്ത്യൻ തുണിത്തരങ്ങളുടെ കയറ്റുമതി മത്സരക്ഷമതയെ പിന്തുണയ്ക്കുക.
  • തുണിത്തര മേഖലയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കൂടുതലായി വിധേയമാകുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ സംരക്ഷിക്കുക.
ഈ നടപടി ആഭ്യന്തര പരുത്തി വിലയിൽ ഗുണകരമായ സ്വാധീനം ചെലുത്തുമെന്നും രാജ്യത്തെ തൊഴിലവസരങ്ങളിലും കയറ്റുമതിയിലും ഗണ്യമായ സംഭാവന നൽകുന്ന തുണിത്തര- വസ്ത്ര മേഖലയുടെ സമഗ്ര വികസനത്തെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. 2025 ഓഗസ്റ്റ് 19 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ, ഈ വ്യവസായ മേഖലയുടെ ദീർഘകാല ആവശ്യം പരിഗണിച്ചുകൊണ്ട്, എല്ലാത്തരം പരുത്തി ഇനങ്ങളെയും 11% ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കിയ ഗവണ്മെന്റ് നടപടിയെ വിവിധ ടെക്സ്റ്റൈൽ സംഘടനകൾ സ്വാഗതം ചെയ്തു. 
 
***************************

(Release ID: 2158197) Visitor Counter : 3